പാർട്ടിയിൽ സ്വാധീനം പണത്തിന്, ഗീതഗോപിയുടേത് പെയ്മന്റ് സീറ്റ്; സ്വതന്ത്ര സ്ഥാനാർഥിയാകും- C.C മുകുന്ദൻ

തൃശ്ശൂർ: നാട്ടിക നിയമസഭാ മണ്ഡലത്തിൽ സിറ്റിങ് എം.എൽ.എ സി.സി മുകുന്ദന് സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് സി.പി.ഐയിൽ കലഹം രൂക്ഷമാകുന്നു. രണ്ടാമതൊരു അവസരം നൽകാത്തതിൽ പ്രതിഷേധിച്ച് പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് സി.സി മുകുന്ദൻ ഉന്നയിക്കുന്നത്.
മുൻ എം.എൽ.എ ഗീതാ ഗോപിക്ക് സീറ്റ് നൽകിയത് 'പെയ്‌മെന്റ് സീറ്റ്' ആണെന്ന സംശയം തനിക്കുണ്ടെന്നും പാർട്ടിയിൽ ഇപ്പോൾ പണത്തിനാണ് സ്വാധീനമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നിലപാടിൽ പ്രതിഷേധിച്ച് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നാട്ടികയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നും മുകുന്ദൻ പ്രഖ്യാപിച്ചു.
തന്റെ അഞ്ചു വർഷത്തെ ഭരണവും ഗീതാ ഗോപിയുടെ പത്തു വർഷത്തെ ഭരണവും തമ്മിൽ താരതമ്യം ചെയ്യാൻ മുകുന്ദൻ പാർട്ടി നേതൃത്വത്തെ വെല്ലുവിളിച്ചു. സാമ്പത്തികമായി പാർട്ടിയെ സഹായിക്കാൻ തനിക്കുമേൽ പലപ്പോഴും സമ്മർദ്ദമുണ്ടായെന്നും എന്നാൽ വൻകിട മുതലാളിമാരുള്ള മണ്ഡലമായിട്ടും താൻ ആരുടെയും പോക്കറ്റിൽ കൈയിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ സ്ഥാനാർഥിയായി നിശ്ചയിച്ചിട്ടുള്ള ഗീതാ ഗോപി വലിയ സാമ്പത്തിക ഇടപാടുകൾ നടത്തുന്ന വ്യക്തിയാണെന്ന ഗുരുതര ആരോപണവും അദ്ദേഹം ഉന്നയിച്ചു. നേരത്തെ ഗീതാ ഗോപിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക വിവാദങ്ങൾ പാർട്ടി തള്ളിയിരുന്നെങ്കിലും സ്ഥാനാർഥി നിർണയത്തോടെ ഈ ആരോപണങ്ങൾ വീണ്ടും സജീവമായിരിക്കുകയാണ്.
തൃശ്ശൂർ ജില്ലയിൽ സിറ്റിങ് എം.എൽ.എമാർക്ക് സീറ്റ് നിഷേധിച്ച രണ്ട് മണ്ഡലങ്ങളിൽ ഒന്നാണ് നാട്ടിക. ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം വരുന്നതോടെ കൂടുതൽ തീരുമാനങ്ങൾ അറിയിക്കുമെന്ന് മുകുന്ദൻ വ്യക്തമാക്കിയിട്ടുണ്ട്. സി.പി.ഐ നേതൃത്വം ഇതുവരെ ഈ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, ഒരു മുതിർന്ന നേതാവിന്റെ ഈ പരസ്യമായ കലാപം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് തിരിച്ചടിയുണ്ടാക്കിയേക്കാമെന്ന അഭിപ്രായമുയർന്നിട്ടുണ്ട്.
പാർട്ടി ജില്ലാ നേതൃത്വവുമായി മുകുന്ദൻ നേരത്തെതന്നെ അസ്വാരസ്യത്തിലായിരുന്നു. എം.എൽ.എ എന്ന നിലയിൽ പാർട്ടി നിയോഗിച്ച സെക്രട്ടറി തന്റെ ലെറ്റർ പാഡുകളും ഒപ്പും താൻ അറിയാതെ ദുരുപയോഗം ചെയ്തു എന്ന പരാതിയെത്തുടർന്നാണ് മുകുന്ദൻ പാർട്ടിയുമായി അകന്നത്. സെക്രട്ടറിയെ മാറ്റുന്നതുവരെ അദ്ദേഹം പാർട്ടി നേതൃത്വത്തിൽ നിന്ന് അകന്നുനിൽക്കുകയും തന്റെ അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ജപ്തിയായ, ചോർന്നൊലിക്കുന്ന വീട്ടിലെ താമസവും ബാല്യകാല കഷ്ടപ്പാടുകൾ വിവരിക്കുന്ന പുസ്തകവും ജനങ്ങൾക്കിടയിൽ മുകുന്ദന് വലിയ പ്രതിച്ഛായയും സ്വാധീനവും നൽകിയിട്ടുണ്ട്. മുകുന്ദന്റെ ക്ലീൻ ഇമേജും ജയസാധ്യതയും കണക്കിലെടുത്ത് മുതിർന്ന കോൺഗ്രസ് നേതാക്കൾ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
Content Highlights: Sitting MLA CC Mukundan denied ticket for Nattika constituency., Mukundan accuses party leadership of favoring 'payment seats'., Public declaration of contesting as an independent candidate., Allegations of financial irregularities against Geetha Gopi., Escalating internal rift within the CPI Thrissur district unit.