സർക്കാരിനെതിരേ CPI ഒറ്റയ്ക്ക് സമരത്തിന്; നീക്കം പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിൽ സമവായമാകാത്തതോടെ

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച് സി.പി.എം.-സി.പി.ഐ. തർക്കം സമവായത്തിലെത്താത്ത സാഹചര്യത്തിൽ സർക്കാരിനെതിരേ ഒറ്റയ്ക്ക് സമരത്തിനിറങ്ങാൻ സി.പി.ഐ.
മുന്നണിയുടെ സമരങ്ങൾ ഉടനുണ്ടാകുമെന്നും എല്ലാകക്ഷികൾക്കും ഒറ്റയ്‌ക്കൊറ്റയ്ക്ക് സമരം നടത്താൻ അവകാശമുണ്ടെന്നുമാണ് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
12-ന് നിയമസഭാസമ്മേളനം തുടങ്ങും. അതിനുശേഷം, മുഴുവൻ മേഖലകളിൽനിന്നും പ്രവർത്തകരെ എത്തിച്ച് 14-ന് പാർട്ടിയുടെ ശക്തിതെളിയിക്കുന്ന സമരപരിപാടി ഒരുക്കാനാണ് സി.പി.ഐ.യുടെ തീരുമാനം.
വെള്ളപ്പൊക്കംകാരണം ദുരിതം നേരിട്ടവർക്ക് സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ വിതരണം ചെയ്യുക, ഇടതുസർക്കാർ നടപ്പാക്കിയ സ്ത്രീ സുരക്ഷാപെൻഷൻ പദ്ധതി റദ്ദാക്കിയ തീരുമാനം പുനഃപരിശോധിക്കുക, ലേബർകോഡും പി.എം. ശ്രീയും നടപ്പാക്കാനുള്ള തീരുമാനത്തിൽനിന്ന് പിന്മാറുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
പ്രതിപക്ഷ ഉപനേതാവ് പദവി ആവശ്യത്തിൽനിന്ന് സി.പി.ഐ. പിന്നോട്ടുപോയിട്ടില്ലെന്നും അത് പാർട്ടിയുടെ സുചിന്തിതമായ നിലപാടാണെന്നുമാണ് ബിനോയ് വിശ്വം പറഞ്ഞത്. ഇക്കാര്യത്തിൽ തീരുമാനമാകാതെ പാർലമെന്ററി പാർട്ടി യോഗം വേണ്ടതില്ലെന്ന മുൻനിലപാടിൽത്തന്നെയാണ് സി.പി.ഐ. അതിനാൽ, ഈ നിയമസഭാകാലത്തും സർക്കാരിനെ നേരിടാനുള്ള പ്രതിപക്ഷ കൂടിയാലോചന ഉണ്ടാകാനിടയില്ല.
യു.ഡി.എഫ്. സർക്കാർ വന്നതിനുശേഷം എൽ.ഡി.എഫിന് ഒന്നിച്ച് സമരത്തിനിറങ്ങാനോ ഒറ്റക്കെട്ടായി പ്രതിഷേധം ഉയർത്താനോ കഴിഞ്ഞിട്ടില്ല. പിണറായി വിജയനും കുടുംബത്തിനുമെതിരേ ഇ.ഡി.യും പിന്നാലെ പോലീസിന്റെ പ്രത്യേക അന്വേഷണസംഘവും വന്നതോടെയാണ് സി.പി.എം സമരമാർഗത്തിലേക്ക് മാറിയത്. തത്‌കാലം അതിനൊപ്പം നിൽക്കാൻ സി.പി.ഐ. തയ്യാറാകില്ല.
ഇ.ഡി. രാഷ്ട്രീയലക്ഷ്യത്തോടെ പിണറായിക്കോ സി.പി.എമ്മിനോ എതിരേവന്നാൽ സി.പി.ഐ. കൈയുംകെട്ടി നോക്കിനിൽക്കില്ലെന്നാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
വീണയ്ക്കെതിരെയുള്ള അന്വേഷണത്തിൽ ‘ബിസിനസ് വേറെ, രാഷ്ട്രീയം വേറെ’ എന്ന മുൻനിലപാട് അദ്ദേഹം ആവർത്തിക്കുകയും ചെയ്തു. മുഹമ്മദ് റിയാസിനെതിരേ ഉയർന്ന ആരോപണങ്ങളിൽ ഒന്നും അദ്ദേഹം മിണ്ടിയിട്ടുമില്ല.
സി. ദിവാകരൻ തെറ്റ് സമ്മതിച്ചു
മുഖ്യമന്ത്രി വി.ഡി. സതീശനെ പുകഴ്ത്തി സംസാരിച്ച മുതിർന്ന സി.പി.ഐ. നേതാവ് സി. ദിവാകരൻ പാർട്ടിയോട് തെറ്റ് ഏറ്റുപറഞ്ഞു. വിശദീകരണം തേടിക്കൊണ്ട് സി.പി.ഐ. അദ്ദേഹത്തിന് നോട്ടീസ് നൽകിയിരുന്നു.
ഇതിന് നൽകിയ മറുപടിയിൽ തെറ്റ് സമ്മിതിച്ചെന്നും ഇനി ആവർത്തിക്കില്ലെന്ന് അറിയിച്ചതായും ബിനോയ് വിശ്വം പറഞ്ഞു. കൂടുതൽ നടപടിയിലേക്ക് പാർട്ടി കടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: CPI decides to launch independent protests against the Kerala government amid a deadlock over the Deputy Opposition Leader post., Protests scheduled for November 14 demand flood relief distribution, restoration of women's safety pensions, and rollback of labor codes., Binoy Viswam asserts that CPI will not compromise on the Deputy Opposition Leader demand and maintains a distance from CPM's ED-related protests.