വിദേശ കലാകാരിയുടെ ചിത്രങ്ങള്‍ നശിപ്പിച്ച സംഭവം; കുറ്റാരോപിതന്‍ ഇടതുപക്ഷക്കാരന്‍, സംസ്ഥാന സര്‍ക്കാരിന് തലവേദന

എറണാകുളം ദർബാർഹാൾ ആർട്ട് ഗാലറിയിൽ പ്രദർശനത്തിനിടയിൽ അശ്ലീലം ആരോപിച്ച് നശിപ്പിക്കപ്പെട്ട തന്റെ കലാസൃഷ്ടികൾക്കരികിൽനിന്ന് കണ്ണുതുടയ്ക്കുന്ന വിദേശ കലാകാരി ഹനാൻ ബനാമർ | ഫോട്ടോ: ടി.കെ. പ്രദീപ് കുമാർ
എറണാകുളം ദർബാർഹാൾ ആർട്ട് ഗാലറിയിൽ പ്രദർശനത്തിനിടയിൽ അശ്ലീലം ആരോപിച്ച് നശിപ്പിക്കപ്പെട്ട തന്റെ കലാസൃഷ്ടികൾക്കരികിൽനിന്ന് കണ്ണുതുടയ്ക്കുന്ന വിദേശ കലാകാരി ഹനാൻ ബനാമർ | ഫോട്ടോ: ടി.കെ. പ്രദീപ് കുമാർ

കൊച്ചി: അശ്ലീലമെന്ന് ആരോപിച്ച് വിദേശ കലാകാരി ഹനാന്‍ ബനാമറിന്റെ ചിത്രങ്ങള്‍ നശിപ്പിച്ച സംഭവത്തില്‍ ഹോച്ചിമിന്‍, സുധാംശു എന്നിവരുടെ പേരില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു. അതിക്രമിച്ചുകയറി നാശനഷ്ടമുണ്ടാക്കിയതിനാണ് കേസെടുത്തത്. നോര്‍വേ എംബസിയും ഫ്രഞ്ച് ഏജന്‍സിയുമായി സഹകരിച്ച് കേരള ലളിതകലാ അക്കാദമി നടത്തുന്ന സംരംഭത്തില്‍ നടന്ന അക്രമം കേരളത്തിന് നാണക്കേടായി. സംഭവം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായി.

ഇടതുപക്ഷത്തിനൊപ്പംനില്‍ക്കുന്ന കലാകാരന്മാരാണ് ചേരിതിരിഞ്ഞ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഏറ്റുമുട്ടുന്നത്. മുന്‍പേതന്നെ പ്രദര്‍ശനത്തിനെതിരേ രംഗത്തുള്ള അക്കാദമി മുന്‍ ചെയര്‍മാന്‍ ടി.എ. സത്യപാല്‍ വ്യാഴാഴ്ച പുതുതായി സാമ്പത്തികാരോപണവും ഉന്നയിച്ചിട്ടുണ്ട്. ഇടതുപക്ഷത്തെ കലാകാരന്മാരുടെ കൂട്ടായ്മയായ 'കലാകാറി'ന്റെ നേതാവുകൂടിയായ ശില്‍പി ഹോച്ചിമിനാണ് ചിത്രങ്ങള്‍ നശിപ്പിച്ച സംഭവത്തില്‍ കുറ്റാരോപിതന്‍. ഇതെല്ലാം സംസ്ഥാന സര്‍ക്കാരിന് തലവേദനയായിട്ടുണ്ട്.

വിഷയത്തിന് അന്താരാഷ്ട്ര മാനമുള്ളതിനാല്‍ ഗൗരവപൂര്‍വം ബുധനാഴ്ച രാത്രിതന്നെ സംസ്ഥാന സര്‍ക്കാര്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. സാംസ്‌കാരിക വകുപ്പുമായി ചര്‍ച്ചചെയ്ത ശേഷമാണ് ലളിതകലാ അക്കാദമി ചെയര്‍പേഴ്‌സണ്‍ മുരളി ചീരോത്ത് ഹനാന് ഒപ്പം വ്യാഴാഴ്ച രാവിലെ മാധ്യമങ്ങളെ കണ്ടത്. സംഭവം വല്ലാതെ ദുഃഖിപ്പിച്ചുവെന്ന് ഹനാന്‍ പറഞ്ഞു. ഒരു കലാകാരന്‍ കലാസൃഷ്ടിയോട് ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. എല്ലാത്തരം വിവേചനങ്ങള്‍ക്കും എതിരേ കലാപ്രവര്‍ത്തനം നടത്തുന്നയാളാണ് താനെന്നും ഹനാന്‍ പറഞ്ഞു. തുടര്‍ന്ന് മുരളി ചീരോത്ത് ഹനാനൊപ്പം സിറ്റി പോലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യയെ കണ്ട് പരാതി നല്‍കി.

