എം. സ്വരാജിനു വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണം; അധ്യാപികയ്‌ക്കെതിരായ നടപടി തള്ളി സിൻഡിക്കേറ്റ്

തേഞ്ഞിപ്പലം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എം. സ്വരാജിനുവേണ്ടി സാമൂഹികമാധ്യമങ്ങളിൽ വീഡിയോ പ്രചാരണം നടത്തിയെന്ന ആരോപണത്തിൽ കാലിക്കറ്റ് സർവകലാശാലാ താരതമ്യ സാഹിത്യ പഠനവിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോ. ശ്രീകല മുല്ലശ്ശേരിക്ക് വിസി ഡോ. പി. രവീന്ദ്രൻ മെമ്മോ നൽകിയ നടപടി സിൻഡിക്കേറ്റ് തള്ളി. പരാതിയോ പ്രാഥമിക അന്വേഷണമോ നടന്നിട്ടില്ലെന്നും ജൂണിൽ നൽകിയ മെമ്മോ തൊട്ടടുത്ത സിൻഡിക്കേറ്റിൽ അവതരിപ്പിച്ചില്ലെന്നും ഇടതംഗങ്ങൾ വാദിച്ചു. വിസിക്ക് ചാർജ് മെമ്മോ കൊടുക്കാൻ അധികാരമില്ലെന്നും സിൻഡിക്കേറ്റിന്റെ അധികാരം ദുരുപയോഗം ചെയ്തെന്നും അവർ ആരോപിച്ചു. വിഷയത്തിൽ ഭൂരിഭാഗത്തിന്റെ അഭിപ്രായത്തിലാണ് തീരുമാനം.
നിലവിലെ അച്ചടക്ക നടപടികളുമായി മുന്നോട്ടുപോകണമെന്ന് ലീഗ് അനുകൂല അംഗം ഡോ. പി. റഷീദ് അഹമ്മദ്, കോൺഗ്രസ് അനുകൂല അംഗം ടി.ജെ. മാർട്ടിൻ, ബിജെപി അനുകൂല അംഗം എ.കെ. അനുരാജ് എന്നിവർ ആവശ്യപ്പെട്ടു. ഭൂരിപക്ഷത്തിന്റെ പേരിൽ സർവീസ് ചട്ടം ലംഘിക്കാൻ സിൻഡിക്കേറ്റിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി വിയോജിപ്പ് രേഖപ്പെടുത്തി.
മെമ്മോ നൽകിയ നടപടി ഗവർണർക്ക് റിപ്പോർട്ട് ചെയ്യുമെന്നും അച്ചടക്ക നടപടിയുമായി മുന്നോട്ടു പോകുമെന്നും വിസി സിൻഡിക്കേറ്റിനെ അറിയിച്ചു. മുഴുവൻ അജൻഡകളും ചർച്ച ചെയ്യാതെ യോഗം പിരിയുന്നതുമായി ബന്ധപ്പെട്ട് സിൻഡിക്കേറ്റിൽ ബഹളവുമുണ്ടായി.
Content Highlights: Calicut University assistant professor receives memo syndicate rejected campaigning for M. Swaraj