‘ഗോകുൽ ഭീഷണി കോൾ നടത്തിയത് തെറ്റ്’; കന്റോൺമെന്റ് സി.ഐക്കും എസ്.ഐക്കും കാരണം കാണിക്കൽ നോട്ടീസ്

തിരുവനന്തപുരം: എസ്.എഫ്.ഐ.യുമായി കൊമ്പുകോർത്ത സംഭവത്തിൽ കന്റോൺമെന്റ് പോലീസ് സ്റ്റേഷൻ സി.ഐ. എസ്.സതീഷ്കുമാറിനും എസ്.എഫ്.ഐ. നേതാവിനെ ഫോണിൽ ഭീഷണിപ്പെടുത്തിയ കന്റോൺമെന്റ് എസ്.ഐ. ഗോകുൽ ഗോപനും സിറ്റി പോലീസ് കമ്മിഷണർ കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇതുസംബന്ധിച്ചുള്ള അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നൽകിയത്. നാലു ദിവസത്തിനകം മറുപടിനൽകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. എസ്.ഐ. ഗോകുൽ ഭീഷണി കോൾ നടത്തിയത് തെറ്റെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ട്.
ഇതിനിടെ സി.ഐ. സതീഷ് കുമാർ ലീവിൽ പ്രവേശിച്ചെങ്കിലും മാധ്യമവാർത്തകളെ തുടർന്ന് തിരികെ ഡ്യൂട്ടിയിൽ പ്രവേശിച്ചു. അതേസമയം എസ്.ഐ. ഗോകുൽ വകുപ്പിലെ പരിശീലന പരിപാടിയിൽ പങ്കെടുക്കാനായി ലീവിൽ പ്രവേശിക്കുകയും ചെയ്തു. സി.ഐ. സതീഷ്കുമാർ സ്വകാര്യ ആവശ്യങ്ങൾക്കാണ് ലീവിൽ പ്രവേശിച്ചതെന്നും എന്തെങ്കിലും നടപടികളുടെ ഭാഗമായല്ല ഇതെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പോക്സോ നിയമങ്ങളുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടക്കുന്ന ട്രെയിനിങ് ക്ലാസിൽ പങ്കെടുക്കാനാണ് എസ്.ഐ. ഗോകുൽ ലീവിൽ പോയതെന്നും അവർ വിശദീകരിച്ചു.
യൂണിവേഴ്സിറ്റി ഹോസ്റ്റലിനുള്ളിൽ കയറി പോലീസ് ലാത്തിച്ചാർജ് നടത്തിയതായിരുന്നു പ്രശ്നങ്ങൾക്കു തുടക്കം. ഇതിൽ പ്രതിഷേധിച്ച് അടുത്തദിവസം ഇടത് സംഘടനകൾ നടത്തിയ മാർച്ചിനിടെ ‘സഹികെട്ടാൽ ഇവിടെയൊരു കൊലപാതകം നടക്കുമെന്ന്’ സി.പി.എം. ജില്ലാ സെക്രട്ടറി വി. ജോയ് എം.എൽ.എ. പറഞ്ഞതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. വി. ജോയ് ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരേ പോലീസ് കേസെടുക്കുകയും ചെയ്തു.
പിന്നാലെ കന്റോൺമെന്റ് എസ്.ഐ. ഗോകുൽ ഗോപൻ എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി എം.എ. നന്ദനെ ഫോണിലൂടെ ഭീഷണിപ്പെടുത്തി. ഇതിന്റെ ശബ്ദസന്ദേശം പുറത്തുവന്നതോടെ എസ്.ഐ.ക്കെതിരേ അന്വേഷണം പ്രഖ്യാപിച്ചു. സി.ഐ. സതീഷ്കുമാർ എസ്.എഫ്.ഐ.ക്കാരെ വെല്ലുവിളിച്ചുകൊണ്ട് ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇടുകയും പിന്നീട് പിൻവലിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഇരുവരെയും കമ്മിഷണർ വിളിച്ചുവരുത്തിയത്. ഈ രണ്ടുപേരെയും തത്സ്ഥാനത്തുനിന്നു മാറ്റണമെന്ന് ഇടതുപക്ഷ നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, ഇവരെ മാറ്റുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന വാദവും സർക്കാരിനുള്ളിലും യു.ഡി.എഫിലും ഉയരുന്നുണ്ട്. സ്പെഷ്യൽ ബ്രാഞ്ച് എ.സി.യുടെ അന്വേഷണത്തിനുശേഷമാകും ഇതിൽ തീരുമാനമുണ്ടാകുക.
Content Highlights: The City Police Commissioner issued show cause notices to the Cantonment CI and SI.