ഭരണസമിതിയിൽ തമ്മിൽത്തല്ലെന്ന് ആരോപണം; ഹെൽമെറ്റ് ധരിച്ചെത്തി പ്രതിപക്ഷ പ്രതിഷേധം

തിരൂരങ്ങാടി: ഭരണസമിതിയിൽ തമ്മിൽത്തല്ല് നടക്കുകയാണെന്ന് ആരോപിച്ച് തിരൂരങ്ങാടി നഗരസഭാ കൗൺസിൽ യോഗത്തിലേക്ക് ഹെൽമെറ്റ് ധരിച്ചെത്തി പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ശനിയാഴ്ച ഉച്ചയ്ക്ക് നടന്ന കൗൺസിൽ യോഗത്തിലേക്കാണ് പ്രതിപക്ഷ അംഗങ്ങളായ സി.എം. അലി, ഉഷ തയ്യിൽ, നദീറ കുന്നത്തേരി എന്നിവർ പ്രതിഷേധസൂചകമായി ഹെൽമെറ്റ് ധരിച്ചെത്തിയത്.
ഭരണകക്ഷിയിലുള്ളവർ തമ്മിലുണ്ടാകുന്ന സംഘർഷത്തിനിടെ പരിക്കേൽക്കാതിരിക്കാനാണ് സ്വയംരക്ഷ തേടിയതെന്നായിരുന്നു വിശദീകരണം. കഴിഞ്ഞ കൗൺസിൽ യോഗത്തിൽ നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ സി.പി. ഇസ്മായിലും ഭരണപക്ഷത്തുള്ള കോൺഗ്രസിലെ അലിമോൻ തടത്തിലും തമ്മിൽ വാക്കേറ്റവും ബഹളവും ഉണ്ടായിരുന്നു.
വെഞ്ചാലിയിലെ കേന്ദ്രത്തിൽ മാലിന്യം കെട്ടിക്കിടക്കുന്നതും ആരോഗ്യഭീഷണിയുള്ളതും സംബന്ധിച്ച് ചോദ്യമുയർത്തിയ അലിമോൻ തടത്തിലുമായി ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കൗൺസിൽ യോഗത്തിൽ തർക്കമുണ്ടാകുകയായിരുന്നു.
മറ്റു അംഗങ്ങൾ ഇടപെട്ടാണ് രംഗം ശാന്തമാക്കിയിരുന്നത്. ഭരണപരാജയത്തിൽ മുങ്ങിയ തിരൂരങ്ങാടി നഗരസഭാ ഭരണസമിതി തമ്മിൽത്തല്ലുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഹെൽമെറ്റ് ധരിച്ചെത്തിയ പ്രതിപക്ഷ അംഗങ്ങൾ കുറ്റപ്പെടുത്തി.
Content Highlights: Discord in the governing body; The opposition came wearing helmets for self-defense