സി.പി.എം. ഭരണം നിലനിര്‍ത്താനുള്ള സാദ്ധ്യത വിദൂരം: കെ. വേണു

സമകാലിക കേരളീയ രാഷ്ട്രീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ നിരീക്ഷകനും സാംസ്‌കാരിക വിമര്‍ശകനുമായ കെ വേണുവുമായി നടത്തിയ അഭിമുഖത്തിന്റെ അവസാന ഭാഗം. അഭിമുഖത്തിന്റെ ആദ്യ ഭാഗം( പിണറായിയില്‍ അധികാരം കേന്ദ്രീകരിക്കുന്നതാണ് സി.പി.എം. നേരിടുന്ന പ്രതിസന്ധി: കെ. വേണു) ഇവിടെ വായിക്കാം.
ശക്തമായ ജനകീയ ആഭിമുഖ്യമുള്ള ഒരു രണ്ടാം നിര നേതൃത്വത്തെ വാര്‍ത്തെടുക്കാന്‍ സി.പി.എമ്മിനായില്ല എന്ന യാഥാര്‍ത്ഥ്യം നിലവിലുള്ള പ്രതിസന്ധിയെ രൂക്ഷമാക്കുന്നില്ലേ?
ശരിയാണ്. ജനങ്ങളുടെ പക്ഷം ചേര്‍ന്ന് പാര്‍ട്ടിയെ നയിക്കാന്‍ കെല്പുള്ള നേതാക്കളുടെ അഭാവം സി.പി.എം. നേരിടുന്നുണ്ട്. തോമസ് ഐസക്ക് വാസ്തവത്തില്‍ സി.പി.എമ്മിന് മുന്നോട്ടു വെയ്ക്കാന്‍ കഴിയുന്ന ഒരു നേതാവാണ്. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര തലത്തിലും സാമ്പത്തിക തത്വശാസ്ത്ര മേഖലയിലും കാര്യമായ അടിത്തറ ഐസക്കിനുണ്ട്. പാര്‍ട്ടിയുടെ മുന്‍നിരയിലേക്ക് കടന്നുവന്നാല്‍ ജനങ്ങള്‍ സ്വീകരിക്കാന്‍ മടിക്കാത്ത നേതാവാണ് ഐസക്. പക്ഷേ, നിലവില്‍ പാര്‍ട്ടിക്കുള്ളിലുള്ള അധികാര സമവാക്യങ്ങള്‍ ഐസക്കിന് അനുകൂലമല്ല. ഐസക്കിനെ മുന്നില്‍ നിര്‍ത്തി സി.പി.എം. നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള സാദ്ധ്യതകളൊന്നും ഇപ്പോള്‍ കാണുന്നില്ല. എം.എ. ബേബിയും പാര്‍ട്ടിക്കുള്ളില്‍ ഒതുക്കപ്പെട്ട അവസ്ഥയിലാണ്. കേന്ദ്രതലത്തിലോ സംസ്ഥാന തലത്തിലോ ബേബിക്കിപ്പോള്‍ കാര്യമായൊരു ഇടമുണ്ടെന്ന് തോന്നുന്നില്ല. യുവനേതാക്കളാണെങ്കില്‍ പിണറായി വിജയന്റെ വിശ്വസ്തരും വിധേയരുമായാണ് നിലകൊള്ളുന്നത്.
വരുന്ന തിരഞ്ഞെടുപ്പിലും സി.പി.എമ്മിനെ നയിക്കാന്‍ പിണറായി വിജയന്‍ മാത്രമാണുള്ളതെന്ന അവസ്ഥയിലേക്കല്ലേ ഇത് വിരല്‍ ചൂണ്ടുന്നത്? പിണറായിക്ക് പകരം ആരെന്ന ചോദ്യത്തിന് പാര്‍ട്ടിക്ക് ഉത്തരമില്ലാത്ത സ്ഥിതിവിശേഷം?
