സഖാവ് പുഷ്പൻ: തോക്കിനെ തോൽപ്പിച്ച പോരാളി

#കെ.രാജേഷ് കുമാർ
പുഷ്പൻ | ചിത്രങ്ങൾ: മാതൃഭൂമി
പുഷ്പൻ | ചിത്രങ്ങൾ: മാതൃഭൂമി

രു പോലീസുകാരൻ തനിക്കുനേരേ തോക്കുചൂണ്ടിയത് പുഷ്പന് ഓർമ്മയുണ്ടായിരുന്നു. കഴുത്തിന് വലതുവശത്ത് വെടിയേറ്റ് വീണ പുഷ്പനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിലെ ശസ്ത്രക്രിയയ്ക്കുശേഷം തലശ്ശേരി ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. വെടിവെപ്പിൽ അഞ്ചുപേർ മരിച്ചതും മറ്റും പിന്നീടാണ് പുഷ്പൻ അറിഞ്ഞത്. അപ്പോഴും അദ്ദേഹം പറഞ്ഞു -മന്ത്രി രാഘവനെ കരിങ്കൊടി കാട്ടേണ്ടത് ആവശ്യമായിരുന്നു. പാർട്ടിനിർദേശം അങ്ങനെയാണ്. അത് ചെയ്തേതീരൂ.

പാർട്ടിയാണ് എല്ലാമെന്നാണ് കിടക്കയിൽ കിടക്കുമ്പോഴും പുഷ്പൻ പറഞ്ഞിരുന്നത്. മൂന്നുപതിറ്റാണ്ട് മലർന്നുമാത്രം കിടന്നിട്ടും പണ്ട് നിറതോക്കിന് മുന്നിലേക്ക് കുതിച്ച മനസ്സ് മാറിയിരുന്നില്ല. തന്റെ സഹനത്തിന്റെയും സാഹസികതയുടെയും കരുത്തും ആവേശവും എന്നും കാത്തുസൂക്ഷിക്കുമെന്ന് പറഞ്ഞവർ അതിൽനിന്ന് മാറിനടന്നപ്പോൾ രാഷ്ട്രീയകേരളത്തിന്റെ ശ്രദ്ധ പലപ്പോഴും പുഷ്പനിലേക്ക് തിരിയാറുണ്ടായിരുന്നു. എന്നാൽ, അപ്പോഴെല്ലാം നിശ്ശബ്ദനായിരുന്നു അദ്ദേഹം.

നിറയൊഴിച്ച ദിനം

1994 നവംബർ 25-നാണ് സ്വാശ്രയ വിദ്യാഭ്യാസ പ്രശ്നവുമായി ബന്ധപ്പെട്ട് മന്ത്രി എം.വി.രാഘവനെ കരിങ്കൊടി കാണിക്കാൻ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ കൂത്തുപറമ്പിലെത്തിയത്. കൂത്തുപറമ്പിൽ അർബൻ സഹകരണ ബാങ്ക് സായാഹ്നശാഖ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു രാഘവൻ. സംഘർഷസാധ്യതയുണ്ടെന്ന പോലീസ് മുന്നറിയിപ്പിനെത്തുടർന്ന് അധ്യക്ഷനായിരുന്ന മന്ത്രി എൻ.രാമകൃഷ്ണൻ ചടങ്ങിൽനിന്ന് പിൻവാങ്ങി. എന്നാൽ, രാഘവൻ തീരുമാനത്തിലുറച്ച് മുന്നോട്ടുപോയി. കൂത്തുപറമ്പിലും പരിസരത്തും വൻ പോലീസ് സന്നാഹം രൂപപ്പെട്ടു. ചുറ്റും രണ്ടായിരത്തോളം ഡി.വൈ.എഫ്.ഐ. പ്രവർത്തകർ.

