നിള വരളുന്നു, നാടിന് ദാഹിക്കുന്നു; പാലക്കാട്ട് ഉഷ്ണതരംഗം തുടരുന്നു

കടുത്ത വേനലിൽ വിണ്ടുകീറിയ ഭാരതപ്പുഴയുടെ ഭാഗത്തിലൂടെ മീൻപിടിക്കാൻ വലയുമായി പോകുന്നവർ. ലക്കിടിക്ക് സമീപത്തെ ദൃശ്യം
കടുത്ത വേനലിൽ വിണ്ടുകീറിയ ഭാരതപ്പുഴയുടെ ഭാഗത്തിലൂടെ മീൻപിടിക്കാൻ വലയുമായി പോകുന്നവർ. ലക്കിടിക്ക് സമീപത്തെ ദൃശ്യം

ഒറ്റപ്പാലം: നിള വെറുമൊരു പുഴയല്ല... ഉത്ഭവസ്ഥാനംതൊട്ട് കടലില്‍ ചെന്നുചേരുംവരെ അനേകം കുടുംബങ്ങള്‍ക്ക് ജീവിതം കരുപ്പിടിപ്പിക്കാനുള്ള ആശ്രയംകൂടിയാണ്. കുളിക്കാനും കുടിക്കാനും ഉപജീവനത്തിനുമുള്ള നിള. ഇത്തവണ മഴ പൂര്‍ണമായും വിട്ടുമാറിനിന്നപ്പോള്‍ വേനല്‍, ഉഷ്ണതരംഗമെന്ന തീവ്രഭാവത്തിലേക്ക് മാറിയപ്പോള്‍ ആകെ കഷ്ടത്തിലായത് ഈ ജീവിതങ്ങളാണ്. ഭൂരിഭാഗംപേര്‍ക്കും കുടിവെള്ളമില്ലാത്തതാണ് പ്രതിസന്ധി. നിളയിലെ പുഴമീന്‍പിടിച്ച് ജീവിക്കുന്നവര്‍ക്കുപോലും പ്രതിസന്ധിയാണ്. മെലിഞ്ഞും തളര്‍ന്നും ഒഴുക്ക് നിലച്ചും ഉരുകിപ്പോകുന്ന ചൂടിന്റെ നേര്‍ക്കാഴ്ചയായി നിള.

കുടിവെള്ള വിതരണത്തിനായി ഭാരതപ്പുഴയുടെ പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ ഏകദേശം 115 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് സാധാരണയെടുക്കുന്നത്. ഒറ്റപ്പാലം-അമ്പലപ്പാറ, ഷൊര്‍ണൂര്‍-വാണിയംകളം, ഓങ്ങല്ലൂര്‍, മുതുതല, ആനക്കര -പട്ടിത്തറ-കപ്പൂര്‍, പട്ടാമ്പി, ഗുരുവായൂര്‍-ചാവക്കാട്, പാവറട്ടി, വടക്കാഞ്ചേരി - ദേശമംഗലം തുടങ്ങിയ പദ്ധതികള്‍ക്കായാണിത്. ഇതിനുപുറമേ തദ്ദേശസ്ഥാപനങ്ങളുടെ ചെറിയ പദ്ധതികളുമുണ്ട്. കുടിവെള്ളത്തിന് പുറമേ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മുതല്‍ ആനക്കരവരെയുള്ള പ്രദേശങ്ങളില്‍ പ്രധാനപ്പെട്ട 15 ജലസേചന പദ്ധതികളും പ്രവര്‍ത്തിക്കുന്നത് നിളയെ ആശ്രയിച്ചാണ്. വെള്ളംവറ്റുന്നത് ഇവയ്ക്കെല്ലാം പ്രതിസന്ധിയാണ്.


പാലക്കാട്ട് ഉഷ്ണതരംഗം തുടരുന്നു

പാലക്കാട് ജില്ലയില്‍ തുടര്‍ച്ചയായ മൂന്നാംദിവസവും ഉഷ്ണതരംഗം അനുഭവപ്പെട്ടതായി കാലാവസ്ഥാവകുപ്പ്. തിങ്കളാഴ്ചയും തുടര്‍ന്നേക്കും. മേയ് രണ്ടുവരെ ജില്ലയില്‍ ചൂടുകൂടി നില്‍ക്കാനാണ് സാധ്യത. കേരളത്തില്‍ എവിടെയെങ്കിലും തുടര്‍ച്ചയായി മൂന്നുദിവസം ഉഷ്ണതരംഗം അനുഭവപ്പെടുന്നത് ഇതാദ്യമായാണ്.

പാലക്കാട്ട് ഞായറാഴ്ച രേഖപ്പെടുത്തിയത് 41.6 ഡിഗ്രിയാണ്. ഇത് ശരാശരിയില്‍നിന്ന് 5.3 ഡിഗ്രി കൂടുതലാണ്. ശനിയാഴ്ച 41.8 ഡിഗ്രിയും ശരാശരിയില്‍നിന്നുള്ള മാറ്റം 5.5 ഡിഗ്രിയുമായിരുന്നു.

ഉഷ്ണതരംഗത്തിന് സാധ്യതയുള്ള കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ ചൂട് വീണ്ടും കൂടി. കൊല്ലം ജില്ലയില്‍ പുനലൂരില്‍ ഞായറാഴ്ച രേഖപ്പെടുത്തിയത് 38.6 ഡിഗ്രിയാണ്. ശനിയാഴ്ച 38.2 ഡിഗ്രിയായിരുന്നു. തൃശ്ശൂരിലെ വെള്ളാനിക്കരയില്‍ താപനില 38.2 ഡിഗ്രിയില്‍ നിന്ന് 39.2 ഡിഗ്രിയായി. ശരാശരിയില്‍നിന്ന് 4.9 ഡിഗ്രിയാണ് കൂടിയത്. ഈ ജില്ലകളില്‍ ചൂട് 40 ഡിഗ്രിവരെ ഉയരുമെന്നാണ് പ്രവചനം. ഇവിടങ്ങളില്‍ ഉഷ്ണതരംഗം പ്രഖ്യാപിച്ചിട്ടില്ല.

കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ മേയ് രണ്ടുവരെ 38 ഡിഗ്രിവരെ ചൂടാണ് പ്രതീക്ഷിക്കുന്നത്. ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രിവരെയും തിരുവനന്തപുരത്ത് 36 ഡിഗ്രിവരെയും ചൂട് ഉയരാം.

വരണ്ട് ഭൂരിഭാഗം തടയണകളും

വേനലില്‍ ഭാരതപ്പുഴ മെലിയുന്നത് പുതിയ കാര്യമല്ല. ഭാരതപ്പുഴയെ കുടിവെള്ളത്തിനാശ്രയിക്കുന്നവര്‍ക്കായുള്ള തടയണകള്‍ വരളുന്നത് ഇത്തവണത്തെ അതിവേനലിന്റെ കാഴ്ചയാണ്. പാലക്കാട്ടെ ഭാരതപ്പുഴയിലെ പകുതിയിലേറെ തടയണകളും വരണ്ടുകിടക്കയാണ്. പാലക്കാടിനൊപ്പം തൃശ്ശൂര്‍ജില്ലയ്ക്കുകൂടി ഉപകരിക്കുന്ന ലക്കിടി, മാന്നന്നൂര്‍, ഷൊര്‍ണൂര്‍ തടയണകള്‍ പൂര്‍ണമായും വറ്റിവരണ്ടു. ലക്കിടി പ്രദേശത്തെ 1,000ത്തോളം കുടുംബങ്ങള്‍ക്ക് ആശ്രയമായിരുന്ന തടയണയാണ് വറ്റിയ നിലയിലുള്ളത്. ചില കുഴികളില്‍ വെള്ളംനില്‍ക്കുന്നത് മാത്രമാണ് ഇവിടെ സംഭരണം.

കുറച്ച് വെള്ളം കെട്ടിനില്‍ക്കുന്നിടത്ത് മീന്‍പിടിക്കാനും ആളുകളേറെയുണ്ട്. ആദ്യമായാണ് തടയണപ്രദേശത്ത് ഇത്ര വെള്ളം കുറയുന്നതെന്ന് പ്രദേശവാസിയായ അബൂബക്കര്‍ പറയുന്നു. മാന്നന്നൂര്‍ ഉരുക്കുതടയണ പ്രളയത്തില്‍ തകര്‍ന്നതാണ്. പുനര്‍നിര്‍മാണം തുടങ്ങിയിട്ടുണ്ട്. ഇവിടെ സംഭരണമില്ലാത്തതിനാല്‍ ദുരിതമനുഭവിക്കുന്നത് വാണിയംകുളം പഞ്ചായത്തിലെ ആയിരത്തോളം കുടുംബങ്ങളാണ്. ഷൊര്‍ണൂര്‍ തടയണയുടെയും സ്ഥിതി സമാനമാണ്. ഷൊണൂര്‍, വാണിയംകുളം പ്രദേശത്തേക്കായി 10,000ത്തിലേറെ കുടുംബങ്ങള്‍ക്കാണ് വെള്ളം നല്‍കുന്നത്. തടയണ വറ്റിയതോടെ പമ്പിങ്ങില്‍ കടുത്ത നിയന്ത്രണം കൊണ്ടുവന്നു. ഇതോടെ മൂന്നുദിവസത്തിലൊരിക്കലാണ് വെള്ളമെത്തുന്നത്.

മീറ്റ്നയിലെ പ്രതിസന്ധി വേനലല്ല

ഒറ്റപ്പാലം നഗരസഭയിലെയും അമ്പലപ്പാറ പഞ്ചായത്തിലെയും 18,000ത്തോളം കുടുംബങ്ങള്‍ക്കാണ് ഭാരതപ്പുഴയിലെ മീറ്റ്ന തടയണയില്‍നിന്ന് വെള്ളം വിതരണം ചെയ്യുന്നത്. ഷട്ടറുകള്‍ ഉരുക്കുനിര്‍മിതമാക്കിയതുമൂലം ചോര്‍ച്ചകുറഞ്ഞ് കഴിഞ്ഞ രണ്ട് മാസം മുമ്പുവരെ തടയണ നിറഞ്ഞ് നില്‍ക്കുകയായിരുന്നു. മൂന്നാഴ്ചമുമ്പ് ആരോ തടയണയിലെ രണ്ടുഷട്ടറുകള്‍ ഉയര്‍ത്തിമാറ്റിയതോടെ ഇവിടെയും പ്രതിസന്ധിയായി. തടയണയിലെ വെള്ളം പകുതിയായാണ് കുറഞ്ഞത്. ഇനിയും മഴപെയ്തില്ലെങ്കില്‍ പമ്പിങ്ങില്‍ പ്രതിസന്ധിയായേക്കാമെന്ന സ്ഥിതിയിലാണ് മീറ്റ്ന തടയണ. തടയണപ്രദേശത്തേക്ക് ആരും കയറാതിരിക്കാന്‍ സുരക്ഷാ സംവിധാനങ്ങളൊരുക്കിയിട്ടുണ്ട് ജല അതോറിറ്റി.


 

Content Highlights: drought palakkad kerala-nila river