തിരിച്ചുവരാൻ സിപിഎമ്മിൽ ഇളക്കിപ്രതിഷ്ഠ; മാറ്റങ്ങളിൽ രാഷ്ട്രീയ പ്രാധാന്യമേറെ

#ബിജു പരവത്ത്
കോഴിക്കോട് കടപ്പുറത്ത് നടന്ന ബഹുജനറാലിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി സംസാരിക്കുന്നു |ഫോട്ടോ: സാജന്‍ വി.നമ്പ്യാര്‍
കോഴിക്കോട് കടപ്പുറത്ത് നടന്ന ബഹുജനറാലിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി സംസാരിക്കുന്നു |ഫോട്ടോ: സാജന്‍ വി.നമ്പ്യാര്‍

കോഴിക്കോട്: മാറിയേപറ്റൂവെന്ന തോന്നലിൽനിന്ന്, മാറണമെങ്കിൽ ആളനക്കമുള്ള സംഘടനാസംവിധാനമുണ്ടാക്കണമെന്ന ബോധ്യത്തിലേക്ക് സി.പി.എം. എത്തിച്ചേർന്നുവെന്നതാണ് വിശാല സംസ്ഥാന സമിതി യോഗത്തിന്റെ പ്രത്യേകത. പാർട്ടിയെ ചലിപ്പിക്കേണ്ട സംസ്ഥാന സെക്രട്ടറിയേറ്റിന് പറ്റിയ വീഴ്ചകൾ ബ്രാഞ്ചുമുതൽ കേന്ദ്രകമ്മിറ്റിവരെ അക്കമിട്ട് നേരത്തെതന്നെ നിരത്തിയതാണ്. ഇതിൽ ഇനിയെന്ത് ചെയ്യാനാകുമെന്ന ചർച്ചയാണ് വിശാലയോഗത്തിലുണ്ടായത്. അതിനൊടുവിലാണ് സെക്രട്ടറിയേറ്റിൽ ഇളക്കിപ്രതിഷ്ഠ വേണമെന്ന തീരുമാനത്തിലേക്ക് എത്തിച്ചത്. ഈ മാറ്റത്തിന്റെ രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്.

പാർട്ടിയും സർക്കാരും ഒറ്റവ്യക്തിയിലേക്ക് ഒതുങ്ങിയതും തിരഞ്ഞെടുപ്പ് പ്രചരണത്തിന് മുന്നണിപോലും ഒറ്റമുഖത്തിൽ അഭയംതേടിയതും പരാജയത്തിന്റെ കാരണമായി കേന്ദ്രകമ്മിറ്റി ചൂണ്ടിക്കാട്ടിയതാണ്. പൊതുയോഗത്തിലടക്കം നേതാക്കൾ നടത്തിയ പരാമർശങ്ങൾ ജനങ്ങളെ അകറ്റുന്നതായി എന്നതാണ് മറ്റൊരു കണ്ടെത്തൽ. ഈ മൂന്നുകാര്യത്തിലും പിണറായി വിജയനാണ് പ്രതിക്കൂട്ടിലുള്ളത്. സർക്കാരിന് ദിശനിശ്ചയിക്കാൻ പാകത്തിൽ പാർട്ടിയുണ്ടാകണമെന്നും അതിന് പാർട്ടിക്ക് കഴിഞ്ഞില്ലെന്നുമാണ് മറ്റൊരു കണ്ടെത്തൽ. സ്ഥാനാർത്ഥിനിർണയത്തിലെ സ്വജനപക്ഷപാതം, കാര്യങ്ങളവതരിപ്പിക്കുന്നതിലെ പോരായ്മകൾ എന്നിവയെല്ലാം കേന്ദ്രകമ്മിറ്റി ചൂണ്ടിക്കാട്ടി. ഇതിലെല്ലാം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് പഴിയുള്ളത്. അതുകൊണ്ടാണ്, പാർട്ടിമാറണമെങ്കിൽ നേതൃതലത്തിലെ മുഖവും മാറണമെന്ന വാദം ശക്തമായത്. ഇത് സി.പി.എമ്മിനുള്ളിൽ രണ്ടുപക്ഷമുണ്ടാക്കി.

പാർട്ടി നേതൃത്വത്തിന് ഒരുമാറ്റവുമുണ്ടാകില്ലെന്ന് എം.വി.ഗോവിന്ദൻ തുടക്കത്തിലെ പ്രഖ്യാപിച്ചു. ജനങ്ങളാണ് തിരുത്തേണ്ടതെന്ന് പിണറായി വിജയനും മുമ്പേ പറഞ്ഞു. മാറേണ്ടതെല്ലാം മാറണമെന്ന് ചൂണ്ടിക്കാട്ടി മറുവാദത്തിന് ബലം നൽകിയത് തോമസ് ഐസക്കാണ്. തിരുത്തൽ കാര്യത്തിൽ രണ്ടുവഴികൾ പാർട്ടിയിലുണ്ടെന്ന ചർച്ചയ്ക്ക് വഴിയിട്ടത്. ഇത് രണ്ടും ജയിച്ചുവെന്നോ രണ്ടും തോറ്റുവെന്നോ പറയാനാകാത്ത തിരുത്തൽ നടപടിയാണ് പാർട്ടിയിലുണ്ടായിരിക്കുന്നത്. ഒരുമാറ്റവുമുണ്ടാവില്ലെന്ന് പറഞ്ഞ ഗോവിന്ദന് പാർട്ടി ശിക്ഷവിധിക്കുന്ന സ്ഥിതി വന്നു. ജനങ്ങളല്ല, പാർട്ടി നേതൃത്വമാണ് തിരുത്തേണ്ടതെന്ന് വിശാലയോഗത്തിന്റെ വിധി പിണറായിക്കുള്ള മറുപടിയാണ്. എന്നാൽ, ഈ രണ്ടുനേതാക്കളെയും മാറ്റാനുള്ള നടപടിയിലേക്ക് ഇപ്പോൾ പോയില്ലെന്നത് ഇവരുടെ വിജയവുമാണ്. സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇളക്കിപ്രതിഷ്ഠയുണ്ടായപ്പോൾ വിമതശബ്ദമായ തോമസ് ഐസക്കാണ് പുറത്തായത്. കേന്ദ്രകമ്മിറ്റി അംഗമെന്ന നിലയിൽ അദ്ദേഹത്തിന് തുടർന്നു സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കാമെന്ന സാങ്കേതിക ഇളവുലഭിക്കുമെന്നുമാത്രം.

