ചൂണ്ടയിടുന്നതിനിടെ പാറക്കുളത്തിൽ വീണു, രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം; അപകടം കോട്ടയത്ത്

കോട്ടയം: ചങ്ങനാശേരി തൃക്കൊടിത്താനത്ത് രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു. മാടപ്പള്ളി പൊൻപുഴക്കുന്നിൽ താമസിക്കുന്ന ആദർശ്, അഭിനവ് എന്നിവരാണ് മരിച്ചത്. ശനിയാഴ്ച ചെമ്പുംപുറത്ത് പാറക്കുളത്തിൽ വീണായിരുന്നു അപകടം. ചൂണ്ടയിടുന്നതിനിടെയാണ് കുട്ടികൾ കുളത്തിൽവീണത്.
ചൂണ്ടയിടുന്നതിനിടെ ഒരാൾ കാൽ വഴുതി കുളത്തിൽ വീഴുകയും രക്ഷിക്കാൻ ശ്രമിക്കവേ രണ്ടാമത്തെ കുട്ടിയും വെള്ളത്തിൽ വീഴുകയായിരുന്നുവെന്നാണ് വിവരം. ചങ്ങനാശ്ശേരി ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹങ്ങൾ പാറക്കുളത്തിൽനിന്ന് പുറത്തെടുത്തു. മൃതദേഹങ്ങൾ ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അഭിനവ് ആറാം ക്ലാസ് വിദ്യാർഥിയാണ്. ആദർശ് പത്താം ക്ലാസിലും.
Content Highlights: children went fishing and fell into water at changanassery