കോഴ ആരോപണം: ബിഎസ്എൻഎൽ ഉന്നത ഉദ്യേഗസ്ഥന്റെ വീടുകളിലും ഓഫിസുകളിലും റെയ്ഡ്

#ന്യൂസ് ഡെസ്ക്
Photo: BSNL
Photo: BSNL

കൊച്ചി: ബിഎസ്എൻഎൽ ഉന്നത ഉദ്യോഗസ്ഥനെതിരെ സിബിഐ കേസ്. തിരുവനന്തപുരത്തെ ബിഎസ്എൻഎൽ പ്രിൻസിപ്പൽ ജനറൽ മാനേജർ ആയിരുന്ന സി. രാജേന്ദ്രനെതിരെയാണ് സിബിഐ കേസെടുത്തത്. കരാറുകാരിൽനിന്ന് ലക്ഷക്കണക്കിന് രൂപ കോഴ വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേസ്.

ഇന്നലെ സി. രാജേന്ദ്രന്റെ ചെന്നൈയിലെയും മധുരയിലെയും ഓഫീസുകളിലും വീടുകളിലും സിബിഐ റെയ്ഡ് നടത്തി. വരവിൽകവിഞ്ഞ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ഒട്ടേറെ രേഖകളും പണവും സിബിഐ പിടിച്ചെടുത്തിട്ടുണ്ട്.

തിരുവനന്തപുരത്തെ ബിഎസ്എൻഎൽ പ്രിൻസിപ്പൽ ജനറൽ മാനേജർ ആയിരുന്നു സി. രാജേന്ദ്രൻ. ബിഎസ്എൻഎൽന്റെ ഭൂഗർഭ കേബിൾ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനുള്ള കരാറുകാരനിൽനിന്ന് ബില്ല് പാസാക്കുന്നതിന് കോഴ വാങ്ങിയെന്നാണ് സിബിഐയുടെ കണ്ടെത്തൽ.

ആരോപണങ്ങളെ തുടർന്ന് ബിഎസ്എൻഎൽ രാജേന്ദ്രനെതിരെ വകുപ്പുതല അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിൽ തിരുവനന്തപുരത്തുനിന്ന് രാജേന്ദ്രനെ കൽക്കട്ടയിലേക്കും പിന്നീട് ചെന്നൈയിലേക്കും സ്ഥലംമാറ്റി. സിബിഐ രാജേന്ദ്രന്റെ അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിൽ കൈക്കൂലി ഇടപാട് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചിരുന്നു.

Content Highlights: CBI Raids Top BSNL Official in Major Bribery Case