വാടാ, പോടാ, നീയാരെടാ... വിളികൾ; തിരുവനന്തപുരം കോർപ്പറേഷനിൽ 700 അജൻഡകൾ പാസായത് വെറും 7 മിനിറ്റിൽ

തിരുവനന്തപുരം: വൻ സമരങ്ങൾക്കു മുന്നോടിയായി ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനു മുന്നിൽ ഉണ്ടാകാറുള്ളതുപോലത്തെ സുരക്ഷാ വിന്യാസമായിരുന്നു തിങ്കളാഴ്ച കോർപ്പറേഷൻ ആസ്ഥാനത്ത്. കന്റോൺമെന്റ് എ.സി.പി.യുടെയും എസ്.എച്ച്.ഒ.മാരുടെയും നേതൃത്വത്തിൽ പോലീസ് സംഘം കോർപ്പറേഷനിലുണ്ടായിരുന്നു. കൗൺസിൽ ഹാളിനുള്ളിലായിരുന്നു കൂട്ടയടിയെല്ലാം. ഇതോടെ പോലീസിനും ഇടപെടുന്നതിന് പരിമിതിയുണ്ടായി.
ഭരണസ്തംഭനം ഉന്നയിച്ചും കാപ്പ കേസ് പ്രതിയായ വാഴോട്ടുകോണം കൗൺസിലറെ പുറത്താക്കണമെന്നുമാവശ്യപ്പെട്ട് കൗൺസിലിൽ പ്രതിപക്ഷം നടത്തിയ പ്രതിഷേധം എല്ലാ അർഥത്തിലും കൈവിട്ടുപോകുകയായിരുന്നു. യു.ഡി.എഫ്.-ബി.ജെ.പി. കൗൺസിലർമാർ തമ്മിലായിരുന്നു സംഘർഷം.
കൗൺസിലർമാരുടെ കൈക്കും കഴുത്തിനും അടിയേറ്റു. വനിതാ കൗൺസിലർമാർക്കും സംഘർഷത്തിൽ പരിക്കേറ്റു. ബി.ജെ.പി. കൗൺസിലറുടെ ഷർട്ടും സംഘർഷത്തിൽ കീറി.
മുദ്രാവാക്യത്തിൽ മുങ്ങി
കൗൺസിലിൽ മേയർ വി.വി.രാജേഷ് എത്തിയ ഉടനെ കെ.എസ്.ശബരീനാഥന്റെ നേതൃത്വത്തിൽ യു.ഡി.എഫ്. കൗൺസിലർമാർ ഇരിപ്പിടത്തിൽ നിന്നെണീറ്റ് മുദ്രാവാക്യം വിളിച്ചു. കൗൺസിലർ സുഗതനെ പുറത്താക്കിയേ തീരൂവെന്ന് യു.ഡി.എഫ്. അംഗങ്ങൾ വിളിച്ചുപറഞ്ഞു.
ഇതിനിടെയായിരുന്നു കഴിഞ്ഞ ദിവസം നടന്ന മേയർ ഓഫീസ് ഉപരോധത്തിൽ പരിക്കേറ്റ് ചികിത്സയിൽക്കഴിയുകയായിരുന്ന കൗൺസിലർമാരായ എസ്.എസ്.സിന്ധു, സിന്ധു ശശി എന്നിവരെ വീൽച്ചെയറിലിരുത്തി എൽ.ഡി.എഫ്. അംഗങ്ങളും കൗൺസിൽ ഹാളിലേക്ക് കടന്നുവന്നത്. ഗുണ്ടാനേതാവിനെ പുറത്താക്കുക, നഗരത്തെ ഗുണ്ടാമുക്തമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളായിരുന്നു പ്ലക്കാർഡുകളിൽ. മേയറുടെ സീറ്റിനു തൊട്ടുതാഴെനിന്നായിരുന്നു എൽ.ഡി.എഫ്. പ്രതിഷേധം.
അതിഥിയായി ടി.വി.യിൽ മന്ത്രി ഷാജി
ഇതിനിടെ കൗൺസിൽ നടപടികൾ ആരംഭിക്കുകയാണെന്ന് മേയർ അറിയിച്ചു. തുടർന്നായിരുന്നു മന്ത്രി കെ.എം.ഷാജിയുടെ വീഡിയോസന്ദേശം പ്രദർശിപ്പിച്ച് പ്രധാനമന്ത്രി ആവാസ് യോജനയിൽ കോർപ്പറേഷന്റെയും സംസ്ഥാന സർക്കാരിന്റെയും നയം ഒന്നാണെന്ന് മേയർ പ്രഖ്യാപിച്ചത്. ഇതോടെ ബഹളംകൂടി. അജൻഡകൾ ചർച്ച ചെയ്യണമെന്നും അംഗങ്ങൾ സഹകരിക്കണമെന്നും മേയർ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല.
