ക്യാൻസർ ആണ്, ഇപ്പോൾ വീടും പോയി; ചികിത്സക്കുപോലും പണം തികയാത്തപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ സുബൈർ

സുബൈർ  | ഫോട്ടോ: ജെയ്വിൻ ടി സേവ്യർ
സുബൈർ | ഫോട്ടോ: ജെയ്വിൻ ടി സേവ്യർ

‘രാത്രി വലിയ മഴയൊക്കെ വരുമ്പോൾ എഴുന്നേറ്റ് കതക് തുറന്നിട്ടിരിക്കും. എന്തെങ്കിലും ശബ്ദം കേട്ടാൽ ഇറങ്ങി ഓടാമല്ലോ എന്നോർത്താണ് ഇരിക്കാറുള്ളത്’, ഈരാറ്റുപേട്ട കാരക്കാട് സ്വദേശിയായ സുബൈർ തന്റെ ഇപ്പോഴത്തെ അവസ്ഥ പറയുമ്പോൾ കണ്ണുകൾ നനയുകയും ശബ്ദം ഇടറുകയും ചെയ്യുന്നുണ്ടായിരുന്നു.

രണ്ട് മുറി വീട്ടിൽനിന്ന് വർഷങ്ങളുടെ പ്രയത്നംകൊണ്ടാണ് സുബൈർ നല്ലൊരു വീട് പടുത്തുയർത്തത്. എന്നാൽ, ഇക്കഴിഞ്ഞ വെള്ളിയാഴ്ച പെയ്ത കനത്ത മഴക്ക് പിന്നാലെ സുബൈറിന്റെ വീട് ഇടിഞ്ഞ് താഴുകയാണ്. വീട് പണിയാനെടുത്ത കടം പോലും ഇതുവരെ വീട്ടാൻ കഴിയാത്ത സാഹചര്യത്തിൽ ക്യാൻസർ രോഗിയായ സുബൈറും കുടുംബവും പേടിയോടെ ഓരോ ദിനവും തള്ളിനീക്കുകയാണ്.

കൽക്കെട്ട് ഇടിഞ്ഞതാകും എന്നാണ് കരുതിയത്

വെള്ളിയാഴ്ച രാത്രി പന്ത്രണ്ട് മണിയായപ്പോൾ ആദ്യം വലിയൊരു ശബ്ദം കേട്ടു. എഴുന്നേറ്റ് നോക്കുമ്പോഴാണ് മുന്നിലെ കൽക്കെട്ട് ഇടിഞ്ഞുവീണു കിടക്കുന്നത് കണ്ടത്. അതുകഴിഞ്ഞ് പോയി ഉറങ്ങാൻ കിടന്നു. പക്ഷേ, രാത്രി രണ്ടുമണി ആയപ്പോൾ വീണ്ടുമൊരു ശബ്ദം കേട്ടു. ആദ്യം ഓർത്തത് ആദ്യം ഇടിഞ്ഞ കൽക്കെട്ടിന്റെ ബാക്കികൂടി ഇടിഞ്ഞതാകുമെന്നാണ്. പക്ഷേ, പോയി നോക്കിയപ്പോഴാണ് വീടിന്റെ മുൻവശം മുഴുവൻ ഇടിഞ്ഞ് താഴേക്ക് കിടക്കുന്നത് കണ്ടത്.

രണ്ട് വർഷമേ ആയിട്ടുള്ളൂ പണി ഇത്രയും ആക്കിയിട്ട്. ആകെ ഒരു മുറിയും സിറ്റൗട്ടും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ ഉള്ളതെല്ലാം കൂടി കൂട്ടിപ്പിടിച്ചാണ് രണ്ട് മുറി കൂടി എടുത്തത്. അഞ്ച് ലക്ഷം രൂപയോളം കടമെടുത്താണ് പണി പൂർത്തിയാക്കിയത്. ഇപ്പോഴും ആ കടം വീട്ടാൻ സാധിച്ചിട്ടില്ല. ആ കടം ഇങ്ങനെ നിൽക്കുമ്പോഴാണ് ഇപ്പോൾ വീട് ഈ അവസ്ഥയിലായിരിക്കുന്നത്.

ഇപ്പോൾ കീമോതെറാപ്പി ചെയ്തുകൊണ്ടിരിക്കുകയാണ്. മെഡിക്കൽ കോളേജിലാണ് ചികിത്സയെങ്കിലും മരുന്ന് വാങ്ങുന്നതിന് പോലുമുള്ള പണം തികയാത്ത അവസ്ഥയാണ്. മകൻ ജോലിചെയ്തു കൊണ്ടുവരുന്ന പണമൊക്കെ ചികിത്സക്ക് പോലും തികയാത്ത സാഹചര്യമുണ്ട്.

വലിയ മഴപെയ്താൽ എഴുന്നേറ്റിരിക്കും, ഇറങ്ങി ഓടാമല്ലോ..

ഞങ്ങൾ മൂന്ന് പേരാണ്, ഭാര്യയും മകനും ഞാനും. ചിലപ്പോൾ രാത്രി കിടക്കാൻ അടുത്തുള്ള സഹോദരന്റെ വീട്ടിലേക്ക് പോകും. ഇല്ലെങ്കിൽ ഇവിടെത്തന്നെ കിടക്കും. രാത്രി പേടിയാണ്. വലിയ മഴയൊക്കെ വരുമ്പോൾ മൂന്ന് പേരുംകൂടി എഴുന്നേറ്റിരിക്കും. എന്തെങ്കിലും ശബ്ദം കേട്ടാൽ ഇറങ്ങി ഓടാമല്ലോ എന്ന് ആലോചിച്ചാണ് ഇരിക്കാറുള്ളത്. അല്ലാതെ ഇപ്പോൾ മറ്റൊന്നും ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. കടവും ചികിത്സയും ഉള്ളപ്പോൾ, അതിനൊപ്പം വാടക കൊടുത്ത് മറ്റൊരു വീട്ടിലേക്ക് പോകാൻ സാധിക്കില്ല. ഇനി വീട് ശരിയാക്കുകയോ പുതുക്കി പണിയുകയോ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കാൻ പോലും കഴിയാത്ത സാഹചര്യമാണ്, സുബൈർ പറയുന്നു.

Content Highlights: Zubair, a cancer patient from Erattupetta, and his family are facing extreme hardship after their newly built home collapsed following heavy rains, leaving them with unpaid construction debts and ongoing medical struggles.