ഇ.എം.എസ്സിന്റെ മകൾ ഇ.എം. രാധ അന്തരിച്ചു

#ന്യൂസ് ഡെസ്ക്
ഇ.എം. രാധ | ചിത്രം: മാതൃഭൂമി
ഇ.എം. രാധ | ചിത്രം: മാതൃഭൂമി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി നെടുമങ്ങാട്ടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വനിതാ കമ്മിഷൻ അംഗമായിരുന്നു. വയോജന കമ്മിഷൻ അംഗമായിരുന്നു. ദീർഘകാലം സിപിഎം അംഗമായിരുന്ന രാധ, പാർട്ടി മുഖപത്രമായ ‘ദേശാഭിമാനി’യുടെ തിരുവനന്തപുരം യൂണിറ്റിൽ അഡ്മിനിസ്ട്രേഷൻ മാനേജരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വനിതാ കമ്മീഷൻ അംഗമെന്ന രീതിയിൽ സ്ത്രീകളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി ഏറെ പ്രവർത്തിച്ചിട്ടുണ്ട്. രാധയുടെ വിയോഗ വാർത്ത സിപിഎം ഔദ്യോഗികമായി സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലാ സെക്രട്ടറി അടക്കമുള്ള പാർട്ടി നേതാക്കൾ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.

ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ മകൾ എന്നതിലുപരി എഴുത്തുകാരി കൂടിയാണ് ഇ.എം. രാധ. 'മകളുടെ ഓർമ്മയിൽ ഇ.എം.എസ്' എന്ന പുസ്തകത്തിലൂടെ പൊതുജനങ്ങൾക്ക് അറിയാത്ത ഇ.എം.എസിനെക്കുറിച്ചും അദ്ദേഹത്തിന്റെ കുടുംബ ജീവിതത്തെക്കുറിച്ചും ഭാര്യയെക്കുറിച്ചുമെല്ലാം വളരെ ലളിതമായി പറയുന്നതായിരുന്നു ഈ പുസ്തകം.

ഇ.എം. രാധയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആഴ്ചകൾക്ക് മുൻപ് ചില പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉയർന്നു വന്നിരുന്നു. രോഗബാധിതയായ ഇ.എം. രാധയെയും കുടുംബത്തെയും പാർട്ടി തിരിഞ്ഞുനോക്കുന്നില്ല എന്ന തരത്തിലായിരുന്നു ഈ പ്രചാരണങ്ങൾ. എന്നാൽ ഇത്തരം വാർത്തകളിൽ യാതൊരുവിധ അടിസ്ഥാനവുമില്ലെന്ന് ഇ.എം. രാധയുടെ ഭർത്താവ് തന്നെ അന്ന് വ്യക്തമാക്കിയിരുന്നു. പാർട്ടി തങ്ങളെ പൊന്നുപോലെയാണ് നോക്കുന്നത് എന്ന് മറുപടി നൽകിയ അദ്ദേഹം, ചിലർ ദുഷ്ടലാക്കോടെ നടത്തിയ ഈ പ്രചാരണങ്ങളെ പൂർണ്ണമായും തള്ളിക്കളയുകയായിരുന്നു.

Content Highlights: Social activist E.M. Radha, the younger daughter of former Kerala Chief Minister E.M.S. Namboodiripad and Arya Antharjanam, passed away while undergoing treatment for age-related ailments in Thiruvananthapuram.