അതെ. പിണറായിക്ക് പകരം ഒരു നേതാവിനെ ഇപ്പോള്‍ സി.പി.എമ്മിന് ഉയര്‍ത്തിക്കാട്ടാനില്ല. അതിനുള്ള പരിസരം പാര്‍ട്ടിയിലില്ല എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി. സി.പി.എമ്മിനിപ്പോള്‍ കേരളത്തില്‍ ഒരു മുഖവും ഒരു ശബ്ദവുമാണ്. അതിനെ മറികടക്കുന്ന മുഖങ്ങളും ശബ്ദങ്ങളും പാര്‍ട്ടിക്കാവശ്യമില്ല എന്നതാണവസ്ഥ. അതുകൊണ്ടുതന്നെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ തന്നെയാവും പാര്‍ട്ടിയെ നയിക്കുക എന്ന കാര്യത്തില്‍ സംശയത്തിനവകാശമുണ്ടെന്ന് തോന്നുന്നില്ല.
2011-ലെ തിരഞ്ഞെടുപ്പിലാണ് നീണ്ട 35 വര്‍ഷങ്ങള്‍ക്കു ശേഷം സി.പി.എമ്മിന് ബംഗാളില്‍ അധികാരം നഷ്ടപ്പെട്ടത്. പിന്നീടങ്ങോട്ട് ബംഗാളില്‍ സി.പി.എമ്മിനുണ്ടായ തകര്‍ച്ച ഭീകരമായിരുന്നു. സമാനമായൊരു പ്രതിസന്ധിയാണോ കേരളത്തിലും സി.പി.എമ്മിനെ കാത്തിരിക്കുന്നത്?
ഇക്കാര്യം ഞാന്‍ കാര്യമായി ശ്രദ്ധിച്ചിട്ടുള്ള സംഗതിയാണ്. ബംഗാളിലെ അവസ്ഥയല്ല കേരളത്തിലുള്ളത്. ഇവിടെ സി.പി.എം. അങ്ങിനെയങ്ങ് തകരില്ല. കാരണം ത്രിതല പഞ്ചായത്ത് ഘടകങ്ങള്‍, സഹകരണ സംഘങ്ങള്‍, സഹകരണ ബാങ്കുകള്‍ എന്നിങ്ങനെ വളരെ കാര്യമായൊരു ബഹുജന പങ്കാളിത്തം കേരളത്തില്‍ സി.പി.എമ്മിനുണ്ട്. ആശയപരമായ കെട്ടുറപ്പല്ല ,മറിച്ച് അധികാരവും സാമ്പത്തിക ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന സംവിധാനമാണത്. ഇത് അത്രയെളുപ്പത്തിലോ വേഗത്തിലോ തകരില്ല. ഇതോടൊപ്പം തന്നെ കുടുംബശ്രീയുടെ സാന്നിദ്ധ്യവും കാണേണ്ടതുണ്ട്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്കും കുടുംബശ്രീയില്‍ പങ്കാളിത്തമുണ്ടെങ്കിലും സി.പി.എമ്മിന്റെ സഹയാത്രികരാണ് ഇതില്‍ ഏറെയും.
