'വേടന്റെ വെളുത്തദൈവങ്ങള്‍ക്കെതിരേയുള്ള കലാവിപ്ലവം തുടരട്ടെ'; പിന്തുണയുമായി ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

തിരുവനന്തപുരം: അറസ്റ്റിലായ റാപ്പ് ഗായകന്‍ വേടന് പിന്തുണയുമായി മലങ്കര യാക്കോബായ സുറിയാനി സഭ നിരണം ഭദ്രാസനം മുന്‍ മെത്രാപ്പൊലീത്ത ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
''മനുഷ്യര്‍ക്ക് മാത്രമല്ല, മൃഗങ്ങള്‍ക്കും അവയുടെ ശരീരഭാഗങ്ങള്‍ക്ക് പോലും ജാതിയുള്ള നാട്!, വേടന്റെ 'കറുപ്പിന്റെ' രാഷ്ട്രീയത്തോടൊപ്പവും ലഹരിക്കെതിരേയും എന്റെ നിലപാട്. വേടന്റെ 'വെളുത്ത ദൈവങ്ങള്‍ക്കെതിരേയുള്ള' കലാവിപ്ലവം തുടരട്ടെ'', ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
അതിനിടെ, പുലിപ്പല്ല് കൈവശംവെച്ച കേസില്‍ റാപ്പ് ഗായകന്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി(30)യെ വനംവകുപ്പിന്റെ കസ്റ്റഡിയില്‍വിട്ടു. കേസില്‍ തെളിവെടുപ്പ് നടത്താനും കൂടുതല്‍ പരിശോധന നടത്താനുമാണ് വനംവകുപ്പ് വേടന്റെ കസ്റ്റഡി ആവശ്യപ്പെട്ടത്. തുടര്‍ന്ന് രണ്ടുദിവസത്തെ കസ്റ്റഡി കോടതി അനുവദിക്കുകയായിരുന്നു.
വേടനുമായി തൃപ്പൂണിത്തുറയിലെ ഫ്ളാറ്റിലും തൃശ്ശൂരിലെ വീട്ടിലും വനംവകുപ്പ് തെളിവെടുപ്പ് നടത്തും. ഇവിടങ്ങളില്‍ കൂടുതല്‍ പരിശോധനയും നടത്തും. പുലിപ്പല്ല് ലോക്കറ്റില്‍ മോഡിഫിക്കേഷന്‍ ചെയ്ത തൃശ്ശൂര്‍ വിയ്യൂരിലെ ജൂവലറിയില്‍ എത്തിച്ചും വേടനുമായി അന്വേഷണസംഘം തെളിവെടുക്കും. അതിനിടെ, വനംവകുപ്പ് കേസില്‍ വേടന്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. മെയ് രണ്ടിന് കോടതി ജാമ്യാപേക്ഷ പരിഗണിക്കും.
കഴിഞ്ഞദിവസം തൃപ്പൂണിത്തുറയിലെ ഫ്ളാറ്റില്‍ കഞ്ചാവ് ഉപയോഗിക്കുന്നതിനിടെയാണ് വേടനെയും ഒപ്പമുണ്ടായിരുന്ന എട്ടുപേരെയും പോലീസ് പിടികൂടിയത്. ഫ്ളാറ്റില്‍നിന്ന് ആറുഗ്രാം കഞ്ചാവും പിടിച്ചെടുത്തിരുന്നു. ഇതിനിടെയാണ് വേടന്‍ ധരിച്ചിരുന്ന മാലയിലെ പുലിപ്പല്ല് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വനംവകുപ്പിനെ വിവരമറിയിച്ചു. പരിശോധനയില്‍ ഇത് പുലിപ്പല്ലാണെന്ന് സ്ഥിരീകരിച്ചതോടെയാണ് വേടനെതിരേ മൃഗവേട്ട ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി വനംവകുപ്പ് കേസെടുത്തത്. ഇതോടെ കഞ്ചാവ് കേസില്‍ ജാമ്യം ലഭിച്ചെങ്കിലും വേടന്‍ വനംവകുപ്പിന്റെ കസ്റ്റഡിയിലായി. തുടര്‍ന്ന് വേടന്റെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയില്‍ ഹാജരാക്കുകയായിരുന്നു. തമിഴ്നാട്ടിലെ ആരാധകരാണ് പുലിപ്പല്ല് സമ്മാനിച്ചതെന്നാണ് വേടന്റെ മൊഴി. ഈ ആരാധകരില്‍ രഞ്ജിത് എന്നയാളെ മാത്രമാണ് തനിക്ക് പരിചയമുള്ളതെന്നും വേടന്‍ പറഞ്ഞിരുന്നു.
Content Highlights: geevarghese coorilos facbook post supports rapper vedan