കടലിൽ പതിച്ചത് കാല്‍സ്യം കാർബൈഡുള്ള 5 കണ്ടെയ്‌നറുകൾ, കപ്പൽ പൂർണമായി നീക്കും- ഷിപ്പിങ് മന്ത്രാലയം

#സ്വന്തം ലേഖിക
കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ ലൈബീരിയൻ ചരക്കുകപ്പലായ എംഎസി എൽസ 3 പൂർണമായും മുങ്ങിയപ്പോൾ | ഫോട്ടോ:  നേവി
കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ ലൈബീരിയൻ ചരക്കുകപ്പലായ എംഎസി എൽസ 3 പൂർണമായും മുങ്ങിയപ്പോൾ | ഫോട്ടോ: നേവി

കൊച്ചി: അപകടത്തില്‍പ്പെട്ട കപ്പലും കണ്ടെയ്‌നറുകളും കടലില്‍നിന്ന് ഉടന്‍ നീക്കംചെയ്യുമെന്ന് ഷിപ്പിങ് മന്ത്രാലയം. കപ്പലില്‍  643 കണ്ടെയ്‌നറുകളാണ് ഉണ്ടായിരുന്നത്. ഇവയില്‍ പന്ത്രണ്ട് കണ്ടെയ്‌നറുകളില്‍ കാല്‍സ്യം കാര്‍ബൈഡും ഒരെണ്ണത്തില്‍ റബ്ബർ രാസവസ്തുക്കളും ആണ് ഉള്ളത്. കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ അഞ്ച് കണ്ടെയ്‌നറുകളാണ് കപ്പലില്‍നിന്ന് കടലില്‍ പതിച്ചത്. ബാക്കിയുള്ളവ കപ്പലില്‍ തന്നെ ഉള്ളതായാണ് സ്ഥിരീകരിച്ചിട്ടുള്ളതൈന്നും ഷിപ്പിങ് മന്ത്രാലയം വ്യക്തമാക്കി.

കടലില്‍ പതിച്ച കണ്ടെയ്‌നറുകള്‍ വീണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. ഈ കണ്ടെയ്‌നറുകള്‍ വീണ്ടെടുക്കുന്നതിനും കപ്പല്‍ അവിടെനിന്ന് മാറ്റുന്നതിനുമായി മുംബൈയില്‍ നിന്നും, ആവശ്യംവന്നാല്‍ വിദേശത്തുനിന്നും ഏജന്‍സികളുടെ സഹായം തേടുമെന്നും ഷിപ്പിങ് മന്ത്രാലയം വ്യക്തമാക്കി. ജൂലൈ മാസം മൂന്നാം തീയതിക്കുള്ളില്‍ കപ്പലും കണ്ടെയ്‌നറുകളും പൂര്‍ണമായി നീക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രാലയം അറിയിച്ചു.

643 കണ്ടെയ്‌നറുകളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇതില്‍ 13 എണ്ണമാണ് അപകടകാരികളായ വസ്തുക്കള്‍ അടങ്ങിയവ. 12 എണ്ണത്തില്‍ കാല്‍സ്യം കാര്‍ബൈഡും ഒരെണ്ണത്തില്‍ റബ്ബർ രാസവസ്തുക്കളുമാണ് ഉണ്ടായിരുന്നത്. ഇത്തരത്തിലുള്ള അഞ്ച് കണ്ടെയ്‌നറുകളാണ് കപ്പലില്‍നിന്ന് കടലില്‍ വീണത്. ബാക്കിയുള്ളവ കപ്പലില്‍തന്നെയുണ്ടെന്നാണ് വിവരം. മറ്റു കണ്ടെയനറുകളില്‍ അപകടകരമായ വസ്തുക്കള്‍ ഇല്ല. 

കപ്പലിലെ ഇന്ധനം നീക്കുന്നതിനായിരിക്കും മുന്‍ഗണന നല്‍കുന്നത്. ഇതിനായി മുംബൈയില്‍നിന്ന് വിദഗ്ധസംഘം എത്തും. അപകടത്തില്‍പ്പെട്ട കപ്പലിന്റെ അവശിഷ്ടങ്ങള്‍ എത്രയുംപെട്ടെന്ന് കടലില്‍നിന്ന് നീക്കംചെയ്യും. പാരിസ്ഥിതിക ആഘാതം ഉണ്ടാകാന്‍ സാധ്യതയുള്ളതുകൊണ്ടുതന്നെ കപ്പലിലെ ഇന്ധനം നീക്കംചെയ്യുന്നതിനാണ് കൂടുതൽ പ്രാധാന്യം നല്‍കുന്നത്. പിന്നാലെ കപ്പലിലെ കണ്ടെയ്‌നറുകളും ശേഷം അപകടത്തില്‍പ്പെട്ട കപ്പലും പൂര്‍ണമായും നീക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ആവശ്യമായ അനുമതികളുള്ള കപ്പല്‍ തന്നെയാണ് അപകടത്തില്‍പ്പെട്ടത്. കപ്പല്‍ ശരിയായ പാതയില്‍കൂടിയാണ് സഞ്ചരിച്ചിരുന്നത്. കപ്പല്‍ മുങ്ങിയ സംഭവത്തില്‍ ദുരൂഹതയൊന്നുമില്ല. എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് സര്‍വീസ് നടത്തിയിരുന്നത് കപ്പലിന്റെ യന്ത്രതകരാറോ യന്ത്രങ്ങള്‍ ഓപ്പറേറ്റ് ചെയ്യുന്നതില്‍ വന്ന പാളിച്ചയോ ആകാം അപകടത്തിന് കാരണമായതെന്നുമാണ് വിലയിരുത്തൽ.

Content Highlights: ship carrying 643 containers, including hazardous materials, ran aground near Kochi.