പരാതി ചോർത്തിയത് MV ഗോവിന്ദന്റെ മകനെന്നത് സംശയംമാത്രം, CPM-നെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല-ഷർഷാദ്

ഷര്‍ഷാദ്
ഷര്‍ഷാദ്

ചെന്നൈ: വ്യാപാരപങ്കാളിയായിരുന്ന രാജേഷ് കൃഷ്ണയുമായുള്ള തര്‍ക്കങ്ങളില്‍ സിപിഎമ്മിനെയോ കേരളത്തിലെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെയോ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് പരാതിക്കാരനായ മുഹമ്മദ് ഷര്‍ഷാദ്. വിഷയത്തെപ്പറ്റി സംസാരിക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും സംസ്ഥാന സെക്രട്ടറി അവസരംതന്നില്ലെന്നും ഷര്‍ഷാദ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനാണ് യുകെയില്‍ കഴിയുന്ന രാജേഷ് കൃഷ്ണയുമായി പരിചയപ്പെടുത്തിയത്. പ്രശ്‌നങ്ങളുടെപേരില്‍ പോലീസിലും മറ്റ് ഏജന്‍സികളിലും പരാതിനല്‍കിയിരുന്നു. തുടര്‍നടപടിയുണ്ടായില്ല. സിപിഎം അനുഭാവിയായതുകൊണ്ടും നീതിലഭിക്കുമെന്ന് പ്രതീക്ഷയുള്ളതുകൊണ്ടുമാണ് പാര്‍ട്ടിയെ സമീപിച്ചത്. പിബിയ്ക്ക് ഇംഗ്ലീഷില്‍ നല്‍കിയ പരാതിയുടെ പകര്‍പ്പ് മറ്റാര്‍ക്കും നല്‍കിയിട്ടില്ല. അതു ചോര്‍ത്തി രാജേഷ് കൃഷ്ണയ്ക്ക് നല്‍കിയത് സംസ്ഥാന സെക്രട്ടറിയുടെ മകനാണെന്നത് സംശയം മാത്രമാണ്.

കത്തുചോര്‍ന്നത് മാതൃഭൂമിയില്‍ വാര്‍ത്തയായതോടെയാണ് ചര്‍ച്ചയായത്. പാര്‍ട്ടിയെ അപമാനിക്കാനാണെങ്കില്‍ നേരത്തേത്തന്നെ മാധ്യമങ്ങളെ അറിയിക്കാമായിരുന്നു. എം.വി. ഗോവിന്ദന്‍ നല്‍കിയ വക്കീല്‍നോട്ടീസിന് മറുപടി നല്‍കിക്കഴിഞ്ഞു. തോമസ് ഐസക്കിന്റെ നോട്ടീസിന് ഒരാഴ്ചയ്ക്കുള്ളില്‍ മറുപടിനല്‍കും- ഷര്‍ഷാദ് പറഞ്ഞു.

Content Highlights: cpm letter controversy muhammad sharshad