ഇ.ഡി.യുടെ ശൈലിയിൽ മാറ്റം; വിവരങ്ങൾ കിട്ടാൻ നെട്ടോട്ടമോടി സംസ്ഥാന ഇന്റലിജൻസ് വിഭാഗം

കോഴിക്കോട്: ഡയറക്ടറേറ്റ് ഓഫ് എൻഫോഴ്‌സ്‌മെന്റിന്റെ (ഇ.ഡി) പ്രവർത്തനശൈലീമാറ്റത്തിൽ കുഴങ്ങി സംസ്ഥാന ഇന്റലിജൻസ് വിഭാഗം. കേന്ദ്രസേനയെ ഒപ്പംകൂട്ടിയാണ് നിലവിൽ ഇ.ഡി. പരിശോധനകളെല്ലാം നടത്തുന്നത്. ഇതോടെ സംസ്ഥാനസർക്കാരിന് റെയ്ഡിനെക്കുറിച്ചുള്ള വിവരം കൈമാറാൻ നെട്ടോട്ടമോടുകയാണ് രഹസ്യാന്വേഷണവിഭാഗങ്ങൾ.
കേന്ദ്ര അന്വേഷണ ഏജൻസികളുടെ പരിശോധനാവിവരങ്ങളാണെങ്കിലും വിശദാംശങ്ങൾ സംസ്ഥാനസർക്കാരിന് നൽകേണ്ടത് കേരള പോലീസിന്റെ ഇന്റലിജൻസ് വിഭാഗമാണ്. കേന്ദ്ര ഏജൻസികൾ സ്ഥലത്തെത്തുകയും പരിശോധന തുടരുകയുംചെയ്യുമ്പോൾ മാത്രമാണ് ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള സ്പെഷ്യൽ ബ്രാഞ്ചോ (എസ്.ബി) അല്ലെങ്കിൽ, ഇന്റലിജൻസ് അഡീഷണൽ ഡയറക്ടർ ജനറലിന്റെ നിയന്ത്രണത്തിലുള്ള സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചോ (എസ്.എസ്.ബി) ഇത്തരമൊരു വിവരം അറിയുന്നതുതന്നെ.
നേരേത്ത റെയ്ഡ് നടത്തുമ്പോൾ, സംസ്ഥാനപോലീസിനെ സുരക്ഷയ്ക്കായി ഇ.ഡി. സംഘം കൊണ്ടുപോകാറുണ്ടായിരുന്നു.
എങ്കിലും പരിശോധനാസ്ഥലങ്ങൾ മുൻകൂട്ടി ഒരിക്കലും കേന്ദ്ര അന്വേഷണ ഏജൻസികൾ മുൻപും അറിയിക്കാറില്ല. ക്രമസമാധാനപ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ സംസ്ഥാന പോലീസിനെ മുൻകരുതലെന്ന നിലയിൽ സ്ഥലത്ത് എത്തിക്കാറുണ്ടായിരുന്നുവെന്ന് മാത്രം. എവിടേക്കാണ് പോകുന്നതെന്ന് മുൻകൂട്ടിപ്പറയാതെ സ്ഥലത്ത് എത്തുമ്പോൾ മാത്രമേ പരിശോധനാകേന്ദ്രം ഏതെന്ന് പോലീസും അറിയാറുള്ളൂ.
കേന്ദ്ര ഏജൻസികൾ അറസ്റ്റ് നടത്തുമ്പോഴോ, പരിശോധനയുമായി ബന്ധപ്പെട്ട തൊണ്ടിമുതലുകൾ കസ്റ്റഡിയിലെടുക്കുമ്പോഴോ അതാതിടത്തെ സ്റ്റേഷൻ പരിധികളിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെയോ ജില്ലാ പോലീസ് മേധാവികളെയോ മുൻപ് അറിയിക്കാറുണ്ടായിരുന്നു. എന്നാൽ അത്തരമൊരു പതിവും ഇപ്പോഴില്ല.
Content Highlights: The Enforcement Directorate's shift to using central security forces instead of local police for raids in Kerala has left the State Intelligence and Special Branch struggling to get advance information or timely updates about ongoing operations.