11.55 ആയപ്പോൾ പോലീസ് സംരക്ഷണത്തിൽ മന്ത്രിയെത്തി. മുദ്രാവാക്യം വിളിച്ച് ഇരമ്പിയാർത്തെത്തിയ ഡി.വൈ.എഫ്.ഐ. പ്രവർത്തകർക്കുനേരേ പോലീസ് ലാത്തിവീശി. തുടർന്ന്‌ കല്ലേറുണ്ടായി. ചിതറിയോടുന്നവർക്കിടയിലൂടെ മന്ത്രിവാഹനം ടൗൺഹാളിലേക്ക്. മന്ത്രി ഹാളിൽ കയറുമ്പോഴേക്കും പിന്നിൽനിന്ന് വെടിയൊച്ച ഉയർന്നു. ഹാളിനുള്ളിലും ലാത്തിച്ചാർജ്. പോലീസ് വലയത്തിനുള്ളിൽനിന്നുകൊണ്ട്‌ നിലവിളക്ക്‌ കൊളുത്തി ബാങ്ക് ഉദ്ഘാടനംചെയ്ത എം.വി.ആർ. 13 മിനുട്ട് സ്വതസിദ്ധമായ ശൈലിയിൽ പ്രസംഗിച്ചു.

അതും പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചു. പോലീസുകാർക്കിടയിലുടെ മന്ത്രി കണ്ണൂരിലേക്ക് തിരിച്ചു. അതിനിടെ പോലീസിന്റെ കണ്ണീർവാതക ഷെല്ലുകൾ പൊട്ടി. എന്നിട്ടും പിരിഞ്ഞുപോകാതിരുന്നവർക്കുനേരേ വീണ്ടും പോലീസ് നിറയൊഴിച്ചു. ഡി.വൈ.എഫ്.ഐ. ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.രാജീവൻ, ജില്ലാ സെക്രട്ടേറിയേറ്റംഗം കെ.വി.റോഷൻ, പ്രവർത്തകരായ വി.മധു, ഷിബുലാൽ, കുണ്ടുചിറ ബാബു എന്നിവർ സ്ഥലത്ത് മരിച്ചുവീണു. പുഷ്പൻ, മാങ്ങാട്ടിടം മാങ്ങാട് സജീവൻ, കൂത്തുപറമ്പ് ചാലിൽ സജീവൻ, തലശ്ശേരി കപ്പണ പുങ്ങാംചേരി പ്രസാദ് എന്നിവർക്ക് പരിക്കേറ്റു.

മറന്നു പലപ്പോഴും സൗകര്യപൂർവം

കർഷകത്തൊഴിലാളി കുടുംബത്തിലാണ് പുഷ്പൻ ജനിച്ചത്. എട്ടാംതരം വരെ മാത്രമാണ് ഔപചാരിക വിദ്യാഭ്യാസം. ബെംഗളൂരുവിലെ പലചരക്കുകടയിൽ ജോലിക്കാരനായിരുന്നു. നാട്ടിലെത്തിയ ഇടവേളയിലാണ് സ്വാശ്രയവിദ്യാഭ്യാസവിരുദ്ധ സമരത്തിന്റെ നടുവിലേക്ക് പുഷ്പനെത്തിയത്.

‘നീ വീണുപോയിട്ടും നിന്റെ വെളിച്ചം മങ്ങിയിട്ടില്ല
അവർ നിന്നെ നിശ്ശബ്ദനാക്കിയില്ല
നീ മൂകനല്ല നിന്റെ കരുത്തും ആവേശവും
ഞങ്ങളെന്നും കാത്തുസൂക്ഷിക്കുന്നു
അവർക്ക്‌ ഞങ്ങളെ തടയാനാകില്ല, പ്രിയ സഖാവേ...

