'ആണുങ്ങളുടെ സർക്കാരാണെങ്കിൽ കണക്കുചോദിക്കൂ'; പിണറായിയുടെ പേരിൽ പോര്, കോൺഗ്രസിൽ താക്കീത്

തിരുവനന്തപുരം: സി.എം.ആർ.എൽ. കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെപേരിൽ കേസെടുക്കാൻ വൈകിയോയെന്ന ചോദ്യം ആയുധമാക്കി കോൺഗ്രസിൽ ഏറ്റുമുട്ടൽ. എതിർക്കുന്നവരും എതിർക്കപ്പെടുന്നവരും രംഗത്തുവരുന്നതാണ് സാധാരണ രാഷ്ട്രീയപ്പോരാട്ടങ്ങളെങ്കിലും ഈ രണ്ട് പക്ഷത്തുമുള്ളവരെ കർട്ടനുപിന്നിൽ നിർത്തി നിഴൽയുദ്ധമാണ് ഇത്തവണ. പോര് മൂർച്ഛിക്കുന്നതിനിടെ പാർട്ടിയും സർക്കാരും എടുക്കുന്ന കാര്യങ്ങൾ അംഗീകരിക്കാൻ എല്ലാ നേതാക്കളും ബാധ്യസ്ഥരാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് കർശനമായി പറഞ്ഞു. പരിധിവിട്ട സന്ദർഭത്തിലാണ് പരസ്യമായി എല്ലാനേതാക്കൾക്കും നിർദേശം നൽകുന്നതെന്ന് അദ്ദേഹം തുറന്നുപറയുകയും ചെയ്തു.
ഹൈക്കോടതിയിൽ പിണറായിയുടെ വാദങ്ങളെയാണ് അഡ്വക്കേറ്റ് ജനറൽ പിന്തുണച്ചതെന്നും ഇത് ജനഹിതത്തിന് എതിരാണെന്നും വ്യക്തമാക്കി യു.ഡി.എഫിലെ അസോസിയേറ്റ് അംഗമായ ആർ.എം.പി. രംഗത്തെത്തിയതും കോൺഗ്രസിനെ പ്രതിസന്ധിയിലാക്കും.
ഉമ്മൻ ചാണ്ടിക്കെതിരേ ഒരു കടലാസിലെഴുതി വാങ്ങിയ പരാതി അടിസ്ഥാനമാക്കി പിണറായി സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടത് ഓർമ്മിപ്പിച്ച് ഉമ്മൻചാണ്ടിയോട് നീതി പുലർത്തണമെന്ന ആവശ്യമാണ് ഏറ്റുമുട്ടലിന് വൈകാരികതലം നൽകുന്നത്. ഉമ്മൻചാണ്ടിയോട് കാണിക്കാത്ത നീതി മറ്റാരോടും പ്രകടിപ്പിക്കേണ്ടെന്ന് മാത്യു കുഴൽനാടൻ നേരത്തേ വ്യക്തമാക്കിയിരുന്നു. ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായി വിജയനോട് കണക്കുചോദിക്കണമെന്ന് കെ. സുധാകരനും പറഞ്ഞു.
യു.ഡി.എഫ്. കൺവീനറായിട്ടും മുന്നണിതലത്തിലെ തീരുമാനങ്ങൾ താനറിയുന്നില്ലെന്നു പറഞ്ഞ് രംഗത്തുവന്ന അടൂർ പ്രകാശ് തന്നെ പുകച്ചുപുറത്തുചാടിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് വ്യക്തമാക്കി അന്തരീക്ഷം ഒന്നുകൂടി കൊഴുപ്പിച്ചു.
മന്ത്രി കെ. മുരളീധരനാണ് സർക്കാരിനായി പ്രതിരോധം ഉയർത്തിയത്. ഒരാൾ മുഖ്യമന്ത്രിയെ ആവർത്തിച്ച് കുറ്റപ്പെടുത്തി രംഗത്തുവന്നാൽ തിരശ്ശീലയ്ക്കുപിന്നിൽ ആളുണ്ടെന്നാണ് കരുതേണ്ടതെന്ന് അടൂർ പ്രകാശിന് മറുപടിയായി മുരളീധരൻ പറഞ്ഞു. ആണുങ്ങളുടെ സർക്കാരാണോയെന്ന കെ. സുധാകരന്റെ ചോദ്യത്തിന്, അത് പരിശോധിച്ചുനോക്കാവുന്നതാണെന്ന പരിഹാസവും മുരളീധരനിൽനിന്നുണ്ടായി. ഉമ്മൻചാണ്ടിക്ക് മുൻപ് നീതി കിട്ടിയില്ലെന്നു പറഞ്ഞ ചാണ്ടിഉമ്മൻ കേസ് നിയമപരമായി വേണം കൈകാര്യം ചെയ്യാനെന്ന നിലപാട് സ്വീകരിച്ച് ഇരുപക്ഷത്തും ചേർന്നില്ല.
പിണറായിക്കെതിരേ അന്വേഷണം നടത്തുന്ന കാര്യങ്ങൾ കോൺഗ്രസ് നിയമസഭാകക്ഷിയോഗത്തിൽ വിശദീകരിച്ചിട്ടും വീണ്ടും വിഷയം ഉയർത്തിക്കൊണ്ടുവരുന്നത് നിർദോഷമായിട്ടല്ലെന്ന വിലയിരുത്തലിലാണ് മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രി രമേശ് ചെന്നിത്തലയും.
കേന്ദ്രനേതൃത്വത്തിന് തലവേദന ഉണ്ടാക്കരുത്
കേന്ദ്രനേതൃത്വത്തിന് തലവേദന ഉണ്ടാകുന്ന ചെറിയ നീക്കംപോലും കേരളത്തിലെ നേതാക്കളിൽനിന്ന് ഉണ്ടാകരുത്. പാർട്ടിവേദികളിൽ അഭിപ്രായം പറയാം. പരസ്യവേദികളിൽ അനുവദിക്കില്ല. എല്ലാവരും പാർട്ടി അച്ചടക്കം പാലിക്കാൻ ബാധ്യസ്ഥരാണെന്ന് കർശനമായി ഓർമ്മിപ്പിക്കുകയാണ്. പരസ്യപ്രസ്താവനയ്ക്ക് പരസ്യമായി മറുപടിപറയില്ല. സി.എം.ആർ.എൽ. കേസിൽ പ്രതിപക്ഷനേതാവിന്റെപേരിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രഖ്യാപിച്ചിട്ടുണ്ട്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ മുന്നോട്ടുപോയത്. കേസില്ലാതാക്കാനല്ല സർക്കാർ ശ്രമിച്ചത്. പക്വതയാർന്ന തീരുമാനമാണ് എടുത്തത്. -സണ്ണി ജോസഫ്, കെ.പി.സി.സി. പ്രസിഡന്റ്