ചുമരില്‍നിന്ന് പറിച്ച് നിലത്തിട്ട കലാസൃഷ്ടികള്‍ അങ്ങനെതന്നെ കിടക്കട്ടേയെന്നാണ് അക്കാദമി തീരുമാനിച്ചിരിക്കുന്നത്. അത് അസഹിഷ്ണുതയുടെ ഒരു ദൃശ്യമായി നില്‍ക്കട്ടേയെന്ന് മുരളി ചീരോത്ത് പറഞ്ഞു. കലാകാരന്റെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനു വേണ്ടി ഉറച്ചുനില്‍ക്കും. അക്കാദമി ഗാലറികളിലെ കലാസൃഷ്ടികള്‍ക്കുനേരേയുള്ള കൈയേറ്റം അനുവദിക്കാനാവില്ല. പ്രദര്‍ശനത്തിലെ എല്ലാ കാര്യങ്ങളും സുതാര്യമാണ് - മുരളി പറഞ്ഞു.

മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത ഏഴ് ലിനോ കട്ട് ഗ്രാഫിക് പ്രിന്റുകളാണ് നശിപ്പിച്ചത്. ഹോച്ചിമിന്റെ ഒപ്പമുണ്ടായിരുന്ന സുധാംശു ഇത് വീഡിയോയിലാക്കി. ഹോച്ചിമിനെ പിന്തുണയ്ക്കുന്ന കലാവിമര്‍ശകന്‍ ജോണി എം.എല്ലിന്റെ ഇന്‍സ്റ്റഗ്രാമിലാണ് ഇത് വന്നത്.

ഹനാന്‍ ബനാമറിന്റെ 'ഗോ ഈറ്റ് യുവര്‍ ഡാഡ്' എന്നു പേരിട്ട സൃഷ്ടികള്‍ക്കു മുന്നിലായി ലൈംഗികമായ ഉള്ളടക്കമുണ്ട് എന്നും ഉത്തരവാദിത്വം കലാകാരനാണെന്നും അക്കാദമിയുടെ മുന്നറിയിപ്പുമുണ്ടായിരുന്നു. അപരവത്കരിക്കപ്പെട്ട ഭൂവിതാനങ്ങള്‍ എന്നു പേരിട്ട പ്രദര്‍ശനത്തിന്റെ ക്യൂറേറ്റര്‍മാര്‍ അനുഷ്‌ക രാജേന്ദ്രനും ഭാമിയാന്‍ ക്രിസ്റ്റംഗറുമാണ്. മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ ഏഴു പേരുടെ സൃഷ്ടികളാണ് അടുത്ത മാസം 15 വരെയുള്ള പ്രദര്‍ശനത്തിലുള്ളത്.

അത് കലയല്ല ആഭാസം - ഹോചിമിന്‍

ലളിതകലാ അക്കാദമിയില്‍ വെച്ചിരുന്നത് ചിത്രങ്ങളല്ലെന്നും ആഭാസമാണെന്നും ഹോച്ചിമിന്‍. താന്‍ ഗാലറിയില്‍ ചെയ്തത് ശരിയാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. കലാസൃഷ്ടികള്‍ നശിപ്പിച്ചുവെന്ന ആരോ പണം ശരിയല്ല. ചുമരില്‍ നിന്ന് വലിച്ച് താഴെയിട്ടതേയുള്ളൂ. കലയുടെ പേരില്‍ അശ്ലീലം പ്രദര്‍ശിപ്പിക്കുമ്പോള്‍ എതിര്‍ക്കണം. മറ്റാരെങ്കിലും അതു ചെയ്യുന്നതിനുള്ള സാധ്യതയുണ്ടായിരുന്നു. അത്തരം നീക്കങ്ങള്‍ക്ക് വഴിയടച്ചാണ് താനത് ചെയ്തതെന്നും ഹോച്ചിമിന്‍ പറയുന്നു.

Content Highlights: Vandalism of foreign artist Hanan Banamar`s artwork at an academy event has sparked controversy and international media attention. Two individuals booked, causing embarrassment to the Kerala government.