വാന്‍ഹായ് കപ്പലിനെ കെട്ടിവലിച്ച് പരമാവധി ദൂരേക്ക് നീക്കാന്‍ ശ്രമം; മുന്‍ഭാഗത്തെ തീ നിയന്ത്രണവിധേയം

തീപ്പിടിച്ച ചരക്കുകപ്പലിൽനിന്ന് പുകയുയരുന്നു | Photo: x.com/IndiaCoastGuard
തീപ്പിടിച്ച ചരക്കുകപ്പലിൽനിന്ന് പുകയുയരുന്നു | Photo: x.com/IndiaCoastGuard

കോഴിക്കോട്: അറബിക്കടലില്‍ തീപ്പിടിച്ച 'വാന്‍ ഹായ് 503' ചരക്കുകപ്പല്‍ കടലിന്റെ ഉൾഭാഗത്തേക്ക് മാറ്റാന്‍ ശ്രമം നടത്തുന്നു. കത്തുന്ന കപ്പലില്‍ ഇറങ്ങിയ കോസ്റ്റ്ഗാര്‍ഡ് സംഘം വടംകെട്ടി കപ്പല്‍ വലിച്ചുകൊണ്ടുപോകാനുള്ള ദൗത്യത്തിലാണ്. ടഗ് ബോട്ട് ഉപയോഗിച്ചാണ് കപ്പലിനെ ദൂരേയ്ക്ക് എത്തിക്കുന്നത്. കോസ്റ്റ് ഗാര്‍ഡും പോര്‍ബന്ദറിലെ മറൈന്‍ എമര്‍ജന്‍സി സെന്ററും (എംഇആര്‍സി) ചേര്‍ന്നാണ് കപ്പല്‍ കേരളതീരത്തുനിന്ന് പരമാവധി അകലേക്ക് നീക്കാനുള്ള ദൗത്യത്തിലേര്‍പ്പെട്ടിരിക്കുന്നത്. 

കപ്പലിന്റെ മുന്‍ഭാഗത്തെ തീ നിയന്ത്രണവിധേയമാക്കിയശേഷം കോസ്റ്റ് ഗാര്‍ഡിന്റെ ഹെലിക്കോപ്ടര്‍ ഉപയോഗിച്ച് എംഇആര്‍സി സംഘം കപ്പലില്‍ ഇറങ്ങുകയാണ് ആദ്യം ചെയ്തത്. രണ്ടുദിവസത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് മുന്‍ഭാഗത്തെ തീ നിയന്ത്രണവിധേയമാക്കാനായത്. തുടര്‍ന്ന് മുന്‍ഭാഗത്തെ കൊളുത്തില്‍ വലിയ വടംകെട്ടിയ ശേഷം അതിനെ വാട്ടര്‍ലില്ലി എന്നുപേരുള്ള ടഗ് ബോട്ടുമായി ബന്ധിപ്പിച്ചു. ടഗ് ബോട്ട് വഴി കപ്പലിനെ കടലിന്റെ പരമാവധി ദൂരേയ്ക്ക് മാറ്റുകയാണ് ലക്ഷ്യം. 

അതേസമയം, കപ്പലിലെ തീ രണ്ടുദിവസം പിന്നിട്ടപ്പോഴും പൂര്‍ണമായി നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് കോസ്റ്റ് ഗാര്‍ഡ് നല്‍കുന്ന വിവരം. ഏകദേശം 10 മുതല്‍ 15 ഡിഗ്രിവരെ കപ്പല്‍ ചെരിഞ്ഞിട്ടുണ്ടെന്നും കോസ്റ്റ് ഗാർഡ് വ്യക്തമാക്കുന്നു. എങ്കിലും കപ്പല്‍ സന്തുലിതാവസ്ഥയില്‍ നിലകൊള്ളുന്നുണ്ട്. കനത്ത മഴകാരണം രാവിലെമുതല്‍ ഉച്ചവരെ കോസ്റ്റ്ഗാര്‍ഡിന്റെ വിമാനത്തിന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

Content Highlights: coast guard and merc conducting a salvage operation wan hai 503 ship