അടിക്കേസിൽ മതംപറഞ്ഞ് റിമാൻഡ് റിപ്പോർട്ട്; കാഫിർ സ്‌ക്രീൻഷോട്ടിന്റെ തുടർച്ചയെന്ന് യുഡിഎഫ്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വളയം(കോഴിക്കോട്): അടിപിടിക്കേസിൽ വളയം പോലീസ് കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പ്രതികളുടെയും പരാതിക്കാരുടെയും മതം പറഞ്ഞതിനെച്ചൊല്ലി വിവാദം. പോലീസ് വർഗീയവിഭജനമുണ്ടാക്കുകയാണെന്ന ആരോപണവുമായി യുഡിഎഫ് രംഗത്തെത്തി.

തിരുവോണദിവസം രാത്രി വളയം ടൗണിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ വളയം തീക്കുനി സ്വദേശി ചപ്പാരിച്ചാംകണ്ടിയിൽ വിനയിന് (19) സാരമായി പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ വീണ്ടും ആക്രമണമുണ്ടായി. വിനയ് വളയം പോലീസിൽ നൽകിയ പരാതിയിൽ അരിങ്ങാട്ടിൽ മുഹമ്മദ് നജാദ് (18), ചെറുമോത്ത് ചേരിക്കുന്നുമ്മൽ മുഹമ്മദ് ഷാദിൽ (20), എലിക്കുന്നുമ്മൽ മുഹമ്മദ് സിയാദ് (20) എന്നിവരെ വളയം പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ കോടതിയിൽ ഹാജരാക്കിയ സമയത്ത് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് വിവാദ പരാമർശം.

തിരുവോണനാളിൽ മുസ്‌ലിംസമുദായത്തിൽപ്പെട്ട പ്രതികൾ നിയമവിരുദ്ധമായി സംഘം ചേർന്ന് പരാതിക്കാരനെ ആക്രമിച്ചതിൽ ഹിന്ദുസമുദായക്കാരായ പ്രദേശ വാസികൾക്ക് കടുത്ത അതൃപ്തി നിലനിൽക്കുന്നുണ്ടെന്നായിരുന്നു പരാമർശം. മുൻകാലങ്ങളിൽ നാദാപുരം മേഖലയിൽ വർഗീയസംഘർഷങ്ങൾ നടന്നിട്ടുള്ളതാണ്, ഈ സംഭവങ്ങളിൽനിന്ന്‌ പ്രദേശത്തെ ജനങ്ങൾ മോചിതരായി വരുന്ന അവസരത്തിലാണ് പ്രതികൾ ഇത്തരത്തിലുള്ള പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്നതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. പരാതിക്കാരൻ പോലും ഉന്നയിക്കാത്ത മതംതിരിച്ചുള്ള പരാമർശം നാദാപുരം മേഖലയിൽ പ്രശ്നങ്ങളുണ്ടാവുന്നതിന് കാരണമാവുമെന്നാണ് വിമർശനം.

എന്നാൽ, നാദാപുരം മേഖലയിൽ ചെറിയ പ്രശ്നങ്ങൾപോലും വർഗീയസംഘർഷത്തിലേക്ക് വഴിവെക്കാറുണ്ടെന്നും ഓണവും നബിദിനവും ഒരുമിച്ചുവന്ന ദിവസമുണ്ടായ സംഘർഷത്തിലെ പ്രതികളെ അന്നുതന്നെ അറസ്റ്റ് ചെയ്തതിനാലാണ് സംഘർഷം ഒഴിവായതെന്നുമാണ് പോലീസിന്റെ വിശദീകരണം.

റിമാൻഡ് റിപ്പോർട്ടിൽ മതംചേർത്തത് കാഫിർ സ്‌ക്രീൻഷോട്ടിന്റെ തുടർച്ച -യുഡിഎഫ്

കോഴിക്കോട് : നാദാപുരത്തിനടുത്ത് വളയത്ത് അടിപിടിക്കേസിൽ റിമാൻഡ് റിപ്പോർട്ടിൽ മതം ചേർത്തത് ഉന്നതരുടെ അറിവോടെയാണെന്ന് യുഡിഎഫ്. വർഗീയ ധ്രുവീകരണമുണ്ടാക്കുന്ന തരത്തിൽ റിമാൻഡ് റിപ്പോർട്ട് തയ്യാറാക്കിയത് ആഭ്യന്തരവകുപ്പിന്റെ നിർദേശപ്രകാരമാണോയെന്ന് വ്യക്തമാക്കണം. തിരഞ്ഞെടുപ്പിൽ വ്യാജ കാഫിർ സ്ക്രീൻഷോട്ട് ഉണ്ടാക്കിയത് സിപിഎമ്മാണെങ്കിൽ ഇത് പോലീസാണ്. കാഫിർ സ്‌ക്രീൻഷോട്ടിന്റെ തുടർച്ചയായാണ് ഇതെന്നാണ് സംശയിക്കുന്നതെന്നും യുഡിഎഫ് നേതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. ഇത് ആഭ്യന്തരവകുപ്പിന്റെ നിലപാടാണോയെന്ന് വ്യക്തമാക്കണം. തയ്യാറാക്കിയ ഉദ്യോഗസ്ഥരെ സർവീസിൽനിന്ന് പിരിച്ചുവിടണം. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുൻപ് പോലീസിനെ ഉപയോഗിച്ച് വർഗീയ ധ്രുവീകരണ മുണ്ടാക്കുകയാണ്.

പോലീസ് ഹിന്ദുവിനെയും മുസ്‌ലിമിനെയും കൃത്യമായി വേർതിരിക്കുകയാണ് ചെയ്തത് -നേതാക്കൾ പറഞ്ഞു.

ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ, മുസ്‌ലിംലീഗ് ജില്ലാപ്രസിഡന്റ് എം.എ. റസാഖ്, ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിൽ, യുഡിഎഫ് കൺവീനർ കെ. ബാലനാരായണൻ എന്നിവർ പങ്കെടുത്തു.

Content Highlights: Controversy over the religion of the accused and complainants mentioned in the remand report