‘നീ ഞങ്ങളെ തോൽപ്പിച്ചല്ലോ’; കാരായി ചന്ദ്രശേഖരൻ ഭീഷണിപ്പെടുത്തിയതായി മഹിളാ കോൺഗ്രസ് നേതാവിന്റെ പരാതി

കാരായി ചന്ദ്രശേഖരൻ | Mathrubhumi
കാരായി ചന്ദ്രശേഖരൻ | Mathrubhumi

തലശ്ശേരി: തലശ്ശേരി നഗരസഭാധ്യക്ഷൻ കാരായി ചന്ദ്രശേഖരൻ മഹിളാ കോൺഗ്രസ് നേതാവായ നഗരസഭാ കൗൺസിലറെ ഭീഷണിപ്പെടുത്തിയതായി പരാതി. തിരുവങ്ങാട് വാർഡ് കൗൺസിലർ എ.ഷർമിള തലശ്ശേരി പോലീസിൽ പരാതി നൽകി.

പരാതി അന്വേഷിച്ച ശേഷം നടപടിയെടുക്കാനാണ് പോലീസ് നീക്കം. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി പി.വി.രാധാകൃഷ്ണനൊപ്പം ചെയർമാനെ ചേംബറിൽ കണ്ട്‌ മടങ്ങാനൊരുങ്ങുമ്പോഴാണ് സംഭവം. തിരുവങ്ങാട് വാർഡിൽ പോകേണ്ട, തലശ്ശേരി ടൗണിൽ തിരിഞ്ഞുകളിച്ചാൽ മതിയെന്നും നീ ഞങ്ങളെ തോൽപ്പിച്ചല്ലോ എന്നും ഭീഷണി സ്വരത്തിൽ പറഞ്ഞുവെന്നാണ് ഷർമിളയുടെ പരാതി.

വാർഡ് ഫണ്ട് അനുവദിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ്‌ സംസാരിച്ചതെന്നും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ചെയർമാൻ കാരായി ചന്ദ്രശേഖരൻ പറഞ്ഞു.

കോൺഗ്രസ് കൗൺസിൽ പാർട്ടി ലീഡറായ എ.ഷർമിളയെ നഗരസഭാധ്യക്ഷൻ കാരായി ചന്ദ്രശേഖരൻ ഭീഷണിപ്പെടുത്തിയ സംഭവം ഭരണഘടനാനുസൃതമായി ജനങ്ങൾ തിരഞ്ഞെടുത്ത കൗൺസിലറെ അപമാനിക്കലും സ്ത്രീത്വത്തിന് നേരേയുള്ള അവഹേളനവുമാണെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പ്രസ്താവനയിൽ പറഞ്ഞു. അതിനെതിരേ നിയമനടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ യൂത്ത് കോൺഗ്രസ് തലശ്ശേരി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.

Content Highlights: congress leaders complaint against karayi chandrasekharan