മറുപക്ഷത്തുനിന്ന് ബി.ജെ.പി. അംഗങ്ങളും കൂക്കുവിളിയും ആക്രോശവും നടത്തുന്നുണ്ടായിരുന്നു. അനിയൻബാവയും ചേട്ടൻബാവയും ഒന്നിച്ചാലും കോർപ്പറേഷനിൽ തങ്ങളുടെ ഭരണം തുടരുമെന്ന് ബി.ജെ.പി. അംഗങ്ങൾ വിളിച്ചുപറഞ്ഞു. എഴുന്നൂറോളം അജൻഡകളാണ് കൗൺസിലിലുണ്ടായിരുന്നത്. ബഹളം രൂക്ഷമായതോടെ ഇവയെല്ലാം പാസാക്കിയതായി പറഞ്ഞ് മേയർ കൗൺസിൽ പിരിച്ചുവിട്ടു. വെറും ഏഴു മിനിറ്റിനുള്ളിലായിരുന്നു ഇതെല്ലാം.
അടി, ഇടി, ചീത്തവിളി, പിടിച്ചുതള്ളൽ
കൗൺസിൽ പിരിഞ്ഞശേഷമായിരുന്നു യു.ഡി.എഫ്.-ബി.ജെ.പി. കൗൺസിലർമാർ തമ്മിലുള്ള ഏറ്റുമുട്ടൽ. ഹാജർബുക്കിൽ സുഗതന്റെ പേരുള്ള ഭാഗം ഉയർത്തിക്കാട്ടി യു.ഡി.എഫ്. ബഹളമുണ്ടാക്കി. തങ്ങൾക്ക് ഒപ്പിടാൻ ബുക്ക് തരുന്നില്ലെന്നാരോപിച്ച് ചെമ്പഴന്തി ഉദയൻ, വി.ജി.ഗിരികുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ബി.ജെ.പി. കൗൺസിലർമാർ പാഞ്ഞെത്തുകയും ഇരുവിഭാഗവും തമ്മിൽ വാക്കുതർക്കവുമുണ്ടായി. ഇതിനിടെ ശബരീനാഥന്റെ കഴുത്തിന് അടിയേറ്റു. ചെമ്പഴന്തി ഉദയൻ, ഇരുഭാഗത്തെയും വനിതാ കൗൺസിലർമാർ എന്നിവർക്കും മർദനമേറ്റു. വാടാ...പോടാ...നീയാരെടാ...വിളികൾ അന്തരീക്ഷത്തിൽ മുഴങ്ങി. ഒരു മണിക്കൂറോളം ഇതു നീണ്ടുനിന്നു. ശബരീനാഥനും ഉദയനും തമ്മിൽ ഷർട്ടിൽ പിടിച്ചുവലിച്ചായിരുന്നു ഉന്തും തള്ളും. ഉദയന്റെ ഷർട്ടും ഇതിനിടെ കീറി. പാളയം കൗൺസിലർ ഷേർളി, കേശവദാസപുരം കൗൺസിലർ അനിത അലക്‌സ്, ചേങ്കോട്ടുകോണം കൗൺസിലർ അർച്ചന മണികണ്ഠൻ, കാര്യവട്ടം കൗൺസിലർ സന്ധ്യാറാണി എന്നിവർക്കും മർദനമേറ്റു. ഒരു മണിക്കൂറിലേറെ നീണ്ട അടിപിടിക്കുശേഷം നാലുമണിയോടെയാണ് എല്ലാവരും പിരിഞ്ഞുപോയത്. മർദനമേറ്റ ചെമ്പഴന്തി ഉദയനടക്കമുള്ളവർ ചികിത്സതേടി.
വിവാദനായകൻ ‘ഹാജർ’ബുക്ക്
തിങ്കളാഴ്ചത്തെ കൗൺസിൽ ഔദ്യോഗികമല്ലാതാക്കാൻ ബി.ജെ.പി. ശ്രമിച്ചുവെന്നാണ് പ്രതിപക്ഷ ആരോപണം. രേഖകളോ മിനിറ്റ്സോ ഇല്ലാതെ കൗൺസിൽ നടന്നുവെന്ന് വരുത്തിത്തീർക്കാനായിരുന്നു ശ്രമമെന്നും കെ.എസ്.ശബരീനാഥനടക്കമുള്ളവർ പറയുന്നു. ഇതുവഴി കാപ്പകേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം കൗൺസിലർ സുഗതനെ രക്ഷിക്കാനായിരുന്നു ശ്രമമെന്നും യു.ഡി.എഫ്. നേതാക്കൾ പറഞ്ഞു. എന്നാൽ, ഇതെല്ലാം കെട്ടുകഥകളാണെന്നും മേയറുടെ ഓഫീസിൽവന്നാൽ എപ്പോൾ വേണമെങ്കിലും ഹാജർബുക്കിൽ ഒപ്പിടാമെന്നും ഡിജിറ്റൽ തെളിവുകൾ കാണുമെന്ന് പ്രതിപക്ഷത്തിന് അറിയില്ലേയെന്നുമാണ് ബി.ജെ.പി.യുടെ മറുചോദ്യം.
