'സത്യം എപ്പോഴും മറഞ്ഞിരിക്കും, എനിക്ക് ആരോടും ഒരു വിരോധവുമില്ല'; പ്രതികരണവുമായി ഗണേഷ് കുമാര്‍

കുറിപ്പിനൊപ്പം ഗണേഷ് കുമാര്‍ പങ്കുവെച്ച ചിത്രം | Photo: Facebook/ KB Ganesh Kumar
കുറിപ്പിനൊപ്പം ഗണേഷ് കുമാര്‍ പങ്കുവെച്ച ചിത്രം | Photo: Facebook/ KB Ganesh Kumar

തിരുവനന്തപുരം: സഹോദരിയുമായുള്ള സ്വത്തുതര്‍ക്കക്കേസില്‍ ആശ്വാസകരമായ ഫൊറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. സത്യം തെളിയുന്നതില്‍ ഒത്തിരി സന്തോഷമുണ്ടെന്ന് ഗണേഷ് കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തനിക്ക് ആരോടും ഒരു വിരോധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

സത്യം എപ്പോഴും മറഞ്ഞിരിക്കും. അത് കുറച്ചുദിവസം കഴിഞ്ഞേ പുറത്തുവരൂ. കള്ളം പറയുന്നതായിരിക്കും ആദ്യം ഉയര്‍ന്നു കേള്‍ക്കുന്നത്. ഒരുപാട് കള്ളങ്ങള്‍ പറഞ്ഞാലും ഒടുവില്‍ സത്യം തെളിയുകതന്നെ ചെയ്യും. എന്നെക്കുറിച്ച് വന്ന ആരോപണങ്ങള്‍ എല്ലാം തെറ്റായിരുന്നു എന്ന് കാലം തെളിയിച്ചതില്‍ വളരെ സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിതാവ് ആര്‍. ബാലകൃഷ്ണപിള്ള തയ്യാറാക്കിയ വില്‍പത്രത്തിലെ ഒപ്പുകള്‍ വ്യാജമാമെന്നാരോപിച്ച് ഗണേഷ് കുമാറിന്റെ സഹോദരി ഉഷ മോഹന്‍ദാസ് കോടതിയെ സമീപിച്ചിരുന്നു. കൊട്ടാരക്കര മുന്‍സിഫ് കോടതി വില്‍പത്രത്തിലെ ഒപ്പുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചു. കഴിഞ്ഞദിവസം കൈമാറിയ റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വില്‍പത്രത്തിലെ ഒപ്പുകളെല്ലാം ബാലകൃഷ്ണപിള്ളയുടേതാണ് എന്നാണ് കണ്ടെത്തല്‍.

Content Highlights: KB Ganesh Kumar responds to a favorable forensic report in a property dispute with his sister