പകരം വന്ന മാറ്റത്തിലും രാഷ്ട്രീയത്തിലും പ്രാധാന്യമുണ്ട്. ഐസക്കിന്റെ വാദത്തിന് പിന്തുണനൽകുന്ന എം.ബി.രാജേഷാണ് സെക്രട്ടറിയേറ്റിലെത്തിയത്. പിണറായിക്ക് എന്തിലും പിന്തുണ നൽകുന്ന വി.ശിവൻകുട്ടിയാണ് സെക്രട്ടറിയേറ്റിൽ പുതുതായി എത്തിയ മറ്റൊരാൾ. ഇതും രണ്ടുപക്ഷമായവരെ ഒരുമിച്ച് തൃപ്തിപ്പെടുത്തുന്ന മാറ്റമാണ്. പലവട്ടം തഴയപ്പെട്ട് ഒതുങ്ങിപ്പോയ പി.ജയരാജൻ ഉയർത്തപ്പെട്ടവനായി മാറിയെന്നതാണ് മറ്റൊരു പ്രത്യേകത. വടകര മത്സരിക്കാനിറങ്ങിയതിന്റെ പേരിൽ ജില്ലാസെക്രട്ടറി സ്ഥാനം പോയ ജയരാജന്, അടുത്ത സമ്മേളനത്തിൽ 75 വയസ്സ് കഴിയും. ഇനിയൊരുതിരിച്ചുവരവില്ലെന്ന് കരുതിയ ഘട്ടത്തിലാണ് അദ്ദേഹം, കേന്ദ്രനേതാക്കളുടെ പിന്തുണയോടെ സെക്രട്ടറിയേറ്റിലേക്ക് എത്തുന്നത്. പിണറായിയുടെയും എം.വി.ഗോവിന്ദന്റെയും നിഴലായി മാറിയെന്ന രീതിയിൽ കണ്ണൂർ ജില്ലാസെക്രട്ടറി കെ.കെ.രാഗേഷ് വിമർശനം നേരിട്ടപ്പോൾ അദ്ദേഹത്തെ കണ്ണൂരിലെ മുതിർന്ന നേതാക്കളിൽ പി. ജയരാജൻ മാത്രമാണ് പിന്തുണച്ചത്. ഒരേസമയം വിമതനും വിശ്വസ്തനുമായി പാർട്ടിയിൽ മാറാറുള്ള ജയരാജൻ, വർത്തമാന രാഷ്ട്രീയം മൂർച്ചയോടെ അവതരിപ്പിക്കാറുണ്ടെന്നതും പ്രത്യേകതയാണ്. ഇപ്പോൾ പാർട്ടിക്ക് വേണ്ടത് അങ്ങനെയൊരു നേതാവുകൂടിയാണെന്ന് കേന്ദ്രം തിരിച്ചറിയുന്നുണ്ട്.

കണ്ണൂരിൽനിന്ന് എൻ.സുകന്യ യോഗത്തിലെ ചർച്ചയിൽ പങ്കെടുക്കുന്നതും സംസ്ഥാനകമ്മിറ്റിയിൽ ക്ഷണിതാവുന്നതും ഒരു മാറ്റത്തിന്റെ ലക്ഷണമാണ്. കേന്ദ്രകമ്മിറ്റി അംഗങ്ങളിൽ കെ.കെ.ശൈലജ മാത്രമാണ് പൊതുസമ്മേളനത്തിൽ പ്രസംഗത്തിനുണ്ടായിരുന്നത് എന്നതും സി.പി.എം. രാഷ്ട്രീയത്തിലെ വരാനിരിക്കുന്ന മാറ്റത്തിന്റെ സൂചനയാണ്. തിരുത്തൽ ഇവിടെ തീരുന്നില്ലെന്ന് പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലകളിലും മാറ്റങ്ങളും ഇളക്കിപ്രതിഷ്ഠകളും വന്നേക്കും. അതിന്റെ ഉൾപ്പിരിവുകൾ കണ്ണൂരിലാകും ഏറെയുണ്ടാകുക എന്നതാണ് വരാനിരിക്കുന്ന മാറ്റം.

Content Highlights: CPM state committee realizes the urgent need for organizational and leadership restructuring., Failures in election campaigns, centralization of power, and public alienation highlighted central committee findings., Secretariat changes include the entry of MB Rajesh, V Sivankutty, and P Jayarajan, balancing internal factions., Further organizational corrections and district-level overhauls are expected soon.