കടുത്ത ദേഷ്യവും വാശിയും ഉത്കണ്ഠയും; സ്ക്രീൻ കെണിയിൽ കൗമാരം, സംസ്ഥാനത്ത് 3,258 കേസുകൾ

കൊല്ലം: സംസ്ഥാനത്ത് 2023 ജനുവരി മുതൽ 2026 സെപ്റ്റംബർ വരെ ഡിജിറ്റൽ ആസക്തിയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തത് 3,258 കേസുകൾ. കേരള പോലീസിന്റെ സോഷ്യൽ പോലീസിങ് വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ ഡി-അഡിക്ഷൻ സെന്ററുകളിലെ (ഡി-ഡാഡ്) കണക്കാണിത്.
കൂടുതൽ കൊല്ലം സിറ്റിയിലാണ്. 757 കേസുകൾ. കോഴിക്കോട് (529), കൊച്ചി (421), തൃശ്ശൂർ (417), തിരുവനന്തപുരം (400) എന്നിവയാണ് തൊട്ടുപിന്നിൽ. സി -ഡാഡ് കേന്ദ്രങ്ങളിലെത്തുന്നവരിൽ ഭൂരിഭാഗവും 14-18 വയസ്സുകാരാണ്.
1725 കുട്ടികളുടെ ചികിത്സ പൂർത്തിയായി. 1025 പേർ ചികിത്സയിലുണ്ട്. ചികിത്സ പാതിവഴിയിൽ മുടക്കിയ 67 കുട്ടികളുണ്ട്. അവർക്ക് വീണ്ടും കൗൺസലിങ് നൽകി സാധാരണ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാനുള്ള ശ്രമം നടന്നുവരുകയാണെന്ന് സോഷ്യൽ പോലീസിങ് ഡയറക്ടർ എസ്. അജിതാ ബീഗം ‘മാതൃഭൂമി’യോടു പറഞ്ഞു.
ലക്ഷണങ്ങൾ
ഡിജിറ്റൽ ഉപയോഗം നിയന്ത്രിക്കാനാവാതെ വരുക. ഫോൺ മാറ്റിവെക്കുമ്പോൾ കടുത്ത ദേഷ്യവും വാശിയും ഉത്കണ്ഠയും. പഠനത്തിലും ഉറക്കത്തിലും ശ്രദ്ധ കുറയുക. മറ്റ് വിനോദങ്ങളിൽ നിന്നുള്ള പിന്മാറ്റം.
രക്ഷിതാക്കൾ ചെയ്യേണ്ടത്
* മൊബൈൽ പിടിച്ചുവാങ്ങുകയോ വഴക്കുപറയുകയോ ചെയ്യാതെ, സമയപരിധി നിശ്ചയിച്ച് സ്ക്രീൻസമയം ഘട്ടംഘട്ടമായി കുറയ്ക്കുക.
* പഠനസമയത്തും ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപും ഭക്ഷണസമയത്തും ഡിജിറ്റൽ ഉപകരണങ്ങൾ പൂർണമായും ഒഴിവാക്കുക.
* സ്പോർട്സ്, ഔട്ട്ഡോർ കളികൾ, മറ്റ് ഹോബികൾ എന്നിവയിലേക്ക് കുട്ടികളുടെ ശ്രദ്ധ തിരിക്കുക.
Content Highlights: Between January 2023 and September 2026, 3,258 cases related to digital addiction were reported in Kerala, with the highest number in Kollam city (757 cases). Most individuals seeking help at digital de-addiction centers are aged 14-18, with 1,725 children having completed treatment and 1,025 still undergoing it. Symptoms of digital addiction include inability to control usage, irritability when away from devices, and decreased focus on studies and sleep; parents are advised to gradually reduce screen time and encourage outdoor activities.