എം. കുഞ്ഞാമന് വിടനൽകി കേരളം; മൃതദേഹം സംസ്കരിച്ചു

തിരുവനന്തപുരം: അന്തരിച്ച പ്രമുഖ സാമ്പത്തിക വിദഗ്ധനും ദളിത് ചിന്തകനും അധ്യാപകനുമായ ഡോ. എം.കുഞ്ഞാമന് തലസ്ഥാനം വിടനല്‍കി. തിങ്കളാഴ്ച രാവിലെ വസതിയായ ശ്രീകാര്യം ചെമ്പഴന്തിറോഡ് വെഞ്ചാവോട് ശ്രീനഗര്‍ ഹൗസില്‍ പൊതുദര്‍ശനത്തിനുവെച്ച മൃതദേഹത്തിന് സമൂഹത്തിലെ വിവിധ തുറകളില്‍പ്പെട്ട നിരവധിപേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. വൈകിട്ട് നാലിന് തൈക്കാട് ശാന്തികവാടത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്.
ഞായറാഴ്ച വൈകീട്ട് വീടിന്റെ അടുക്കളയില്‍ അദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സമീപത്തുനിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്. മലപ്പുറത്ത് ചികിത്സയിലായിരുന്ന ഭാര്യ ഡോ. രോഹിണി രാവിലെ വീട്ടിലെത്തി. അമേരിക്കയിലുള്ള മകള്‍ അഞ്ജന എത്തിയിരുന്നില്ല.
സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, മുന്‍ മന്ത്രി ഡോ. തോമസ് ഐസക്, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, പന്തളം സുധാകരന്‍, മുന്‍ ആസൂത്രണ ബോര്‍ഡംഗം ഡോ.കെ.എന്‍.ഹരിലാല്‍, മുന്‍ ധനകാര്യ കമ്മിഷന്‍ അധ്യക്ഷന്‍ ഡോ.ബി.എ. പ്രകാശ്, കോൺഗ്രസ് നേതാവ് എം. ലിജു തുടങ്ങിയവര്‍ വസതിയിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.
ഡോ. കുഞ്ഞാമന്‍ ജോലിചെയ്തിരുന്ന കേരള യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ മുന്‍ സഹപ്രവര്‍ത്തകരും ശിഷ്യരുമടക്കം വന്‍ജനസമൂഹം ആരാധ്യനായ അധ്യാപകനെ അവസാനമായി കാണാന്‍ ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പകലുമായി ശ്രീകാര്യത്തെ വസതിയിലെത്തിയിരുന്നു.
Content Highlights: Deadbody of famous economist, dalit thinker, lecturer M Kunjaman cremated.