ബംഗാളില്‍ മമത ബാനര്‍ജി സി.പി.എമ്മിനെ അവരുടെ നാണയത്തില്‍ തന്നെ തിരിച്ചടിച്ചുകൊണ്ടാണ് കളം പിടിച്ചത്. ഗുണ്ടായിസത്തെ ഗുണ്ടായിസം കൊണ്ടു നേരിടുന്ന രീതിയാണത്. ബംഗാളിലെ ഗ്രാമങ്ങളില്‍ ഞാന്‍ നേരത്തെ പറഞ്ഞതുപോലെ ജന്മികളുടെ സ്ഥാനത്തേക്കാണ് മാര്‍ക്സിസ്റ്റ് നേതാക്കള്‍ വന്നത്. ഗ്രാമത്തിലെ ഏറ്റവും വലിയ സമ്പന്നര്‍ നേരത്തെ ജന്മികളായിരുന്നുവെങ്കില്‍ പിന്നീടത് മാര്‍ക്സിസ്റ്റ് നേതാക്കളായി. അവര്‍ക്കാണ് ഗ്രാമത്തില്‍ ഏറ്റവും വലിയ വീടുകളുള്ളത് എന്ന അവസ്ഥയായി. പതുക്കെ പതുക്കെ ജനശത്രുക്കളുടെ ശ്രേണിയിലേക്കാണ് ഈ നേതാക്കള്‍ എത്തിച്ചേര്‍ന്നത്. ഇടക്കാലത്ത് ബംഗാളില്‍ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം ശക്തമാകുന്ന അവസ്ഥയുണ്ടായിരുന്നു. അതേക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ഗ്രാമങ്ങളില്‍ ജനങ്ങള്‍ മാര്‍ക്സിസ്റ്റ് നേതാക്കള്‍ക്കെതിരെ തിരിയുന്ന പ്രവണത ശ്രദ്ധയില്‍ പെട്ടത്.
മൂന്നരപ്പതിറ്റാണ്ടോളം സി.പി.എം. തുടര്‍ച്ചയായി അധികാരത്തിലിരുന്നതാണ് ബംഗാളില്‍ ഈ അപചയത്തിന് കാരണമായത്. അധികാരം പാര്‍ട്ടിയുടെ തലയ്ക്കുപിടിക്കുകയായിരുന്നു. അധികാര ദുഷ്പ്രഭുത്വത്തിന്റെ പ്രതിനിധികളായി പ്രാദേശിക തലത്തിലുള്ള നേതാക്കളും പരിണമിച്ചതോടെയാണ് പാര്‍ട്ടിയുടെ ജനകീയ ബന്ധം അറ്റുപോയത്. ഇതുപോലൊരു പ്രതിസന്ധി ഇവിടെ കേരളത്തില്‍ പാര്‍ട്ടി നേരിടുന്നില്ല. ഭരണത്തുടര്‍ച്ചയുടെ അഭാവമാണ് വാസ്തവത്തില്‍ ഈ പ്രതിസന്ധിയിലേക്ക് വീഴാതെ പാര്‍ട്ടിയെ കാത്തുസംരക്ഷിക്കുന്നത്.
ബംഗാളില്‍ സി.പി.എം. ദുര്‍ബ്ബലമായപ്പോള്‍ ബി.ജെ.പിക്ക് കാര്യമായ വളര്‍ച്ചയുണ്ടായി. കേരളത്തില്‍ ബംഗാളിലേതുപോലെ സി.പി.എം. ക്ഷീണിക്കുന്നതിനുള്ള സാദ്ധ്യത ഇല്ലെന്നാണ് താങ്കള്‍ വിലയിരുത്തുന്നത്. ഈ സാഹചര്യത്തില്‍ ബി.ജെ.പിയുടെ കേരളത്തിലെ ഭാവിയെക്കുറിച്ച് എന്താണ് പറയുന്നത്?
കേരളത്തിലേത് സവിശേഷമായ സാഹചര്യമാണ്. കേരളത്തിലെ ജനസംഖ്യയില്‍ 45 ശതമാനത്തോളം മുസ്ലിങ്ങളും ക്രിസ്ത്യാനികളുമടങ്ങുന്ന ന്യൂനപക്ഷമാണ്. ഇവരുടെയിടയില്‍ ബി.ജെ.പിക്ക് ഒരിക്കലും വേരുറപ്പിക്കാനാവുകയില്ല. 55 ശതമാനം വരുന്ന ഹിന്ദുക്കളുടെ ഇടയിലാണെങ്കില്‍ സി.പി.എമ്മിനാണ് കാര്യമായ അടിത്തറയുള്ളത്. ഇതിനിടയില്‍ വളരെ ചെറിയൊരു ഇടത്തിലാണ് ബി.ജെ.പിക്ക് നിലനില്‍ക്കാനാവുന്നത്. ഈ ഇടം വികസിപ്പിക്കാന്‍ ബി.ജെ.പിക്കാവണമെങ്കില്‍ സി.പി.എം. വലിയ തകര്‍ച്ചയെ നേരിടണം. പക്ഷേ, അതിനുള്ള സാദ്ധ്യത വളരെക്കുറവാണ്. കാരണം നേരത്തെ ചൂണ്ടിക്കാട്ടിയ പോലെ ത്രിതല പഞ്ചായത്ത് സംവിധാനം, സഹകരണപ്രസ്ഥാനങ്ങള്‍, കുടുംബശ്രീ എന്നിവയില്‍ സി.പി.എമ്മിനുള്ള പിടി ശക്തമാണ്. അതുകൊണ്ടുതന്നെ സമീപഭാവിയില്‍ കേരളത്തില്‍ ബി.ജെ.പി. ഒരു നിര്‍ണ്ണായക ശക്തിയാവുന്നതിനുള്ള സാദ്ധ്യത വിരളമാണ്.