-കൂത്തുപറമ്പ് വെടിവെപ്പിന്റെ വാർഷികദിനത്തിൽ സി.പി.എം. ലോക്കൽ കമ്മിറ്റി പുഷ്പന് സമ്മാനിച്ച ഫലകത്തിലെ വരികളാണിത്. പുഷ്പന്റെ വീട്ടിലെ അലമാരയിൽ ഇപ്പോഴുമതുണ്ട്‌. എന്നാൽ, കിടപ്പിലായ ആ സമരഭടനെ സാക്ഷിയാക്കി പലപ്പോഴായി കൂത്തുപറമ്പ് രക്തസാക്ഷികളെ മറന്നിട്ടുണ്ട് പാർട്ടി. പാർട്ടി ഭരണകാലത്ത് സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയപ്പോഴും പരിയാരം മെഡിക്കൽ കോളേജിന്റെ ഭരണം പിടിച്ചെടുത്തപ്പോഴും കൂത്തുപറമ്പ് വെടിവെപ്പിൽ പ്രതിസ്ഥാനത്ത് പാർട്ടി നിർത്തിയ എം.വി.രാഘവന്റെ മകന് നിയമസഭാ സീറ്റ് നൽകിയപ്പോഴും പിന്നീട് പാർട്ടിയുടെ ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാവാക്കിയപ്പോഴും പുഷ്പൻ എതിർെത്താരക്ഷരം മിണ്ടിയില്ല.

കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കാണാൻ തലശ്ശേരി ടൗൺഹാളിൽ പുഷ്പൻ എത്തിയപ്പോൾ (ഫയൽ ചിത്രം)

'സഹനത്തിന്റെ മഹാസൂര്യൻ'

ഡി.വൈ.എഫ്.ഐ. പാനൂർ ബ്ലോക്ക് കമ്മിറ്റി 'പുഷ്പൻ-സഹനത്തിന്റെ മഹാസൂര്യൻ' എന്നപേരിൽ ജീവിതകഥ പുറത്തിറക്കിയിരുന്നു. പുഷ്പന്റെ രണ്ടാം ജീവിതത്തിലെ സഹനത്തിന്റെ ചൂടും ചൂരും വായനക്കാരിലേക്ക് പകരുന്നതാണ് പുസ്തകം. പുഷ്പന്റെ ഭാഷയിൽ ചോരയുടെയും മരുന്നിന്റെയും മണമുള്ള ജീവചരിത്രം.

അതിലൊരിടത്ത് പുഷ്പൻ കുറിച്ചിട്ടിട്ടുണ്ട് -മരുഭൂമിയിലെന്ന പോലെയാണ് രാവും പകലും എന്റെ കിടത്തം. സദാ തിളച്ച വെള്ളത്തിൽ കൈകുത്തിയപോലുള്ള അനുഭവം. കിടക്കയിൽനിന്ന് ഒരു ഉറുമ്പ് കടിച്ചാൽ നൂറ്‌ സൂചികൾ പച്ചയ്ക്ക് കയറ്റുന്ന പിടച്ചിലാണ്.

കൂത്തുപറമ്പ് രക്തസാക്ഷികൾ

തീർന്നില്ല. മറ്റൊരു പുറത്ത് പുഷ്പൻ കുറിച്ചിട്ടു- ഒരു മിനിറ്റുപോലും അടങ്ങിയിരിക്കാത്തവൻ എന്നാണ് എന്നെക്കുറിച്ച് പറയാറ്. എന്നിട്ടും വേദനകളിലൂടെ നിരന്തരം കടന്നുപോകുമ്പോൾ ഇപ്പോഴും ചിരിക്കാൻ എനിക്കാകുന്നുണ്ട്. ഇത്രയുംകാലം ഞാൻ ചിരിച്ചത് നിങ്ങൾ എനിക്ക് തന്ന സ്നേഹത്തിന് പകരമാണ്. ആ ഉശിരിൽ ഞാനുണ്ടാകും. അവസാനിക്കാത്ത പോരാട്ടങ്ങൾക്ക് കണ്ണും കാതും നൽകാൻ.

