തെങ്ങിനുമേലെ തലകീഴായി തൂങ്ങി, സിനിമയെ വെല്ലുന്ന രക്ഷാദൗത്യവുമായി അഗ്നിരക്ഷാസേന; വർഗീസിനിത് പുതുജന്മം

ചേർത്തല: അരമണിക്കൂറിലേറെ നീണ്ട ആശങ്കകൾക്കൊടുവിൽ സുരക്ഷിതനായി വർഗീസ് നിലംതൊട്ടു. തെങ്ങിന്റെ മുകളിൽ കുടുങ്ങിയ വർഗീസിനെ അഗ്നിരക്ഷാസേനയാണ് സിനിമയെ വെല്ലുന്ന രക്ഷാദൗത്യത്തിലൂടെ താഴെയിറക്കിയത്. തെങ്ങുകയറുന്ന മെഷീനിൽ കാലുടക്കി 40 അടിയോളം ഉയരത്തിൽ അരമണിക്കൂറോളം മരണത്തെ മുഖാമുഖംകണ്ട് തലകീഴായി കിടക്കുകയായിരുന്നു വർഗീസ്. ശനിയാഴ്ച രാവിലെ എട്ടോടെ ചേർത്തല മണവേലിയിലായിരുന്നു സംഭവം.
ചേർത്തല ചക്കരക്കുളം നികർത്തിൽ വീട്ടിൽ വർഗീസ് (60) ആണ് മരണത്തിനു മുന്നിൽനിന്ന് ജീവിതത്തിലേക്കു തിരിച്ചെത്തിയത്. മണവേലി സ്വദേശി ബാലകൃഷ്ണന്റെ വീട്ടിലെ തെങ്ങുകയറുമ്പോൾ തെങ്ങ് വലിച്ചു കെട്ടിയിരുന്ന കമ്പി പൊട്ടിയതിനാൽ തെങ്ങ് ആടിയുലഞ്ഞതോടെ വർഗീസിന്റെ പിടിവീട്ടു.
കയറാനുപയോഗിച്ച മെഷീനിൽ കാൽ കുടുങ്ങിയതിനാൽ താഴെവീഴാതെ തലകീഴായി തൂങ്ങിക്കിടന്നു. വീട്ടുടമ ചേർത്തല അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. സ്റ്റേഷൻ ഓഫീസർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി. ഏണിവെച്ച് തെങ്ങിനുമുകളിലേക്ക് ഫയർമാൻ ലെജി പി. ശേഖർ കയറിയെങ്കിലും അതിലും ഉയരത്തിലായിരുന്നു വർഗീസ് കുടുങ്ങിക്കിടന്നത്.
തെങ്ങിലൂടെ പിടിച്ച് ഇദ്ദേഹം മുകളിലേക്കു കയറി. അടുത്തെത്തിയതോടെ വർഗീസിന്റെ കാൽ മെഷീനിൽനിന്നു പിടിവിട്ട് ലെജി പി. ശേഖറിന്റെ ദേഹത്തേക്കു വീണു. എന്തും സംഭവിക്കാവുന്ന നിമിഷത്തിൽ ലെജി, വർഗീസിനെ ചേർത്തുപിടിച്ചു. അപ്പോൾ മറ്റൊരു ഫയർമാൻ ഉണ്ണിയും തെങ്ങിൻമുകളിലേക്കു കയറി ഇരുവരും ചേർന്ന് വർഗീസിനെ സാഹസികമായി താഴെയിറക്കി.
ഈ സമയം മറ്റുദ്യോഗസ്ഥർ താഴെ സുരക്ഷാവല വിരിച്ചിരുന്നു. താഴെയിറക്കിയ വർഗീസിനെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മെഷീനിൽ കാൽ ഉടക്കിയില്ലാതിരുന്നുവെങ്കിൽ താഴെ റോഡിലേക്കു വീഴുമായിരുന്നു. ഉദ്യോഗസ്ഥരെത്തിയതിനാൽ ജീവൻ തിരിച്ചുകിട്ടിയെന്ന് ചികിത്സയിൽ കഴിയുന്ന വർഗീസ് പറഞ്ഞു. സ്റ്റേഷൻ ഓഫീസർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സി. സനൽ ഫയർമാൻമാരായ സുബിൻ, നിഷാന്ത്, പ്രിസു എസ്. ദർശൻ, ഹോം ഗാർഡ്‌സ് പ്രേം കുമാർ, ജോൺ ബോസ്‌കോ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
Content Highlights: Dramatic rescue in Cherthala as fire force saves a man dangling upside down from a coconut tree for over 30 minutes.