പുതുതലമുറയെ ആകർഷിക്കാൻ സിഐടിയു; സമരവും പണിമുടക്കും പ്രകടനവും മാറും, ഇനി പുതിയ മുറകൾ

#സ്വന്തം ലേഖകൻ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ: പുതിയ തലമുറയ്ക്കായി സി.ഐ.ടി.യു. മാറുകയാണ്. പരമ്പരാഗത രീതിയിലുള്ള സമരവും പണിമുടക്കും പ്രകടനവും കൊണ്ടുമാത്രം യുവതലമുറയിലെ തൊഴിലാളികളെ ആകർഷിക്കാനാകില്ലെന്ന തിരിച്ചറിവിലാണിത്. രാഷ്ട്രീയസമരങ്ങളിൽ ‘കോക്രോച്ച്’ പാർട്ടി ഉൾപ്പെടെയുള്ളവയ്ക്കു ലഭിച്ച സ്വീകാര്യത നേടിയെടുക്കലും ലക്ഷ്യമിടുന്നു. അഖിലേന്ത്യ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് ഇതിനുള്ള മുന്നൊരുക്കം.

സാമൂഹിക മാധ്യമങ്ങളും എ.ഐ. സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തി സംഘടനാപ്രവർത്തനം അടിമുടി മാറ്റാനാണു ശ്രമം. ഇതിന്റെ ഭാഗമായി സംസ്ഥാനതല ശില്പശാല ഈയിടെ മൂന്നാറിൽ നടന്നു. സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം ടി.എം. തോമസ് ഐസക് ആണ് വിഷയം അവതരിപ്പിച്ചത്.

‘കേരളത്തിലെ ഫാക്ടറിത്തൊഴിലാളികളിൽ 65-70 ശതമാനം പേർ 44 വയസ്സിൽ താഴെയുള്ളവരാണ്. ചെറിയൊരു ശതമാനം ജെൻസിയും. എന്നാൽ, തൊഴിലാളി യൂണിയൻ സംഘടനാരീതി പാരമ്പര്യചിട്ടയിലാണ്. ഇതൊരു പ്രശ്നമായി വളർന്നുവരുകയാണ്. കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങളിൽ 90-95 ശതമാനം ജീവനക്കാരും യൂണിയൻ അംഗങ്ങളാണ്. ചെറുകിട വ്യവസായങ്ങളിൽ ഇതു 30 ശതമാനമാണ്. പുത്തൻ തലമുറ വ്യവസായങ്ങളിലാകട്ടെ 5-10 ശതമാനമേ യൂണിയൻ അംഗങ്ങളായുള്ളൂ. ഈയൊരു പശ്ചാത്തലത്തിലാണ് സി.ഐ.ടി.യു.വിന്റെ യുവതൊഴിലാളികളുടെ ക്യാമ്പ് ശ്രദ്ധേയമാകുന്നത്.’ -തോമസ് ഐസക് പറഞ്ഞു.

അഞ്ചുകാര്യങ്ങളിലാണ് ശില്പശാല തീരുമാനമെടുത്തത്.

* സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള ആശയവിനിമയത്തിനു പ്രാധാന്യം നൽകണം. അതിലൂടെ മാത്രമേ യുവതൊഴിലാളികളുമായി സംവദിക്കാൻ കഴിയൂ.

* രാഷ്ട്രീയ പഠനരീതി മാറണം. സ്റ്റഡി സർക്കിളുകൾ, ഓൺലൈൻ ക്ലാസുകൾ, തൊഴിലാളികൾ സ്വയം തയ്യാറാക്കുന്ന പഠന റിപ്പോർട്ടുകൾ തുടങ്ങിയവ അവലംബിക്കണം.

* സ്ത്രീ തൊഴിലാളികളുടെ എണ്ണം കൂടുന്നതിനാൽ അവർക്കു പ്രത്യേക പ്രാധാന്യം നൽകണം.

* പരമ്പരാഗത സഹകരണസംഘങ്ങൾക്കും സ്വയംസഹായ സംഘങ്ങൾക്കും പുറമേ നൈപുണ്യ പരിശീലനത്തിനും യൂണിയൻ മുൻകൈയെടുക്കണം.

* സാംസ്കാരിക ഇടപെടൽ ശക്തിപ്പെടുത്തണം. സ്വത്വബോധത്തിനപ്പുറം വർഗബോധം ഉണർത്തണം.

അഖിലേന്ത്യതലത്തിൽ മാറ്റം വരും

പുതിയ തലമുറയെ ചേർത്തുപിടിക്കുംവിധം അഖിലേന്ത്യ തലത്തിൽത്തന്നെ മാറ്റം വരുത്തുന്നതിനുള്ള പരിശ്രമത്തിലാണ് സി.ഐ.ടി.യു. സംസ്ഥാനതല കൺവെൻഷൻ നടത്തി നയരേഖ നടപ്പാക്കും.

കെ.എൻ. ഗോപിനാഥ്, സി.ഐ.ടി.യു. അഖിലേന്ത്യ സെക്രട്ടറി

Content Highlights: CITU is pivoting from traditional strike methods to digital-first communication., Focus on integrating AI and social media to connect with Gen Z workers., Implementation of online study circles and self-prepared labor reports., Increased emphasis on women's representation and skill development training., Shift toward fostering class consciousness through cultural engagement.