പിണറായിക്കെതിരെ കേസെടുക്കണമെന്ന ഇഡിയുടെ കത്ത്; പന്ത് സർക്കാരിന്റെ കോർട്ടിൽ,വിവരങ്ങൾ കൈമാറിയെന്ന് ഡിജിപി

#ന്യൂസ് ഡെസ്ക്
സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ |ഫോട്ടോ:മാതൃഭൂമി
സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ |ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരെ അഴിമതിക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് നിർദേശിച്ചുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ (ഇഡി) നിന്ന് ലഭിച്ച കത്തും വിവരങ്ങളും പരിശോധിച്ചശേഷം തുടർനടപടികൾക്കായി സംസ്ഥാന സർക്കാരിലേക്ക് അയച്ചതായി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ.മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഡിജിപി.

മുഖ്യമന്ത്രി ഡാൻസ് കളിക്കുന്ന AI വീഡിയോ സംബന്ധിച്ച് ഒമ്പത് പരാതികൾ ലഭിച്ചിരുന്നതായും ഇതിന്റെ അടിസ്ഥാനത്തിൽ വീഡിയോ നീക്കം ചെയ്യാൻ മെറ്റയോട് ആവശ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കണമെന്ന ഇഡിയുടെ നിർദേശം പരിഗണിക്കേണ്ടത് വിജിലൻസാണെന്നാണ് പോലീസ് നിലപാട്. ഡിജിപി ഇഡി റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറുകയും ചെയ്തിരുന്നു. പിന്നീട് കത്ത് സർക്കാർ അഡ്വക്കേറ്റ് ജനറലിന് കൈമാറി. കൃത്യമായ നിയമോപദേശത്തിന് പിന്നാലെ കേസിൽ നടപടി സ്വീകരിക്കാനാണ് സർക്കാർ നീക്കം. കേസിൽ എങ്ങനെയാണ് മുന്നോട്ടുപോകേണ്ടത്, കേസെടുക്കണമോ, വേണ്ടയോ മുതലായ വിഷയങ്ങളിൽ എജി റിപ്പോർട്ട് കൈമാറും. ഇതിനുശേഷം കരുതലോടെയുള്ള നടപടികൾ മാത്രമായിരിക്കും സർക്കാർ സ്വീകരിക്കുക.

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മകൾ ടി. വീണവഴി 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റിപ്പോർട്ട്. സി.എം.ആർ.എൽ. മുൻ സി.എഫ്.ഒ.യും സി.ജി.എമ്മുമായിരുന്ന പി. സുരേഷ്കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പിണറായി, വീണവഴി കൈക്കൂലിപ്പണം കൈപ്പറ്റിയെന്ന് ഇ.ഡി ആരോപിക്കുന്നത്. ഈ പണം വീണയും കൂട്ടാളികളും ദുബായിലേക്ക് കടത്താൻ ശ്രമിച്ചെന്നും ഇ.ഡി.യുടെ റിപ്പോർട്ടിലുണ്ട്. മുൻ മന്ത്രിയും എം.എൽ.എ.യുമായ പി.എ. മുഹമ്മദ് റിയാസ് സുഹൃത്തുക്കൾവഴി ഈ അഴിമതിപ്പണം വിദേശത്തേക്ക് കടത്താൻ സഹായിച്ചെന്നും ഇ.ഡി. സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ കത്തിൽ ആരോപിക്കുന്നു. പിണറായി വിജയൻ, മുഹമ്മദ് റിയാസ്, വീണ, സി.എം.ആർ.എൽ. എം.ഡി. ശശിധരൻ കർത്ത, പി. സുരേഷ്കുമാർ ജീവനക്കാർ ഉൾപ്പെടെ ആകെ 13 പേർക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ഇ.ഡി.യുടെ ആവശ്യം.