ചെന്താമരയുടെ ജാമ്യം റദ്ദാക്കി കോടതി; ആദ്യ കൊലക്കേസിലെ ജാമ്യം റദ്ദാക്കിയത് ഇരട്ടക്കൊലയ്ക്ക് പിന്നാലെ

ഇരട്ട കൊലപാതകത്തിന് ശേഷം പിടിയിലായ ചെന്താമര |ഫോട്ടോ:മാതൃഭൂമി
ഇരട്ട കൊലപാതകത്തിന് ശേഷം പിടിയിലായ ചെന്താമര |ഫോട്ടോ:മാതൃഭൂമി

പാലക്കാട്: നന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയുടെ ആദ്യ കൊലപാതക കേസിലെ ജാമ്യം റദ്ദാക്കി. 2019-ല്‍ പോത്തുണ്ടി സ്വദേശി സജിതയെ കൊലപ്പെടുത്തിയ കേസിലെ ജാമ്യമാണ് റദ്ദാക്കിയത്. പാലക്കാട് സെഷന്‍സ് കോടതിയുടേതാണ് നടപടി. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയാണ് സജിതയുടെ ഭര്‍ത്താവ് സുധാകരനേയും ഭര്‍തൃമാതാവ് ലക്ഷ്മിയേയും ചെന്താമര കൊലപ്പെടുത്തിയത്. 2022-ലാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. 

ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസികളായ സജിതയും പുഷ്പയുമാണെന്നായിരുന്നു ചൊന്താമരയുടെ വിശ്വാസം. ഇരുവരും കൂടോത്രം നടത്തിയതാണ് ഭാര്യ തന്നില്‍ നിന്ന് അകലാന്‍ കാരണമെന്നും ഇയാള്‍ വിശ്വസിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു സജിതയെ ചെന്താമര കൊലപ്പെടുത്തിയത്. വീട്ടില്‍ അതിക്രമിച്ചെത്തിയ ചെന്താമര സജിതയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. കൊലയ്ക്ക് ശേഷം നെല്ലിയാമ്പതി കാട്ടിലേക്ക് ഓടിയൊളിച്ച ചെന്താമര ദിവസങ്ങള്‍ക്ക് ശേഷമാണ് പിടിയിലാകുന്നത്. ഇതിന് ശേഷം ഇയാള്‍ ജാമ്യവ്യവസ്ഥ ലംഘിച്ചാണ് നെന്മാറയിലെത്തി മറ്റു രണ്ട് കൊലപാതകങ്ങള്‍ കൂടി നടത്തിയത്. കഴിഞ്ഞ മാസമായിരുന്നു ഈ കൊലപാതകം.

ജാമ്യവ്യവസ്ഥ ലംഘിച്ച് വീണ്ടും കുറ്റകൃത്യം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇപ്പോള്‍ ചെന്താമരയുടെ ആദ്യ കൊലപാതകത്തിലെ ജാമ്യം റദ്ദാക്കിയിരിക്കുന്നത്.
 

Content Highlights: court cancelled bail of chenthamara on sajitha murder case