ഇതാദ്യമായി കേരളത്തില്‍ ഭരണത്തുടര്‍ച്ചയ്ക്കുള്ള കളമൊരുങ്ങുകയാണെന്നും പിണറായി വിജയന്റെ നേതൃത്വത്തില്‍ സി.പി.എം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം നേടുമെന്നുമുള്ള നിരീക്ഷണങ്ങള്‍ ഇടക്കാലത്തുണ്ടായിരുന്നു. എന്നാല്‍ അടുത്ത കാലത്തുണ്ടായ വിവാദങ്ങള്‍ സി.പി.എമ്മിന്റെ ഈ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പിച്ചിട്ടുണ്ടെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
അങ്ങിനെയൊരു പ്രതീതി ഇടക്കാലത്ത് സൃഷ്ടിക്കപ്പെട്ടിരുന്നു എന്നത് വാസ്തവമാണ്. സി.പി.എം. അധികാരം നിലനിര്‍ത്താനുള്ള സാദ്ധ്യതയാണുള്ളത് എന്ന പ്രതീതി. അത്തരമൊരാശങ്ക എനിക്കുമുണ്ടായിരുന്നു. പക്ഷേ, ഇപ്പോള്‍ കാര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ അതിനുള്ള സാദ്ധ്യത അതിവിദൂരമാണ്.
ഭരണത്തുടര്‍ച്ച സി.പി.എമ്മിന്റെ സ്വപ്നമായി അവശേഷിക്കുമെന്നാണോ?
അത്തരമൊരു പരിസരമാണ് ഇപ്പോള്‍ കേരള രാഷ്ട്രീയം മുന്നോട്ടുവെയ്ക്കുന്നത്. സി.പി.എമ്മിനെ വീണ്ടും അധികാരത്തിലേറ്റാന്‍ കേരള ജനത തയ്യാറാകുന്ന ഒരന്തരീക്ഷം ഇപ്പോള്‍ ദൃശ്യമല്ല. വാസ്തവത്തില്‍ ജനാധിപത്യത്തിന്റെ പ്രസരണത്തിനും പോഷണത്തിനും ഭരണത്തുടര്‍ച്ച ഇല്ലാതിരിക്കുന്നതാണ് നല്ലത്.
നിലിവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ പ്രസക്തിയും ഭാവിയുമെങ്ങിനെയാണ് താങ്കള്‍ കാണുന്നത്?
കോണ്‍ഗ്രസിന് ഒരുപാട് ദൗര്‍ബ്ബല്യങ്ങളുണ്ട്. പലപ്പോഴും ജനാധിപത്യ നിഷേധങ്ങള്‍ കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. എങ്കിലും ഇപ്പോഴും ബി.ജെ.പിയുള്‍പ്പെടുന്ന ദേശീയ രാഷ്ട്രീയ മണ്ഡലത്തില്‍ ഒരു ജനാധിപത്യ ബദല്‍ മുന്നോട്ടുവെയ്ക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും ഇപ്പോഴും വേരോട്ടമുള്ള പാര്‍ട്ടിയാണത്. കേരളത്തിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുള്ള രാഷ്ട്രീയ ബദല്‍ കോണ്‍ഗ്രസ്സാണ്.
