ഇടതുമുന്നണിവിട്ട് യു.ഡി.എഫിൽ ചേരണമെന്ന് സി.പി.ഐയിൽ ആവശ്യം; ‘പിണറായിയും ബിനോയ് വിശ്വവും രാജിവയ്ക്കണം’

കൊച്ചി: ഇടതുമുന്നണിയിൽ ഇങ്ങനെ നിന്നിട്ട് ഒരുകാര്യവുമില്ലെന്നും മുന്നണിവിട്ട് യു.ഡി.എഫിൽ ചേരണമെന്നും സി.പി.ഐ. എറണാകുളം ജില്ലാ കൗൺസിൽ യോഗത്തിൽ അഭിപ്രായമുയർന്നു. കേരളത്തിനുപുറത്ത് കോൺഗ്രസുമായി ചേർന്നാണ് നമ്മൾ നിൽക്കുന്നത്. ഇതിനുമുൻപും കോൺഗ്രസുമായി ചേർന്നിട്ടുണ്ട്. അപ്പോഴെല്ലാം പാർട്ടിക്ക് വലിയഗുണമാണ് ഉണ്ടായിട്ടുള്ളത്. അതുവെച്ചുനോക്കുമ്പോൾ കോൺഗ്രസ് മുന്നണിയിൽ ചേരുന്നതാണ് പാർട്ടിക്ക് നല്ലതെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. തിരഞ്ഞെടുപ്പ് പരാജയം ചർച്ചചെയ്യാൻ ചേർന്ന ജില്ലാ കൗൺസിൽ യോഗത്തിലാണ് ഈ ആവശ്യമുയർന്നത്.
ബിനോയ് വിശ്വം പാവമായിരിക്കാം, മന്ത്രിയാക്കാനും കൊള്ളാം. എന്നാൽ പാർട്ടി സെക്രട്ടറി എന്നനിലയിൽ വൻ പരാജയമാണ്. മുഖത്തുനോക്കി ഒരുകാര്യംപറയാനുള്ള ശേഷിയില്ല. അദ്ദേഹം പാർട്ടി സെക്രട്ടറിസ്ഥാനം രാജിവയ്ക്കണം. പിണറായി വിജയൻ പ്രതിപക്ഷനേതാവായി തുടരുന്നതിൽ ഒരുകാര്യവുമില്ല. ജനങ്ങൾ ആ മുഖം വെറുത്തതുകൊണ്ടാണ് എതിരേ വോട്ടുചെയ്തത്. അതുതന്നെ ഇനിയും കാണാൻ ആരും ആഗ്രഹിക്കുന്നില്ല. പിണറായി രാജിവയ്ക്കണം. പാർലമെന്ററി പാർട്ടിയിൽ പോലും ചർച്ചചെയ്യാതെയാണ് പിണറായിയെ വീണ്ടും പ്രതിപക്ഷനേതാവാക്കിയത്.
ഘടകകക്ഷികളോട് ആലോചിക്കാതെയാണ് തീരുമാനങ്ങൾ എടുക്കുന്നത്. എന്നാൽ അത് ചോദ്യംചെയ്യാൻ നമുക്ക് സാധിക്കുന്നില്ല. തിരുത്തൽ ശക്തിയായി മാറാൻ സി.പി.ഐ.ക്ക് കഴിയുന്നില്ല. പി.കെ.വി.യും, വെളിയം ഭാർഗവനും സി.കെ. ചന്ദ്രപ്പനുമെല്ലാം സെക്രട്ടറിയായിരുന്നപ്പോൾ അതിന് സാധിച്ചിരുന്നു. ഇന്ന് പാർട്ടി സെക്രട്ടറിക്ക് അഭിപ്രായം മുഖത്തുനോക്കി പറയാൻ പേടിയാണ്.
ധാർഷ്ട്യത്തിന്റെ കാര്യത്തിൽ ഒരുപിണറായി അല്ല, ഒരുപാട് പിണറായിമാർ ഉണ്ട്. മന്ത്രിമാർക്കുംമറ്റും സാധാരണക്കാരോട് അവജ്ഞയായിരുന്നു. അവരുടെ ശരീരഭാഷതന്നെ ശരിയായിരുന്നില്ല. സി.പി.ഐ.യുടെ സ്ഥാനാർഥിനിർണയത്തിൽ വലിയ വീഴ്ചയുണ്ടായി. ആറുസീറ്റിലെങ്കിലും സ്ഥാനാർഥിനിർണയത്തിലെ അപാകം മൂലം വിജയം നഷ്ടമായി.
ഭൂരിപക്ഷ സമുദായത്തിൽനിന്ന് ബി.ജെ.പി.യിലേക്ക് വോട്ട് ചോർന്നിട്ടുണ്ടെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
നേതാക്കളായ പി. സന്തോഷ്‌കുമാർ എം.പി., സത്യൻ മൊകേരി എന്നിവർ സംസ്ഥാന സെക്രട്ടേറിയറ്റിനെ പ്രതിനിധാനം ചെയ്ത് യോഗത്തിൽ പങ്കെടുത്തു.
ജില്ലാ എക്സിക്യുട്ടീവിലും രൂക്ഷമായ വിമർശനം
ചർച്ച് ആക്ട് നടപ്പാക്കുമെന്ന് വാഗ്ദാനം നൽകി, പ്രബല സമുദായത്തിൽനിന്ന് വലിയ തുക കൈപ്പറ്റിയിട്ടും അത് ചെയ്യാതിരുന്നത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് യോഗത്തിൽ വിമർശനമുയർന്നു. കൊച്ചിയിലെ കുടിവെള്ള പദ്ധതി സ്വകാര്യ കമ്പനിക്ക് കൈമാറിയതിനുപിന്നിൽ ജില്ലയിലെ മുതിർന്ന സി.പി.എം. നേതാവ് അഴിമതി നടത്തിയതിന്റെ തെളിവടക്കം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് നൽകിയിട്ടും അദ്ദേഹം ഒന്നും ചെയ്യാതെ നിരുത്സാഹപ്പെടുത്തുകയായിരുന്നു.
മൂവാറ്റുപുഴയിലെ തോൽവിക്ക് സ്ഥാനാർഥിയും ഒരുകാരണമായി. അവിടെ ബാബുപോളിനെ സ്ഥാനാർഥിയാക്കിയിരുന്നെങ്കിൽ ജയിക്കാനോ, തോൽവിയുടെ ആഘാതം കുറയ്ക്കാനോ സാധിക്കുമായിരുന്നു. പറവൂരിൽ യു.ഡി.എഫിന്റെ ഭൂരിപക്ഷത്തിൽ നേരിയ കുറവുണ്ടായെങ്കിലും എം.ഡി. നിക്സൺ പിടിച്ച വോട്ട് കിട്ടിയില്ല. നിക്സണെതന്നെ പറവൂരിൽ സ്ഥാനാർഥിയാക്കിയിരുന്നെങ്കിൽ ജയിക്കാൻ സാധിക്കുമായിരുന്നുവെന്നും ജില്ലാ എക്സിക്യുട്ടീവിൽ അഭിപ്രായമുയർന്നു. പറവൂരിൽ സി.പി.എമ്മിന്റെ രണ്ടുമുതിർന്ന നേതാക്കൾ സി.പി.ഐ.യുമായി യോജിച്ചുപോകുന്ന നിലപാടല്ല സ്വീകരിച്ചതെന്നും യോഗത്തിൽ ആക്ഷേപമുയർന്നു.
Content Highlights: cpi ernakulam district council demands to leave ldf and join udf