പോളിന്റെ മൃതദേഹം വീട്ടിലെത്തിച്ചു; സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചു

പുല്‍പ്പള്ളി: വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട കുറുവാ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരന് വെള്ളച്ചാലില്‍ പോളിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. മൃതദേഹവുമായുള്ള നാട്ടുകാരുടെ വലിയ പ്രതിഷേധം നേരത്തേ നടന്നിരുന്നു. ഇതിന് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. വൈദികരുടെ പ്രാര്‍ഥനയോടെ സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചു.
പോളിന്റെ വീട്ടിലെത്തി സര്‍ക്കാര്‍ തീരുമാനം എ.ഡി.എം. കുടുംബത്തെ വായിച്ചു കേള്‍പ്പിച്ചുവെങ്കിലും നാട്ടുകാര്‍ പ്രതിഷേധം തുടര്‍ന്നു. മൃതദേഹം ഇറക്കാന്‍ കഴിയാതിരുന്നതോടെ പോളിന്റെ ഭാര്യയുടെ പിതാവ് മൈക്കിലൂടെ മൃതദേഹം ഇറക്കാനുള്ള സാഹചര്യമൊരുക്കണമെന്നും തങ്ങള്‍ക്ക് ഇനിയും കാത്തിരിക്കാന്‍ കഴിയില്ലെന്നും അഭ്യര്‍ത്ഥിച്ചു. ഇതോടെ പോലീസ് ഇടപെട്ടു. കുടുംബത്തിന് പ്രശ്നമില്ലെങ്കില്‍ മറ്റാര്‍ക്കാണ് പ്രശ്നം എന്ന് ചോദിച്ച പോലീസ് പ്രതിഷേധക്കാരെ വീട്ടുമുറ്റത്തുനിന്ന് ബലം പ്രയോഗിച്ച് നീക്കി. ഇതിന് ശേഷമാണ് മൃതദേഹം ഇറക്കിയതും സംസ്കാര ചടങ്ങുകളുടെ ഭാഗമായി പ്രാര്‍ത്ഥന ആരംഭിച്ചതും. നിലവില്‍ പോളിന്റെ വീട്ടില്‍ പ്രതിഷേധങ്ങളൊന്നും നടക്കുന്നില്ല.
അതേസമയം ജനങ്ങളുടെ പ്രതിഷേധം അക്രമത്തിലേക്ക് നീങ്ങിയ സാഹചര്യത്തില്‍ പുല്‍പ്പള്ളിയില്‍ രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
Content Highlights: Funeral rites of Paul who killed by wild elephant begins. Curfew declared in Pulpally.