ചിന്താ ജെറോം ഡി.വൈ.എഫ്.ഐ.യുടെ ആദ്യ വനിതാ സംസ്ഥാന പ്രസിഡന്റാകും

കൊല്ലം: ഡി.വൈ.എഫ്.ഐ.യുടെ ആദ്യ വനിതാ സംസ്ഥാന പ്രസിഡന്റായി സംഘടനയുടെ കേന്ദ്രകമ്മിറ്റിയംഗവും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവുമായ ചിന്താ ജെറോമിനെ തിരഞ്ഞെടുത്തേക്കും. കഴിഞ്ഞദിവസം ചേർന്ന ഡിവൈഎഫ്ഐ ഫ്രാക്ഷൻ യോഗത്തിലാണ് തീരുമാനം. എസ്.എഫ്.ഐ. മുൻ സംസ്ഥാന സെക്രട്ടറിയും എം.എൽ.എ.യുമായ എം. വിജിൻ സംസ്ഥാന സെക്രട്ടറിയാകും. ആലപ്പുഴയിൽനിന്നുള്ള രാഹുൽ ആകും പുതിയ ട്രഷറർ. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് ഫ്രാക്ഷൻ യോഗത്തിൽ പാനൽ അവതരിപ്പിച്ചത്.
അടുത്തദിവസം ചേരുന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ്, പാനൽ അംഗീകരിക്കുമെന്നാണ് വിവരം. ഓഗസ്റ്റ് 19 മുതൽ 22 വരെ തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനമാണ് ഭാരവാഹികളെ ഔദ്യോഗികമായി തിരഞ്ഞെടുക്കേണ്ടത്. ഫ്രാക്ഷൻ ചേർന്ന് ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന രീതിയാണ് പൊതുവേ അനുവർത്തിച്ചുവരുന്നത്. എങ്കിലും തിരഞ്ഞെടുപ്പ് രീതി സംബന്ധിച്ച് കണ്ണൂരിൽ നിന്നുള്ള ഒരംഗം വിമർശനമുന്നയിച്ചു. ഭാരവാഹികളാകുന്നതിൽ 38 വയസ് പ്രായപരിധി കർശനമാക്കിയിട്ടുണ്ട്. ഇതാണ് വിജിന് തുണയായത്. എന്നാൽ, കൃത്യസമയത്ത് സംഘടനാ സമ്മേളനങ്ങളിൽ നടക്കാത്തതിനാലാണ് പ്രായപരിധിയുടെ പേരിൽ പലരും ഒഴിവാക്കപ്പെടുന്നതെന്നായിരുന്നു വിമർശനം.
ഡി.വൈ.എഫ്.ഐ.യുടെ പ്രധാന ജില്ലാ ഭാരവാഹികളിലൊരാൾ നിർബന്ധമായും വനിതയായിരിക്കണമെന്ന നിബന്ധനയിൽ വെള്ളം ചേർത്തതായി നേരത്തെ സംഘടനയ്ക്കുള്ളിൽ വിമർശനമുയർന്നിരുന്നു. സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശ പ്രകാരം ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയേറിയറ്റ് എടുത്ത തീരുമാനമാണ് ഭൂരിപക്ഷം ജില്ലകളിലും അട്ടിമറിക്കപ്പെട്ടത്. ആകെ നാല് വനിതാ ജില്ലാ പ്രസിഡന്റുമാർ മാത്രമേ തിരഞ്ഞെടുക്കപ്പെട്ടുള്ളൂ. ഒരു ജില്ലയിലും സെക്രട്ടറി സ്ഥാനം വനിതകൾക്ക് നൽകിയതുമില്ല. കണ്ണൂർ, പാലക്കാട്, കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് പ്രസിഡന്റായി വനിതകളെത്തിയത്. ഇടുക്കി, പത്തനംതിട്ട ജില്ലാ സമ്മേളനങ്ങൾ കഴിഞ്ഞശേഷമാണ് നിബന്ധന കൊണ്ടുവന്നത്.
കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കാസർകോട്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ട്രഷറർ സ്ഥാനം വനിതകൾക്ക് നൽകി. എല്ലാ കമ്മിറ്റികളിലും കുറഞ്ഞത് 20 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് ഭരണഘടനാ ഭേദഗതികളിലൂടെ ഡി.വൈ.എഫ്.ഐ. കർശനമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. വെറും കമ്മിറ്റി അംഗങ്ങൾ എന്നതിലുപരി പ്രധാന ഭാരവാഹിത്വങ്ങളിലേക്ക് വനിതാ നേതാക്കളെ തിരഞ്ഞടുക്കണമെന്നായിരുന്നു പുതിയ തീരുമാനം.
Content Highlights: Chintha Jerome is set to become the first female state president of DYFI., M Vijin will take over as the state secretary., Rahul from Alappuzha is chosen as the new treasurer., An age limit of 38 has been strictly enforced for the new office bearers., The official election will take place at the state conference in Thrissur from August 19 to 22.