രാജ്യത്ത് ആദ്യമായി ഗാർഹികത്തൊഴിലാളി നിയമം വരുന്നു, ഹോം നഴ്സുമാരും നിയമപരിധിയിൽ

തിരുവനന്തപുരം: വീട്ടുജോലിക്കാർക്ക് 'തൊഴിലാളി' നിർവചനംനൽകി നിയമപരിരക്ഷ ഉറപ്പാക്കാൻ സർക്കാർ. വീട്ടുജോലിക്കാരിൽ ഭൂരിഭാഗവും സ്ത്രീകളായതിനാൽ, അവരെ ഏജൻസികളും തൊഴിലുടമകളും ചൂഷണംചെയ്യുന്നതു തടയാൻ ലക്ഷ്യമിട്ട് 'ഡൊമസ്റ്റിക് വർക്കേഴ്സ് (റെഗുലേഷൻ ആൻഡ് വെൽഫെയർ) ആക്ട്' ബിൽ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കും. ഹോംനഴ്സുമാരെയും നിയമപരിധിയിൽ കൊണ്ടുവരും. ഇതുസംബന്ധിച്ച് തൊഴിലാളിസംഘടനകളുമായി ചർച്ച നടത്തും.
രാജ്യത്ത് ആദ്യമായാണ് വീട്ടുജോലിക്കാരെ 'തൊഴിലാളി' നിർവചനത്തിൽ ഉൾപ്പെടുത്തുന്നത്. ഇതോടെ, അവർക്ക് തൊഴിലവകാശങ്ങളും ആനുകൂല്യങ്ങളും ഉറപ്പാക്കാനാവും. വീട്ടുജോലിക്കാരുടെ ക്ഷേമത്തിനും ആനുകൂല്യത്തിനുമായി പ്രത്യേക ബോർഡും വരും. കുറഞ്ഞത് അഞ്ചുവർഷം വിഹിതം അടയ്ക്കുന്നവർക്ക് സാമ്പത്തിക ആനുകൂല്യം ലഭിക്കും. രോഗം, അപകടം എന്നീ ഘട്ടങ്ങളിൽ സഹായധനം ഉറപ്പാക്കും.
പെൺകുട്ടികളുടെ വിവാഹത്തിന് സഹായധനം, ഭവന-വിദ്യാഭ്യാസ വായ്പ തുടങ്ങിയവയും ലഭ്യമാക്കും. 65 വയസ്സ് പൂർത്തിയായവർക്ക് പെൻഷനും. ഏജൻസികളുടെ ചൂഷണം തടയാൻ വ്യവസ്ഥകളുമുണ്ടാകും. ഏജൻസികൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കും.
എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് കരടുനിയമം തയ്യാറാക്കിയിരുന്നെങ്കിലും നിയമസഭയിലെത്തിയിരുന്നില്ല.
Content Highlights: Domestic Workers Act on the way; home nurses will also be brought under its legal ambit.