എംഎൽഎമാരുമില്ല, പ്രവർത്തകരുമില്ല; ഡിസിസി യോഗത്തിൽ ആളില്ലാത്തതിൽ ക്ഷോഭിച്ച് ദീപാ ദാസ് മുൻഷി

തിരുവനന്തപുരം: തിരുവനന്തപുരം ഡി.സി.സി.യുടെ പ്രത്യേക യോഗത്തിൽ പൊട്ടിത്തെറിച്ച് ദീപാ ദാസ്മുൻഷി. പാർട്ടിയുടെ ഡൽഹി സമരത്തിന്റെ മുന്നോടിയായാണ് യോഗം ചേർന്നത്. എം.എൽ.എ.മാർ ആരും തന്നെ യോഗത്തിൽ പങ്കെടുത്തില്ല. ഡി.സി.സി. പ്രസിഡന്റ് പോലും യോഗത്തിന് എത്തിയില്ല. തുടർന്ന് യോഗത്തിനെത്തിയ കേരളത്തിന്റെ ചുമതലയുള്ള ദീപാ ദാസ്മുൻഷി പൊട്ടിത്തെറിക്കുകയായിരുന്നു.
നേതാക്കളുടെ സമീപനത്തിൽ അതിരൂക്ഷവിമർശനമാണ് ദീപാ ദാസ്മുൻഷി ഉയർത്തിയത്. നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായത് അംഗീകരിക്കാനാകാത്ത വീഴ്ചയെന്ന് അവർ പറഞ്ഞു. നൂറിലധികം മണ്ഡലം കമ്മിറ്റികളിൽനിന്ന് യോഗത്തിനെത്തിയത് വെറും 30 പേർ മാത്രമായിരുന്നു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരേ ഡൽഹിയിൽ വൻ പ്രക്ഷോഭം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഡിസിസി യോഗം വിളിച്ചു ചേർത്തത്. ലക്ഷങ്ങളെ അണിനിരത്തിക്കൊണ്ടുള്ള പരിപാടിയാണ് കോൺഗ്രസ് ആലോചിക്കുന്നത്. ഇതിന്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ വേണ്ടിയായിരുന്നു യോഗം.
24 ബ്ലോക്ക് പ്രസിഡന്റുമാരിൽ പത്തുപേരാണ് എത്തിയത്. എം.പിയും ഉണ്ടായിരുന്നില്ല. പ്രധാനപ്പെട്ട എല്ലാ നേതാക്കന്മാരും വിട്ടു നിന്നു എന്നതാണ് ദീപാ ദാസ്മുൻഷിയെ ചൊടിപ്പിച്ചത്. 'ഇവിടെ വലിയൊരു ബോർഡ് വെച്ചതുകൊണ്ട് ആളുകൾ എല്ലാം യോഗത്തിൽ വരുമെന്നാണോ നിങ്ങൾ വിശ്വസിച്ചിരിക്കുന്നത്' എന്നും അവർ വിമർശിച്ചു.
എന്തുകൊണ്ടാണ് ഡിസിസി പ്രസിഡന്റ് യോഗത്തിനെത്താത്തത് എന്ന് ചോദിച്ചപ്പോൾ: 'താൻ കളഞ്ഞിട്ട് പോയ പദവിയാണ്. ആ പദവിയിൽ തുടരാൻ താത്പര്യമില്ലെന്ന് അറിയിച്ചതാണ്. പിന്നെ എന്തിന് യോഗത്തിനെത്തണം' എന്ന സമീപനമാണ് ഡിസിസി പ്രസിഡന്റിന്റെ ഭാഗത്തുനിന്നുണ്ടായത്.
Content Highlights: Deepa Dasmunsi expressed extreme anger at the Thiruvananthapuram DCC meeting over low attendance., No MLAs, MPs, or the DCC President attended the meeting called for Delhi protest preparations., Only 30 people attended out of 100 mandalam committees, and only 10 out of 24 block presidents were present., The DCC President reportedly showed reluctance to continue in the position.