ഇഡിയെ ആക്രമിച്ച കേസ്: പോലീസ് നടപടിക്രമങ്ങളിൽ വീഴ്ച, പ്രതികളെ രക്ഷിക്കാൻ പഴുതൊരുക്കിയതായി ആരോപണം

#മാതൃഭൂമി ന്യൂസ്
റെയ്ഡ് കഴിഞ്ഞ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടകവീടിന് പുറത്തേക്കുവന്ന ഇഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിക്കുന്ന സിപിഎം പ്രവര്‍ത്തകര്‍. ഫോട്ടോ: എസ്. ശ്രീകേഷ്
റെയ്ഡ് കഴിഞ്ഞ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടകവീടിന് പുറത്തേക്കുവന്ന ഇഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിക്കുന്ന സിപിഎം പ്രവര്‍ത്തകര്‍. ഫോട്ടോ: എസ്. ശ്രീകേഷ്

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അറസ്റ്റിലായ സി.പി.എം പ്രവർത്തകർക്ക് ജാമ്യം ലഭിക്കാൻ പോലീസ് പഴുതൊരുക്കിയെന്ന് ആരോപണം. അറസ്റ്റ് നടപടികൾ ബന്ധുക്കളെ അറിയിക്കുന്ന ബിഎൻഎസ് 48 പ്രകാരമുള്ള നോട്ടീസ് നൽകുന്നതിലാണ് പോലീസ് വീഴ്ച വരുത്തിയത്.

കേസിൽ ആദ്യം അറസ്റ്റിലായ അഞ്ചു പേരുടെ നടപടിക്രമങ്ങളിലാണ് ഇത്തരത്തിൽ വീഴ്ച ഉണ്ടായിരിക്കുന്നത്. ബിഎൻഎസ് 48 പ്രകാരം പുതിയ ഫോർമാറ്റിലുള്ള നോട്ടീസാണ് കോടതിയിൽ ഹാജരാക്കേണ്ടതെന്നിരിക്കെ പോലീസ് പഴയ ഫോർമാറ്റിലുള്ള നോട്ടീസാണ് റിമാൻഡ് റിപ്പോർട്ടിനൊപ്പം സമർപ്പിച്ചത്. ഈ പിഴവ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ചൂണ്ടിക്കാട്ടുകയും 24 മണിക്കൂറിനുള്ളിൽ ശരിയായ നോട്ടീസ് ഹാജരാക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു.

കോടതി ഉത്തരവിട്ട് മൂന്ന് മണിക്കൂറിനുള്ളിൽ പോലീസ് ശരിയായ ഫോർമാറ്റിലുള്ള നോട്ടീസ് കോടതിയിൽ ഹാജരാക്കിയത് സംശയത്തിനിടയാക്കിയിരുന്നു. രണ്ട് തരത്തിലുള്ള ഫോർമാറ്റുകളും പോലീസ് നേരത്തെ തന്നെ തയ്യാറാക്കി വെച്ചിരുന്നു എന്ന തരത്തിലുള്ള ആരോപണവും പോലീസിനെതിരെ ഉയർന്നിരുന്നു. 

അറസ്റ്റ് നടപടികളിലെ പിഴവ് ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗം കോടതിയിൽ ജാമ്യാപേക്ഷയുമായി എത്തിയത്. അറസ്റ്റ് നടപടി ക്രമങ്ങൾ പാലിച്ചല്ലെന്നും മജിസ്‌ട്രേറ്റിന് ഇത്തരം പിഴവുകൾ തിരുത്താൻ ഉത്തരവിടാൻ അധികാരമില്ലെന്നും സുപ്രീം കോടതി വിധി ഉദ്ധരിച്ച് പ്രതിഭാഗം വാദിച്ചു. എന്നാൽ കോടതി ഇത് തള്ളുകയും പ്രതികൾക്ക് ജാമ്യം നിഷേധിക്കുകയും ചെയ്തു.

കേസ് ദുർബലമാണെന്ന് രാഷ്ട്രീയ അണികളെ ബോധ്യപ്പെടുത്താനുള്ള ആസൂത്രിത നീക്കമാണോ ഇതിന് പിന്നിലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സംശയിക്കുന്നുണ്ട്. നിലവിൽ രൂപീകരിച്ചിരിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) തലപ്പത്ത് മ്യൂസിയം എസ്എച്ച്ഒ തുടരുന്നതിലും ഇഡിക്ക് വിയോജിപ്പുണ്ട്. ഡിവൈഎസ്പി തലത്തിലുള്ള ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്നാണ് ഇഡിയുടെ ആവശ്യം.

പ്രതികൾ ജാമ്യത്തിനായി ജില്ലാ കോടതിയെ സമീപിക്കുകയാണെങ്കിൽ കേസിൽ കക്ഷി ചേരാനും വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുമാണ് ഇഡി ലക്ഷ്യമിടുന്നത്. വഞ്ചിയൂർ കോടതിയിലെത്തി ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. നിലവിൽ കേസിൽ പത്ത് പ്രതികളെ കൂടി  തിരിച്ചറിഞ്ഞിട്ടുണ്ട്.

Content Highlights: ED alleges deliberate police negligence in the officer assault case., Claims that police failed to record suspect details and phone logs., ED expresses lack of trust in the current Museum Police investigation., Potential for ED to implead in the court case due to evidence tampering concerns.