2014നു മുൻപ് വിരമിച്ചവരുടെ ഉയർന്ന പെൻഷൻ EPFO റദ്ദാക്കുന്നു; തുക തിരിച്ചടയ്ക്കാൻ നോട്ടീസ്

തിരുവനന്തപുരം: 2014-നു മുൻപ് വിരമിച്ച് കോടതിവിധികളുടെ അടിസ്ഥാനത്തിൽ ഉയർന്ന പെൻഷൻ വാങ്ങിക്കൊണ്ടിരുന്നവരുടെ അധിക പെൻഷൻ റദ്ദാക്കുന്നു. ഇവർ കൈപ്പറ്റിയ അധിക തുക തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ നോട്ടീസ് അയച്ചുതുടങ്ങി.
വിരമിക്കുന്നതിനു മുൻപ് ജോയിൻറ് ഓപ്ഷൻ നൽകിയില്ല എന്ന കാരണത്താലാണ് ഉയർന്ന പെൻഷൻ റദ്ദാക്കിത്തുടങ്ങിയത്. ഇതുവരെ കൈപ്പറ്റിയ ഉയർന്ന പെൻഷൻ തുക ഉടൻ ഒന്നിച്ച് തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയക്കുന്നത്. ജീവിതത്തിന്റെ സായാഹ്നത്തിലെത്തിയ പലരും മരുന്നിനുപോലും പണം കാണാതെ വിഷമിക്കുമ്പോഴാണ് ലക്ഷങ്ങൾ ഒന്നിച്ച് തിരിച്ചടയ്‌ക്കണമെന്ന നോട്ടീസ് ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നോട്ടീസ് ലഭിച്ച ഒരു മുതിർന്ന പത്രപ്രവർത്തകനോട് 2,90,336 രൂപയുടെ ഡ്രാഫ്റ്റ് എടുത്ത് തിരുവനന്തപുരം റീജണൽ പി.എഫ്. കമ്മിഷണർ ഓഫീസിൽ എത്തിക്കാനാണ് നിർദേശിച്ചിട്ടുള്ളത്.
2011ലാണ് ഇദ്ദേഹം റിട്ടയർ ചെയ്തത്. കോടതിവഴിയാണ് യഥാർഥ വേതനത്തിനനുസൃതമായ ഉയർന്ന പെൻഷൻ നേടിയെടുത്തത്. അങ്ങനെ വാങ്ങിയ 15 വർഷത്തെ പെൻഷൻ തുക ഒന്നിച്ച് തിരിച്ചടയ്‌ക്കാനാണ് നിർദേശം. എന്നാൽ, 2022 നവംബറിൽ ഇതുസംബന്ധിച്ചുള്ള കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിലെ മാനദണ്ഡങ്ങൾപ്രകാരം 2014-ന് മുൻപ് വിരമിച്ചവർക്ക് ഉയർന്ന പെൻഷന് അർഹതയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പി.എഫ്. ഓർഗനൈസേഷൻ നോട്ടീസ് അയച്ചിട്ടുള്ളത്.
സുപ്രീംകോടതിയുടെയും വിവിധ ഹൈക്കോടതികളുടെയും വിധികളുടെ അന്തസത്തയ്ക്കു വിരുദ്ധമാണ് ഈ നോട്ടീസെന്നാണ് പെൻഷൻകാർ ആരോപിക്കുന്നത്. ഒരു ജീവനക്കാരൻ തൊഴിലുടമ വഴിയാണ് പ്രോവിഡൻറ് ഫണ്ടിൽ പണമടയ്ക്കുന്നതും മറ്റു രേഖകൾ നൽകുന്നതും. തൊഴിലുടമയുടെ വീഴ്ചകാരണമാണ് ഇവിടെ ജോയിൻറ് ഓപ്ഷൻ നിശ്ചിതവർഷത്തിനുള്ളിൽ നൽകാൻ കഴിയാതെപോയത്. അങ്ങനെ തൊഴിലുടമയുടെ വീഴ്ചയുടെപേരിൽ തൊഴിലാളിയുടെ അവകാശം നിഷേധിക്കുന്നത് നീതിനിഷേധമാണെന്ന് അവർ പറയുന്നു.
Content Highlights: EPFO is cancelling higher pensions for employees who retired before 2014., Recovery notices are being sent to recover accumulated excess pension amounts., The primary reason cited is the failure to submit a joint option before retirement., Pensioners argue that the lack of joint option was due to employer negligence., Affected retirees are now required to pay back large sums as per recent EPFO notices.