ഒറിജിനൽ ആധാരം കാണിക്കാൻ തയ്യാറായില്ല, വായ്പയെടുത്ത കാര്യം മറച്ചുവെച്ചു- ഡിജിപിക്കെതിരേ പരാതിക്കാരൻ

തിരുവനന്തപുരം: പണം നഷ്ടപ്പെട്ടതുകൊണ്ട് മാത്രമാണ് പരാതിയുമായി മുമ്പോട്ട് പോയതെന്ന് ഡിജിപിക്കെതിരേ പരാതി നൽകിയ ഉമർ ഷെരീഫ്. ഭൂമി ക്രമക്കേടുമായി ബന്ധപ്പെട്ട് 30 ലക്ഷം രൂപയാണ് ഡിജിപിയും ഭാര്യയും നൽകാനുള്ളതെന്നും പണം കിട്ടിയാൽ കേസിൽനിന്ന് പിന്മാറാമെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
വില്പനക്കരാർ ലംഘിച്ചതിന് സംസ്ഥാന പോലീസ് മേധാവി ദർവേഷ് സാഹിബിന്റേയും ഭാര്യയുടേയും പേരിലുള്ള 10.8 സെന്റ് ഭൂമി ജപ്തിചെയ്യാൻ തിരുവനന്തപുരം സബ് കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു പരാതിക്കാരൻ.
ഡി.ജി.പിയുമായി നേരിട്ടാണ് കരാറും അനുബന്ധ ചർച്ചകളും നടത്തിയത്. 2023 ജൂൺ 22-നാണ് കരാർ ഉണ്ടാക്കിയത്. 15 ലക്ഷം രൂപ ആദ്യം ഡി.ജി.പിയുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തു. നാല് ദിവസം കഴിഞ്ഞ് വീണ്ടും 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. അതും അദ്ദേഹത്തിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് അയച്ചു. ഒരാഴ്ച കഴിഞ്ഞപ്പോൾ വീണ്ടും ഒരു അഞ്ചു ലക്ഷം രൂപ ക്യാഷ് ആയി വേണമെന്ന് ആവശ്യപ്പെട്ടു. അത് അദ്ദേഹത്തിന്റെ ഓഫീസ് ചേംബറിൽ കൊണ്ടു പോയി കൊടുത്തു. ആകെ 30 ലക്ഷം രൂപ കൈപ്പറ്റിയതായി ഒറിജിനൽ കരാറിന്റെ പിൻഭാഗത്ത് എഴുതിത്തന്നു.
അതിന് ശേഷം വീണ്ടും 25 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോൾ സ്ഥലത്തിന്റെ ഒറിജിനൽ ആധാരം കാണണമെന്ന് അദ്ദേഹത്തോട് പറഞ്ഞു. എന്നാൽ അത് കാണിക്കാൻ അദ്ദേഹം കൂട്ടാക്കിയില്ല. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിൽ ബാങ്കിൽ ഈ വസ്തുവിന്റെ മേൽ 26 ലക്ഷം രൂപ ബാധ്യതയുണ്ടെന്ന് മനസ്സിലായി. കരാർ എഴുതുന്ന സമയത്ത് സ്ഥലത്തിന് യാതൊരു ബാധ്യതയും ഇല്ലെന്നായിരുന്നു എഴുതിയിരുന്നത്, പരാതിക്കാരൻ പറഞ്ഞു.
കരാറിൽനിന്ന് പിന്‍മാറുന്നു, പണം തിരിച്ചുതരണമെന്ന് അദ്ദേഹത്തോട് പറഞ്ഞിട്ട് ഒരു വർഷമായി. എന്നാൽ, തരാമെന്ന് പറയുന്നതല്ലാതെ ഇതുവരെ നൽകിയ പണം തിരികെ തരാൻ അദ്ദേഹം കൂട്ടാക്കിയിട്ടില്ലെന്നും പരാതിക്കാരൻ ആരോപിച്ചു. ഡി.ജി.പിയെ നേരിട്ട് കാണാൻ ശ്രമം നടത്തിയെങ്കിലും നടന്നില്ല. തുടർന്ന് ഓൺലൈൻവഴി മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെ കണ്ട് കാര്യം പറഞ്ഞു. ഒരാഴ്ചത്തെ സമയം തരണമെന്നും സംസാരിച്ച് വിഷയം തീർക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഒന്നും സംഭവിച്ചില്ല. തുടർന്ന് ഡിജിപിക്കും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും കത്തയച്ചു. പത്ത് ദിവസത്തിനുള്ളിൽ പണം തിരികെനൽകി കരാർ റദ്ദാക്കണമെന്നായിരുന്നു രജിസ്ട്രേഡ് കത്തിൽ ആവശ്യപ്പെട്ടിരുന്നത്. ഇത് ലഭിച്ചതിനുപിന്നാലെ അദ്ദേഹത്തിന്റെ വക്കീൽ, 'പണം തരാൻ സാധ്യമല്ലെന്ന്' മറുപടി നൽകി. തുടർന്നാണ് എല്ലാ രേഖകളും വെച്ച് കോടതിയെ സമീപിച്ചിത്, ഉമർ ഷെരീഫ് പറഞ്ഞു.
Content Highlights: complaint against dgp darvesh saheb land agreement violation