ബൈക്ക് കുറുകെവെച്ച് ഡെപ്യൂട്ടി സ്പീക്കറുടെ വാഹനം തടഞ്ഞുനിർത്തി തർക്കം; ദമ്പതിമാർ അറസ്റ്റിൽ

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

ആലപ്പുഴ: വള്ളികുന്നം കെ.പി. റോഡിലൂടെ പോകുന്നതിനിടെ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ ഔദ്യോഗിക വാഹനത്തിനുമുന്നിൽ ബൈക്ക് കുറുകെവെച്ച് തടസ്സമുണ്ടാക്കിയ ദമ്പതിമാർ അറസ്റ്റിൽ. കറ്റാനം വെട്ടിക്കോട് ഉദയഭവനത്തിൽ ആദിത്യൻ (23), ഭാര്യ ശ്രുതി (21) എന്നിവരെയാണ് വള്ളികുന്നം പോലീസ് അറസ്റ്റുചെയ്തത്. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെ കറ്റാനം ജങ്ഷനു കിഴക്കായിരുന്നു സംഭവം.

കായംകുളത്തെ പരിപാടിയിൽ പങ്കെടുത്തശേഷം ഡെപ്യൂട്ടി സ്പീക്കർ, അടൂർ വഴി കോട്ടയത്തേക്കു പോകുകയായിരുന്നു. കായംകുളം ഭാഗത്തുനിന്ന് ഭാര്യയുമായി ബൈക്കിൽവന്ന ആദിത്യൻ, കറ്റാനം ജങ്ഷനിലെത്തിയപ്പോൾ ഡെപ്യൂട്ടി സ്പീക്കറുടെ വാഹനത്തെ മറികടന്ന് തടഞ്ഞുനിർത്തുകയായിരുന്നു. വാഹനം അതിവേഗത്തിലായിരുന്നെന്ന് ആരോപിച്ചായിരുന്നു ഇത്.

വാഹനത്തിൽനിന്നു പുറത്തിറങ്ങിയ ചിറ്റയം ഗോപകുമാർ, ഗൺമാൻ, ഡ്രൈവർ എന്നിവരുമായി ആദിത്യനും ഭാര്യയും തർക്കിച്ചു. വാഹനം കറ്റാനം ജങ്ഷനു പടിഞ്ഞാറുള്ള ഹമ്പിൽ കയറിയപ്പോൾ ഇവരുടെ ബൈക്കിലിടിക്കാൻ പോയെന്നാരോപിച്ചായിരുന്നു തർക്കം.

സംഭവമറിഞ്ഞ് വള്ളികുന്നം പോലീസെത്തെത്തി ആദിത്യനെയും ഭാര്യയെയും കസ്റ്റഡിയിലെടുത്തു. കേസെടുത്ത് ഇരുവരെയും പിന്നീട് ജാമ്യത്തിൽ വിട്ടു. ഡെപ്യൂട്ടി സ്പീക്കറുടെ വാഹനം അതിവേഗത്തിലായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.

Content Highlights: couple arrested for blocking deputy speakers vehicle by blocking bike