സൈബറിടത്തിൽ കലങ്ങിമറിഞ്ഞ് കണ്ണൂർ സി.പി.എം; അസംതൃപ്തരെ ഉന്നമിട്ട് ‘വിമതർ’

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം | Photo: ANI
പ്രതീകാത്മകചിത്രം | Photo: ANI

കണ്ണൂർ: തിരഞ്ഞെടുപ്പ് പരാജയത്തെച്ചൊല്ലിയുള്ള വാദപ്രതിവാദങ്ങളിൽ കണ്ണൂരിലെ സി.പി.എം. കലങ്ങിമറിയുന്നു. മുൻപെങ്ങുമില്ലാത്ത വിധമുള്ള മാണ് പാർട്ടിയുടെ 'അനൗദ്യോഗിക ആസ്ഥാന'ത്ത് നടക്കുന്നത്. തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളിലെ തോൽവിയുമായി ബന്ധപ്പെട്ടാണ് അണികളും അനുഭാവികളും ഉൾപ്പെടെയുള്ളവർ അതിരൂക്ഷമായ ഭാഷയിൽ നേതൃത്വത്തെ കടന്നാക്രമിക്കുന്നത്. ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിനെതിരേയുള്ള സൈബർ ആക്രമണമായി ഇത് വളർന്നതോടെ പ്രധാന നേതാക്കളുൾപ്പെടെ പ്രതിരോധിക്കാൻ ശ്രമം തുടങ്ങി.

സ്ഥാനാർഥി നിർണയത്തിലെ വീഴ്ചയുടെ ഉത്തരവാദിത്വം ജില്ലാ കമ്മിറ്റിക്കാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞതിനുശേഷം രാഗേഷിനെതിരേയുള്ള ആക്രമണത്തിന് ശക്തികൂടി. സി.പി.എമ്മിലെ കലുഷിതമായ അന്തരീക്ഷം മനസ്സിലാക്കിയാണ് യു.ഡി.എഫ്. പിന്തുണയോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ച ടി.കെ.ഗോവിന്ദനും വി.കുഞ്ഞികൃഷ്ണനും യോജിച്ച നീക്കവുമായിറങ്ങിയത്. പിണറായി വിജയനെ കടന്നാക്രമിച്ചാണ് ഇരുവരും ഒന്നിച്ച് രംഗത്തുവന്നത്. തിരഞ്ഞെടുപ്പിനുമുൻപ് തങ്ങൾ പറഞ്ഞ കാര്യങ്ങളാണ് സി.പി.എം. നേതൃത്വം ഇപ്പോൾ ഏറ്റുപറയുന്നതെന്ന വാദം പാർട്ടി അണികളെയും സ്വാധീനിക്കുന്നുണ്ട്. തളിപ്പറമ്പിൽ പി.കെ.ശ്യാമളയെ ജില്ലാ സെക്രട്ടേറിയറ്റിൽ ഒരാൾ മാത്രമാണ് പിന്തുണച്ചതെന്നും പയ്യന്നൂരിൽ ടി.ഐ. മധുസൂദനനെ ഒന്നോ രണ്ടോ പേരൊഴികെ എല്ലാവരും എതിർത്തുവെന്നും ആ യോഗത്തിൽ അധ്യക്ഷത വഹിച്ചത് താനാണെന്നുമാണ് ടി.കെ.ഗോവിന്ദന്റെ വെളിപ്പെടുത്തൽ.

പയ്യന്നൂരിലെയും തളിപ്പറമ്പിലെയും സ്ഥാനാർഥികളെ ജില്ലാ കമ്മിറ്റിയും മണ്ഡലം കമ്മിറ്റിയും അംഗീകരിക്കാതിരുന്നിട്ടും ജില്ലാ സെക്രട്ടറി എങ്ങനെ അവരുടെ പേരുകൾതന്നെ സംസ്ഥാന നേതൃത്വത്തിന് സമർപ്പിച്ചെന്നാണ് പാർട്ടിവിട്ട മുൻ നേതാക്കളുടെയും സാമൂഹികമാധ്യമങ്ങളിൽ ഒരുവിഭാഗത്തിന്റെയും ചോദ്യം. ജില്ലാ കമ്മിറ്റിക്കാണ് തോൽവിയുടെ ഉത്തരവാദിത്വമെന്ന വാദത്തെ ടി.കെ.ഗോവിന്ദനും വി.കുഞ്ഞികൃഷ്ണനും തള്ളിക്കളയുന്നതും ശ്രദ്ധേയമാണ്. പരാജയങ്ങളുടെ ഉത്തരവാദിത്വം ജില്ലാ സെക്രട്ടറിക്കാണെന്നും സ്ഥാനത്തുനിന്ന് മാറ്റുകയാണ് പരിഹാരമെന്നുമാണ് സാമൂഹികമാധ്യമങ്ങളിലെ വിമർശം. ഇത് സംഘടിത വ്യക്തിഹത്യയും സൈബർ ആക്രമണവുമാണെന്ന് ആരോപിച്ച് സംസ്ഥാനസമിതിയംഗം എ.എൻ.ഷംസീർ, ജില്ലാ സെക്രട്ടേറിയറ്റംഗം കാരായി രാജൻ എം.എൽ.എ., ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് എം.എൽ.എ. എന്നിവരാണ് പ്രധാനമായും രാഗേഷിന് പ്രതിരോധം തീർക്കാൻ ശ്രമിച്ചത്. പാർട്ടി അച്ചടക്കവും അന്തസ്സും ലംഘിച്ചുള്ള ആസൂത്രിത വേട്ടയാടൽ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന നേതാക്കളുടെ കുറിപ്പിനുള്ള കമന്റുകളിലും അതിരൂക്ഷ വിമർശമാണെന്നത് നേതൃത്വത്തെ അമ്പരപ്പിക്കുന്നുണ്ട്.

Content Highlights: Internal dissent within CPM Kannur following the 2026 election losses., Cyber attacks targeting District Secretary KK Ragesh., Controversy regarding candidate selection in Taliparamba and Payyannur., Intervention by former leaders TK Govindan and V Kunhikrishnan., Attempts by party leadership to defend against organized cyber campaigns.