പുഷ്പന് അന്ത്യാഞ്ജലിയർപ്പിച്ച് നാട്

കോഴിക്കോട്: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് മുപ്പത് വർഷത്തോളം കിടപ്പുജീവിതം നയിക്കേണ്ടിവന്ന പുഷ്പന് അന്ത്യാഞ്ജലിയർപ്പിച്ച് നാട്. മരണവിവരമറിഞ്ഞ് നാടിന്റെ പല ഭാഗത്തുനിന്ന് നേതാക്കളും പാർട്ടിപ്രവർത്തകരും സ്വകാര്യ ആശുപത്രിയിലേക്ക് ഒഴുകിയെത്തി. രാത്രി ഏഴുമണിയോടെ മൃതദേഹം മലബാർ ക്രിസ്ത്യൻ കോേളജിന് സമീപമുള്ള ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി ഓഫീസായ യൂത്ത് സെന്ററിൽ പൊതുദർശനത്തിന് എത്തിച്ചു.

സ്‌പീക്കർ എ.എൻ. ഷംസീർ, കെ.എം. സച്ചിൻദേവ്‌ എം.എൽ.എ., സി.പി.എം. കോഴിക്കോട്‌ ജില്ലാസെക്രട്ടറി പി. മോഹനൻ, കണ്ണൂർ ജില്ലാസെക്രട്ടറി എം.വി. ജയരാജൻ, ഡി.വൈ.എഫ്‌.ഐ. സംസ്ഥാന പ്രസിഡന്റ്‌ വി. വസീഫ്‌, എ. പ്രദീപ്‌കുമാർ, എം. സുരേന്ദ്രൻ, കെ.കെ. ദിനേശൻ, എം. ഗിരീഷ്‌, കെ.ടി. കുഞ്ഞിക്കണ്ണൻ, ഇ. പ്രേംകുമാർ, ബാബു പറശ്ശേരി, കെ. ദാമോദരൻ, എൽ.ജി. ലിജീഷ്‌ എന്നിവർ ആശുപത്രിയിലും യൂത്ത് സെന്ററിലുമെത്തി.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച അന്തരിച്ച പുഷ്പന് അന്തിമോപചാരമർപ്പിക്കുന്ന സ്പീക്കർ എ.എം. ഷംസീർ, സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, കോഴിക്കോട് ജില്ലാസെക്രട്ടറി പി. മോഹനൻ, ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് വി. വസീഫ്, എ. പ്രദീപ് കുമാർ എന്നിവർ

ശനിയാഴ്ച വൈകീട്ട്‌ മൂന്നരയോടെയാണ് ആശുപത്രി അധികൃതർ മരണം സ്ഥിരീകരിച്ചത്. ഓഗസ്റ്റ് രണ്ടിനാണ് പുഷ്പനെ കോഴിക്കോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദനും ഉൾപ്പെടെയുള്ള നേതാക്കൾ പുഷ്പനെ നേരത്തെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.

ഇന്ന് ഹർത്താൽ

കണ്ണൂർ: കൂത്തുപറമ്പ് സമരപോരാളി പുഷ്പന്റെ വിയോഗത്തെതുടർന്ന്‌ ഞായറാഴ്ച കൂത്തുപറമ്പ്, തലശ്ശേരി അസംബ്ലി മണ്ഡലങ്ങളിൽ ഹർത്താൽ നടത്തും. വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ഹർത്താൽ മാഹിയിലും ബാധകമായിരിക്കും. രാവിലെ ആറുമുതൽ വൈകിട്ട്‌ ആറുവരെയാണ് ഹർത്താൽ. വാഹനങ്ങൾ, പെട്രോൾപമ്പ്, ഹോട്ടലുകൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പോരാളികൾക്ക് പ്രചോദനം -ഡി.വൈ.എഫ്.ഐ.

പോരാളികൾക്ക് എന്നും പ്രചോദനമാകുന്ന നിശ്ചയദാർഢ്യത്തിന്റെയും ധീരതയുടെയും ആൾരൂപമായിരുന്നു പുഷ്പനെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പ്രസ്താവനയിൽ പറഞ്ഞു. പുതിയ തലമുറ തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു പാഠപുസ്തകമാണ് പുഷ്പന്റെ ജീവിതം. അക്ഷരാർഥത്തിൽ ഇതിഹാസതുല്യമായ ജീവിതം.

