വോട്ടർപ്പട്ടിക പരിശോധനയിൽ പിടിവീണു, ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കുമളി: വർഷങ്ങളായി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പോലീസിന്റെ പിടിയിൽ. തട്ടിപ്പ് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയായ തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി സലാവുദ്ദീ(62)നെയാണ് കുമളി പോലീസ് അറസ്റ്റുചെയ്തത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ വോട്ടർപ്പട്ടിക പരിശോധനയിലാണ്, പ്രതി തിരുവനന്തപുരത്തുണ്ടെന്ന് അറിയാൻ കഴിഞ്ഞത്.

10 വർഷം മുൻപാണ് കേസിനാസ്പദമായ സംഭവം. കുമളിയിലെ റോസാപ്പൂക്കണ്ടത്തിൽ ഒരു ഹോംസ്റ്റേ വാടകയ്ക്കെടുത്ത സലാവുദ്ദീൻ, ഇത് പിന്നീട് മറ്റൊരാൾക്ക് ഒറ്റിക്ക് മറിച്ചുനൽകുകയായിരുന്നു. പിന്നീട്, ഹോംസ്റ്റേയുടെ ഉടമയും ഒറ്റിക്ക് എടുത്തയാളും കുമളി പോലീസിൽ പരാതി നൽകി. ഈ പ്രദേശത്തെ നിരവധിപേരോടും സമാനമായ രീതിയിൽ ലക്ഷക്കണക്കിന് രൂപ ഇയാൾ വാങ്ങി. പിന്നീടാണ് ഒളിവിൽ പോയത്. കുമളി പോലീസ്‌സ്റ്റേഷനിൽമാത്രം 10 കേസിലെ പ്രതിയാണ് സലാവുദ്ദീൻ.

പോലീസ് ഇൻസ്പെക്ടർ അഭിലാഷ്‌കുമാറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ ഷിനോമോൻ, സി.പി. രതീഷ് എന്നിവരാണ് തിരുവനന്തപുരത്തെത്തി പ്രതിയെ പിടികൂടിയത്. തട്ടിപ്പിൽ പണം നഷ്ടപ്പെട്ട നിരവധിപേർ പരാതിയുമായി കുമളി പോലീസ്‌സ്റ്റേഷനിൽ എത്തുന്നുണ്ട്. പ്രതിയെ പീരുമേട് കോടതി റിമാൻഡ് ചെയ്തു.

Content Highlights: After a decade on the run, a fugitive involved in multiple fraud cases has been apprehended by Kumily Police.