----
ഹാജർബുക്ക് നശിപ്പിക്കാനാണ് യു.ഡി.എഫ്. ശ്രമിച്ചത്. പേജുകൾ കീറിക്കളഞ്ഞു. തിരികെ ചോദിച്ചപ്പോൾ നീയാരെടാ എന്നു ചോദിച്ചായിരുന്നു ആക്രോശം. കൗൺസിൽ നടന്നിട്ടില്ലെന്ന് വരുത്തിത്തീർക്കാനായിരുന്നു യു.ഡി.എഫ്. ശ്രമം. സ്ത്രീകളെ ആക്രമിച്ചത് യു.ഡി.എഫാണ്; ഞങ്ങളല്ല. ശബരിക്ക് എന്ത് വേണമെങ്കിലും വ്യാഖ്യാനിക്കാം. അതു ഞങ്ങളുടെ വിഷയമല്ല.
- ചെമ്പഴന്തി ഉദയൻ, വിദ്യാഭ്യാസ കായിക സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ.
-----
‘ബി.ജെ.പി. ഗുണ്ടായിസം കാണിക്കുകയാണ്. സ്ത്രീകളെയടക്കം ശാരീരികമായി ആക്രമിക്കുന്നു. ഭരണപരാജയം മറക്കാനുള്ള ശ്രമങ്ങളാണിത്. സ്ത്രീകളെ ആക്രമിച്ചാൽ നോക്കിനിൽക്കില്ല. കാപ്പ കേസിൽ പ്രതിയായ സുഗതനും സ്ത്രീകളെ ആക്രമിക്കുന്നതിനു നേതൃത്വം നൽകിയ ചെമ്പഴന്തി ഉദയനും രാജിവെക്കണം. ഷെർലി, അനിത അലക്‌സ് എന്നിവരെ മർദിച്ച സംഭവത്തിൽ ചെമ്പഴന്തി ഉദയൻ, വി.ജി.ഗിരികുമാർ, എസ്.എസ്.സുനിൽ എന്നിവർക്കെതിരേ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.’ - കെ.എസ്.ശബരീനാഥൻ യു.ഡി.എഫ്.
-----
‘ഭരണസ്തംഭനം മറച്ചുവെക്കാൻ ബി.ജെ.പി. അക്രമം അഴിച്ചുവിടുകയാണ്. ഇത് അംഗീകരിക്കാനാകില്ല. വനിതാ കൗൺസിലർമാരെയടക്കം മർദിച്ചവർക്കെതിരേ ശക്തമായ ജനവികാരം ഉയർന്നുവരണം.’
- വി.എസ്.ശിവകുമാർ, കെ.പി.സി.സി. രാഷ്ട്രീയ കാര്യസമിതി അംഗം
------
കോർപ്പറേഷൻ ശരിയായി ഭരിക്കാൻ കഴിയാത്തതിന്റെ നിരാശയാണ് മേയറുടെയും ബി.ജെ.പി.യുടെയും നടപടികളിൽ കാണുന്നത്. എന്ത് അക്രമവും കാട്ടാമെന്നാണ് ഇവരുടെ വിചാരം. അവിശ്വാസപ്രമേയത്തിലുൾപ്പെടെ കേസുകളിൽ ഭാവിയിൽ മുന്നണി തീരുമാനമനുസരിച്ച് രാഷ്ട്രീയസാഹചര്യം വിലയിരുത്തിയുള്ള തീരുമാനമെടുക്കും.’
- രാഖി രവികുമാർ, എൽ.ഡി.എഫ്. കൗൺസിലർ, മുൻ ഡെപ്യൂട്ടി മേയർ
Content Highlights: Internal disagreement within CPM regarding collaboration with UDF for a no-confidence motion., Tensions between V Sivankutty and the district leadership/V Joy., Strategic caution advised due to the risk of failure and potential political backlash., Legal complications involving BJP councilor Sugathan impacting the corporation's stability.