വെടിയേറ്റ് കഴുത്തിനുതാഴെ തളർന്ന ശരീരവുമായി നീണ്ട 30 വർഷത്തെ ജീവിതം മറ്റൊരു പോരാളിയുടെ ജീവിതത്തിലും കാണാൻ കഴിയില്ല. അതിനപ്പുറം മെഡിക്കൽ സയൻസിനുപോലും അദ്‌ഭുതമായി ആ ജീവിതം മാറി. ആ അതിജീവനം പുഷ്പൻ എന്ന പോരാളിയുടെ ആത്മധൈര്യംകൊണ്ടുകൂടി സംഭവിച്ചതാകണം. എഴുന്നേറ്റ് നടക്കാൻ കഴിയുന്ന ഒരു കാലമുണ്ടായാൽ കൂത്തുപറമ്പിന്റെ മണ്ണിൽ പിടഞ്ഞു മരിച്ച കെ.കെ.രാജീവന്റെയും റോഷന്റെയും ബാബുവിന്റെയും മധുവിന്റെയും ഷിബുലാലിന്റെയും വീടുകളിൽ പോകണമെന്നും അവരുടെ സ്മൃതിമണ്ഡപത്തിനരികിൽ കുറച്ചുനേരം ഇരിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു -പ്രസ്താവനയിൽ പറയുന്നു.

ഇന്നത്തെ സി.പി.എം. പരിപാടികൾ മാറ്റി

പുഷ്പന്റെ നിര്യാണത്തിൽ അനുശോചിച്ച്‌ ഞായറാഴ്ചത്തെ ജില്ലയിലെ സി.പി.എം. പരിപാടികൾ മാറ്റി വെച്ചതായി സെക്രട്ടറി എം.വി. ജയരാജൻ അറിയിച്ചു. പാർട്ടി പതാക താഴ്‌ത്തിക്കെട്ടും.

പുഷ്പൻ ഇനി അണയാത്ത ജ്വാല-സി.പി.എം.

തിരുവനന്തപുരം: പുഷ്പന്റെ വേർപാടിൽ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അനുശോചിച്ചു. തളരാത്ത മനോവീര്യത്തോടെ പ്രസ്ഥാനത്തിനോടുള്ള കൂറും പ്രതീക്ഷയും അവസാനംവരെ സൂക്ഷിച്ച പുഷ്പന്റെ സ്മരണ ഇനി അണയാത്ത ജ്വാലയാണെന്ന് സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.

അടങ്ങാത്ത വേദനയുംഅണയാത്ത ആവേശവും -മുഖ്യമന്ത്രി

പുഷ്പന്റെ രക്തസാക്ഷിത്വം ഒരേസമയം, അടങ്ങാത്ത വേദനയും അണയാത്ത ആവേശവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കമ്യൂണിസ്റ്റുകാരൻ എന്തെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് അദ്ദേഹമെന്നും അനുശോചന സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു. നാടിനുവേണ്ടി സ്വയം ത്യജിക്കാനുള്ള ധീരതയും ഉറച്ച കമ്യൂണിസ്റ്റ് ബോധ്യങ്ങളുമായിരുന്നു അദ്ദേഹത്തെ നയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ധീരനായ പോരാളി -എം.വി. ഗോവിന്ദൻ

വെടിയുണ്ടകൾക്കു തോൽപ്പിക്കാൻ കഴിയാതിരുന്ന ധീരനായ പോരാളിയെയാണ് നഷ്ടമായതെന്ന് സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ഏതൊരു വിപ്ലവകാരിയുടെ മനസ്സിലും അണയാത്ത കനലായി പുഷ്പൻ ജീവിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സമരധീരൻ -ബിനോയ് വിശ്വം

ആരോഗ്യപരമായ അവശതകൾക്കിടയിലും അനിതര സാധാരണമായ സമരധീരതയും പ്രതിബദ്ധതയും പ്രകടിപ്പിച്ച പോരാളിയായിരുന്നു പുഷ്പനെന്ന്‌ ബിനോയ് വിശ്വം പറഞ്ഞു.

Content Highlights: Comrade Pushpan: The figher who defeated gun