ഐക്യരാഷ്ട്രസഭയിൽ പുതിയ ഉത്തരവാദിത്തത്തിലേക്ക് ഡോ. അജയ്യ കുമാർ

യുഎഇ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മലയാളി ഡോ. അജയ്യ കുമാറിനെ പാൻ ആഫ്രിക്കൻ ഇന്റർഗവൺമെന്റൽ ഏജൻസി ഫോർ വാട്ടർ ആൻഡ് സാനിറ്റേഷൻ ഫോർ ആഫ്രിക്കയുടെ (PAIWAS) ഐക്യരാഷ്ട്രസഭയിലെ പ്രൊജക്റ്റ്‌ ആൻഡ് ഹ്യൂമാനിറ്റെറിയൻ അഫയേഴ്സ് ഉപദേഷ്ടാവായി നിയമിച്ചു. PAIWAS പശ്ചിമേഷ്യൻ പ്രതിനിധി അംബാസഡറായും അദ്ദേഹം പ്രവർത്തിക്കും. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ കുടിവെള്ളലഭ്യത, ശുചിത്വം എന്നിവ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ഏജൻസിയാണ് PAIWS. ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭാ വേദിയിൽ സെപ്റ്റംബർ 22ന് നടന്ന ചടങ്ങിലാണ് പുതിയ ചുമതലകൾ ഔദ്യോഗികമായി അംഗീകരിച്ചത്. ഇതേ ചടങ്ങിൽ CICA International University and Seminary ഡോ. അജയ്യ കുമാറിന് ഓണററി ഡോക്ടറേറ്റ് സമ്മാനിക്കുകയും ചെയ്തു.

ജലസുരക്ഷ, ശുചിത്വം, കാലാവസ്ഥാ പ്രതിരോധം, അന്താരാഷ്ട്ര സഹകരണം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിൽ ആഫ്രിക്കയും പശ്ചിമേഷ്യയും തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡോ അജയ്യ കുമാറിന് പുതിയ ചുമതലകൾ നൽകിയിട്ടുള്ളത്. ജലവും ശുചിത്വവും സംബന്ധിച്ച സുരക്ഷിത സംവിധാനങ്ങൾ, കാലാവസ്ഥാ പ്രതിരോധശേഷിയുള്ള ജലലഭ്യതാ സംവിധാനങ്ങൾ തുടങ്ങി വിവിധ പദ്ധതികളുടെ വികസനം, വിവിധ സർക്കാരുകൾ, അന്തർസർക്കാർ സംഘടനകൾ, നയതന്ത്ര മിഷനുകൾ, വികസന ഏജൻസികൾ, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ, മറ്റ് ബന്ധപ്പെട്ട പങ്കാളികൾ എന്നിവരുമായി ബന്ധം ശക്തിപ്പെടുത്തൽ തുടങ്ങിയ ചുമതലകളാണ് ഡോ. അജയ്യ കുമാർ വഹിക്കുക.

ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക-സാമൂഹിക സമിതി പ്രതിനിധിയായും ഡോ അജയ്യ കുമാർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സാംസ്‌കാരിക ഏകീകരണവും ലിംഗനീതിയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന Africana Women Working Group (AWWG) എന്ന സംഘടനയെയാണ് അദ്ദേഹം ഐക്യരാഷ്ട്രസഭയിൽ പ്രതിനിധീകരിച്ചത്. സ്‌കൂളിൽ നിന്ന് തൊഴിൽ മേഖലയിലേക്കുള്ള പരിവർത്തനവും നൈപുണ്യ വിദ്യാഭ്യാസവും സംബന്ധിച്ച് സി.ബി.എസ്.ഇയുടെ ദേശീയതല പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന സ്ട്രാറ്റജിക് ലീഡർഷിപ്പ് ആൻഡ് ഗൈഡൻസ് അഡൈ്വസറി കമ്മിറ്റിയിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. തൃശൂർ സ്വദേശിയായ അദ്ദേഹം ആറു പുസ്തകങ്ങളുടെ രചയിതാവും TEDx പ്രഭാഷകനുമാണ്. യു.എ.ഇയിലെ ഏറ്റവും വലിയ ഐ.സി.ടി. കമ്പനിയായ Emircom-ന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായും സേവനം അനുഷ്ഠിക്കുന്നു.