കുസാറ്റ് ദുരന്തം: അന്വേഷണ റിപ്പോർട്ടിനെതിരെ ഗവർണറെ സമീപിക്കുമെന്ന് എംപ്ലോയീസ് യൂണിയൻ

#റിയ ബേബി/ മാതൃഭൂമി ന്യൂസ്
കുസാറ്റിൽ അപകടം നടന്ന ഓഡിറ്റോറിയം | ഫോട്ടോ: മാതൃഭൂമി
കുസാറ്റിൽ അപകടം നടന്ന ഓഡിറ്റോറിയം | ഫോട്ടോ: മാതൃഭൂമി

കൊച്ചി: കുസാറ്റ് ദുരന്തത്തില്‍ ഉപസമിതി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിനെതിരെ ഗവര്‍ണറെ സമീപിക്കുമെന്ന് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയന്‍. സംഘാടകരുടെ ഭാഗത്ത് ഗുരുതരവീഴ്ചയുണ്ടായി എന്ന റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ വിചിത്രമാണെന്നും പല മുഖങ്ങളെയും സംരക്ഷിക്കുന്നതാണ് റിപ്പോര്‍ട്ടെന്നുമാണ് വിമര്‍ശനം. ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കൊച്ചിന്‍ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയന്‍ ആവശ്യപ്പെട്ടു. 

യൂത്ത് ഫെല്‍ഫെയര്‍ ഡയറക്ടറെ കേന്ദ്രീകരിച്ച് യാതൊരുവിധ അന്വേഷണങ്ങളും നടന്നില്ല. സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷിക്കാന്‍ ഉപസമിതിയോട് ആരും ആവശ്യപ്പെട്ടിട്ടില്ല. തള്ളിക്കളയേണ്ട ഒരു റിപ്പോര്‍ട്ടാണത്. ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് ഞങ്ങളാവശ്യപ്പെടുന്നത്, എംപ്ലോയീസ് യൂണിയന്‍ വ്യക്തമാക്കി.

കുസാറ്റ് ദുരന്തത്തില്‍ മൂന്ന് തരത്തിലുള്ള അന്വേഷണങ്ങളാണ് പുരോഗമിക്കുന്നത്. സിന്‍ഡിക്കേറ്റ് നിയോഗിച്ച ഉപസമിതിയുടെ അന്വേഷണമാണ് ഒന്ന്. വിദ്യാഭ്യാസ വകുപ്പിന്റെയും പോലീസിന്റെയും നേതൃത്വത്തിലുള്ള അന്വേഷണങ്ങളാണ് മറ്റു രണ്ടെണ്ണം. ഇതില്‍ ഉപസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സിന്‍ഡിക്കേറ്റ് യോഗത്തില്‍ ചര്‍ച്ചയായ റിപ്പോര്‍ട്ടിനെതിരെയാണ് എംപ്ലോയീസ് യൂണിയന്‍ രംഗത്തെത്തിയത്.

പരിപാടിയുടെ കണ്‍വീനറായ വ്യക്തിയെ സംരക്ഷിക്കുന്നുവെന്നും അദ്ദേഹത്തെ കുറിച്ച് യാതൊരുവിധത്തിലുള്ള പരാമര്‍ശങ്ങളും റിപ്പോര്‍ട്ടില്ലെന്നുമാണ് എംപ്ലോയീസ് യൂണിയന്റെ വിമര്‍ശനം. കൂടാതെ കുസാറ്റില്‍ വിപുലമായ സുരക്ഷാ സംവിധാനങ്ങളുണ്ടെന്നും ഇത് പരിപാടിയ്ക്കായി വിനിയോഗിച്ചോ എന്ന കാര്യത്തിലും ഒരുതരത്തിലുള്ള അന്വേഷണവും പരാമര്‍ശവും നടത്താതെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിദ്യാര്‍ഥികളില്‍ പലരേയും പ്രതിക്കൂട്ടിലാക്കുന്നു. സാമ്പത്തികകാര്യങ്ങളിലേക്ക് അന്വേഷണം പോകുന്നുവെന്നും അതിനപ്പുറം മറ്റുകാര്യങ്ങളില്‍ അന്വേഷണം നടത്താതെയുള്ള റിപ്പോര്‍ട്ടാണിതെന്നും എംപ്ലോയീസ് യൂണിയന്‍ ആരോപിച്ചു. ഇക്കാര്യമുന്നയിച്ച് ഗവര്‍ണര്‍ക്ക് പരാതി നല്‍കാനാണ് തീരുമാനം.

Content Highlights: cusat tragedy employees union demands judicial inquiry says subcommission report is not credible