‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ പ്രചാരണമുദ്രാവാക്യം തിരിച്ചടിച്ചു; അവലോകന രേഖയിൽ സിപിഎം

#സ്വന്തം ലേഖകൻ
സിപിഎം നേതാക്കള്‍ (ഫയല്‍ ചിത്രം) |ഫോട്ടോ:മാതൃഭൂമി
സിപിഎം നേതാക്കള്‍ (ഫയല്‍ ചിത്രം) |ഫോട്ടോ:മാതൃഭൂമി

ന്യൂഡൽഹി: ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ സർക്കാരിനാകും എന്ന പ്രതീതിയുണർത്തിയ കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രചാരണം മിഥ്യാബോധം സൃഷ്ടിച്ചെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റിയുടെ അവലോകനരേഖ. ‘എൽ.ഡി.എഫ്. അല്ലാതെ മറ്റാരുണ്ട്’ എന്ന പ്രചാരണമുദ്രാവാക്യത്തെയാണ് കേന്ദ്രകമ്മിറ്റി പേരെടുത്തുപറയാതെ തള്ളിപ്പറയുന്നത്.

വികസന, ക്ഷേമ കാര്യങ്ങളിലൂന്നിയ പ്രചാരണത്തിൽ പാർട്ടി മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം ഉൾച്ചേർക്കാതിരുന്നത് തിരിച്ചടിച്ചു. നവലിബറൽ, കോർപ്പറേറ്റ്, വർഗീയ നയങ്ങൾക്കെതിരായ രാഷ്ട്രീയപ്രചാരണമില്ലാതെ വികസന, ക്ഷേമ നയസമീപനം മുന്നോട്ടുവെച്ചാൽ ജനങ്ങളുടെ പിന്തുണ പ്രതീക്ഷിക്കാനാവില്ലെന്നും തിരഞ്ഞെടുപ്പു ഫലം അവലോകനംചെയ്ത സി.പി.എം. കേന്ദ്രകമ്മിറ്റിയുടെ രേഖ ചൂണ്ടിക്കാട്ടി. അവലോകനരേഖ സി.പി.എം. ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു.

എൽ.ഡി.എഫ്. സർക്കാരിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടിയത് ശരിയായിരുന്നെങ്കിലും കേന്ദ്രത്തിലെ ബി.ജെ.പി. സർക്കാരിന്റെ സംസ്ഥാനത്തോടുള്ള വിവേചനം ജനങ്ങൾക്കിടയിൽ മതിയായരീതിയിൽ പ്രചരിപ്പിക്കാനായില്ല.

പ്രചാരണം ഒരു വ്യക്തിക്കുചുറ്റും കറങ്ങുന്ന പ്രതീതിയുളവായി. പൊളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയൻ സർക്കാരിനെ നന്നായി നയിച്ചെങ്കിലും പിണറായിക്കുചുറ്റും പ്രചാരണം കേന്ദ്രീകരിക്കപ്പെട്ടത് അദ്ദേഹത്തിനെതിരേ സംഘടിത പ്രചാരണമഴിച്ചുവിടാൻ യു.ഡി.എഫിന് അവസരമൊരുക്കി.

അവലോകന രേഖയിൽനിന്ന്:

* 54 സിറ്റിങ് എം.എൽ.എ.മാരെ വീണ്ടും മത്സരിപ്പിച്ചപ്പോൾ കെ.കെ. ശൈലജയെ മണ്ഡലം മാറ്റി മത്സരിപ്പിച്ചതിന്റെ ന്യായം ജനങ്ങൾക്ക് ബോധ്യമായില്ല. ഇത് എതിരാളികൾ പ്രചാരണായുധമാക്കി.

* സ്ഥാനാർഥിനിർണയത്തിലെ പാളിച്ച, പ്രത്യേകിച്ചും കണ്ണൂർ ജില്ലയിൽ സംഭവിച്ചത്, സംസ്ഥാനത്താകെ തെറ്റായ സന്ദേശമായി. തളിപ്പറമ്പ്, പയ്യന്നൂർ, അമ്പലപ്പുഴ മണ്ഡലങ്ങളിൽ വിമതർ പാർട്ടി സ്ഥാനാർഥികളെ അട്ടിമറിച്ചതിൽനിന്ന് പാഠമുൾക്കൊള്ളണം.

* കണ്ണൂർ ജില്ലയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രണ്ട് മുസ്‍ലിം സ്ഥാനാർഥികളുണ്ടായിരുന്നു. ഇക്കുറി ആരുമില്ല.

* പൊതുയോഗങ്ങളിലും മാധ്യമങ്ങളോടും സംസാരിക്കുമ്പോൾ ചില നേതാക്കൾക്ക് ശ്രദ്ധക്കുറവുണ്ടായി. ഇത് ഇടതുവിരുദ്ധ മാധ്യമങ്ങൾ അവസരമാക്കി.

* രാഷ്ട്രീയ മൂർച്ചയില്ലാത്തതും നീണ്ടതുമായ പ്രസംഗങ്ങൾ ജനങ്ങളെ ആകർഷിക്കുന്നില്ല

* പോലീസിന്റെ അമിതമായ കൈകടത്തലടക്കം ബ്യൂറോക്രസിയുടെ കടന്നുകയറ്റം ചില പാർട്ടി മന്ത്രിമാരെ ജനങ്ങളിൽനിന്ന് അകറ്റി.

* ഒരുവിഭാഗം പാർട്ടിനേതാക്കളിലും പ്രവർത്തകരിലും പ്രകടമായ ധാർഷ്ട്യം, അഴിമതി, സ്വജനപക്ഷപാതം, ആഡംബരജീവിതരീതി എന്നിവ ജനവിശ്വാസം ചോർത്തി.

Content Highlights: Over-reliance on development narratives without strong political ideological grounding., Negative impact of centralizing the campaign around a single individual., Failure to effectively communicate the BJP central government's discrimination against the state., Internal organizational issues including candidate selection and lack of grassroots discipline., Public alienation due to bureaucratic overreach and perceived arrogance of party leaders.