വാസ്തവത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയോ ബി.ജെ.പിയുടെയോ പോലൊരു കേഡര്‍ സംവിധാനം കോണ്‍ഗ്രസിനില്ല. ആ പാര്‍ട്ടിയുടെ സംഘടനാതലത്തിലുള്ള അടിത്തറ വളരെയധികം ദുര്‍ബ്ബലമാണ്. ഇടതുപക്ഷം വളരെ ശക്തമായ സംഘടനാ സംവിധാനത്തിലൂടെ നിലനില്‍ക്കുമ്പോള്‍ ഇങ്ങനെയൊരു സംവിധാനമില്ലാതെയാണ് കോണ്‍ഗ്രസ് നിലിനില്‍ക്കുന്നത്. പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ള ഒരു കാര്യമാണിത്. കോണ്‍ഗ്രസിന്റെ തളര്‍ച്ചയും തകര്‍ച്ചയും ഇന്ത്യയില്‍ ജനാധിപത്യത്തിന് ഗുണകരമല്ലെന്ന കാഴ്ചപ്പാടാണ് എനിക്കുള്ളത്.
നേതൃത്വ പ്രതിസന്ധിയാണ് കോണ്‍ഗ്രസും നേരിടുന്നത്. പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്തുനിന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ പിന്മാറ്റം കോണ്‍ഗ്രസിനെ ദുര്‍ബ്ബലമാക്കുകയല്ലേ ചെയ്തത്?
ഇന്ത്യ അടുത്ത കാലത്തുകണ്ട സത്യസന്ധനായ ഒരു നേതാവാണ് രാഹുല്‍ ഗാന്ധി. പക്ഷേ, അദ്ദേഹം തീരെ അമ്പീഷ്യസ് അല്ല. ആഗ്രഹങ്ങള്‍ ഇല്ലാത്ത ഒരാള്‍ക്ക് രാഷ്ട്രീയത്തില്‍ മുന്നേറാന്‍ പ്രയാസമാണ്. അധികാരത്തോട് ആര്‍ത്തിയില്ല എന്നതും നേതൃത്വമോഹമില്ല എന്നതു കൊണ്ടുമാണ് രാഹുല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ പദവി ഒഴിഞ്ഞത്.
രാഹുല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് തിരിച്ചുവരേണ്ടതുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. അഖിലേന്ത്യാ തലത്തില്‍ നേതൃത്വഗുണങ്ങളുള്ള ഒരാളെ എളുപ്പത്തില്‍ സൃഷ്ടിക്കാനാവില്ല. നെഹ്രു കുടുംബത്തിന് എന്തൊക്കെ പരിമിതികളുണ്ടെങ്കിലും അഖിലേന്ത്യാ തലത്തില്‍ അവര്‍ക്കൊരു പ്രതിച്ഛായയുണ്ട്. കോണ്‍ഗ്രസിനെപ്പോലൊരു പാര്‍ട്ടിയെ കെട്ടുറപ്പോടെ മുന്നോട്ടുകൊണ്ടു പോവുന്നതില്‍ നെഹ്രു കുടുംബത്തിനുള്ള പങ്ക് കാണാതിരിക്കേണ്ട കാര്യമില്ല. അഖിലേന്ത്യാ തലത്തില്‍ കോണ്‍ഗ്രസ് നേതൃശൂന്യത അനുഭവിക്കുന്നത് കോണ്‍ഗ്രസിനു മാത്രമല്ല രാജ്യത്തിനും ഹാനികരമാണെന്നതാണ് വാസ്തവം. അതുകൊണ്ടുകൂടിയാണ് രാഹുല്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍നിന്ന് മാറിനില്‍ക്കരുത് എന്ന് പറയേണ്ടിവരുന്നത്.
Content Highlights: CPM won't get a second chance in power, says K Venu
Content Highlights: