സുംബാ ഡാൻസിന് എതിരെ ഫെയ്സ്ബുക്ക് പോസ്റ്റ്; അധ്യാപകന് എതിരെ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

മലപ്പുറം: സുംബാ ഡാൻസിന് എതിരായി പോസ്റ്റിടുകയും എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്ത അധ്യാപകന് എതിരെ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. എടത്തനാട്ടുകര പികെഎം യുപി സ്കൂൾ അധ്യാപകൻ ടി.കെ അഷ്റഫിനെതിരെയാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ നടപടി. അധ്യാപകനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്ന് കാണിച്ച് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ സ്‌കൂള്‍ മാനേജര്‍ക്ക് നോട്ടീസ് നല്‍കി. 24 മണിക്കൂറിനകം നടപടിയെടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഉത്തരവ്.
സര്‍ക്കാരിനെയും പൊതുവിദ്യാഭ്യാസ വകുപ്പിനെയും അപകീര്‍ത്തിപ്പെടുത്തും വിധം ടി.കെ അഷ്‌റഫ് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടുവെന്നാണ് മാനേജര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നല്‍കിയ കത്തിലുള്ള പരാമര്‍ശം.
ലഹരിക്കെതിരെ നിര്‍ബന്ധമായി സ്‌കൂളില്‍ സുംബാ ഡാന്‍സ് കളിപ്പിക്കണമെന്ന നിര്‍ദേശം നടപ്പാക്കുന്നതില്‍ നിന്ന് ഒരധ്യാപകന്‍ എന്ന നിലയ്ക്ക് താന്‍ വിട്ടുനില്‍ക്കുന്നുവെന്നും തന്റെ മകനും ഈ പരിപാടിയില്‍ പങ്കെടുക്കില്ലെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ടി.കെ അഷ്‌റഫ് കുറിച്ചു. ഈ വിഷയത്തില്‍ വകുപ്പ് എടുക്കുന്ന ഏത് നടപടിയും നേരിടാന്‍ താന്‍ തയ്യാറാണെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ടി.കെ അഷ്‌റഫ് കൂട്ടിച്ചേര്‍ത്തു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയാണ് അഷ്‌റഫ്.
അതേസമയം ടി.കെ അഷ്റഫിനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചതിൽ പ്രതിഷേധവുമായി വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ രംഗത്തെത്തി. പ്രതികരണ ബോധമുള്ള അധ്യാപക വിഭാഗത്തെ നിശബ്ദമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് നടപടിയെന്നാണ് ഉയരുന്ന ആരോപണം. ഇത് വരും തലമുറയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണെന്നും വിജയം കെെവരിക്കും വരെ പോരാട്ടം തുടരുമെന്നും വിസ്ഡം സംസ്ഥാന കമ്മിറ്റി പ്രതികരിച്ചു.
Content Highlights: fb post against zumba dance action to take against teacher