കാലിക്കറ്റ് സർവകലാശാല പഠനബോർഡിൽ മരിച്ച അധ്യാപികയും; യോഗ്യരായവരെ മാറ്റിനിർത്തിയെന്ന് ആരോപണം

തൃശ്ശൂർ: പുനഃസംഘടിപ്പിച്ച കാലിക്കറ്റ് സർവകലാശാല പഠനബോർഡുകളിലൊന്നിൽ മരിച്ച അധ്യാപികയുടെ പേരും. എൻവയോൺമെന്റൽ സയൻസ് ആൻഡ് വാട്ടർ മാനേജ്മെന്റ് ബോർഡിലാണ് തൃശ്ശൂർ വെമ്പല്ലൂർ എം.ഇ.എസ്. അസ്മാബി കോളേജ് ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുടെ പേരുമുൾപ്പെട്ടത്. കൊടുങ്ങല്ലൂർ സ്വദേശിയായ ഇവർ രണ്ടുവർഷം മുൻപാണ് രോഗബാധിതയായി മരിച്ചത്. ഇതടക്കം പഠനബോർഡ് പുനഃസംഘടിപ്പിച്ചതിനു പിന്നാലെ ഒട്ടേറെ പരാതികളും ആക്ഷേപങ്ങളുമാണുയരുന്നത്.
ഓട്ടോണമസ് കോളേജുകൾക്ക് അനർഹമായ പ്രാതിനിധ്യം കിട്ടിയെന്നാണ് പ്രധാന ആക്ഷേപം. സ്വന്തമായി സിലബസും പരീക്ഷയുമുള്ള ഓട്ടോണമസ് കോളേജുകളിൽ സർട്ടിഫിക്കറ്റ് അനുവദിക്കുക മാത്രമാണ് സർവകലാശാലയുടെ ഉത്തരവാദിത്വം. എന്നിട്ടും പല പഠനബോർഡുകളിലും ചെയർമാൻമാരുൾപ്പെടെ ഓട്ടോണമസ് കോളേജിലെ അധ്യാപകർക്കാണ് ഭൂരിപക്ഷമുള്ളത്. അഫിലിയേറ്റഡ് കോളേജുകളിലെ ഭരണപക്ഷ അനുകൂല അധ്യാപകർക്കുവരെ ഇതിൽ അതൃപ്തിയുണ്ട്.
ഇത്തരത്തിൽ 150-ൽപ്പരം അധ്യാപകരാണ് 93 പഠനബോർഡുകളിൽ ഇടംപിടിച്ചത്. സർവകലാശാലയുമായി അഫിലിയേറ്റുചെയ്ത കോളേജുകളിലെ യോഗ്യരായ ഒട്ടേറെ അധ്യാപകരെ മാറ്റിനിർത്തിയാണിതെന്നാണ് പരാതി. സാധാരണ സിൻഡിക്കേറ്റ് ചേർന്നാണ് പഠനബോർഡ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. എന്നാൽ, ഇത്തവണ വൈസ് ചാൻസലർ നേരിട്ടാണ് പട്ടിക തയ്യാറാക്കിയതെന്നറിയുന്നു. ട്രാവൽ ആൻഡ് ടൂറിസം ബോർഡിലെ ആകെ പത്ത് അംഗങ്ങളിൽ മൂന്നുപേരാണ് അഫിലിയേറ്റഡ് കോളേജ് അധ്യാപകർ. ഈ ബോർഡിന്റെ ചെയർമാൻ സർവകലാശാലയ്ക്കു പുറത്തുനിന്നുള്ള ആളുമാണ്.
മലപ്പുറം ജില്ലയിലെ രണ്ട് ഓട്ടോണമസ് കോളേജുകളിൽനിന്നുമാത്രം 42 അധ്യാപകർ വിവിധ പഠനബോർഡുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. അതേസമയം, പല കോളേജുകളുടെയും പേരിനൊപ്പം ഓട്ടോണമസ് എന്നു ചേർക്കാതെയാണ് പട്ടിക പ്രസിദ്ധീകരിച്ചിട്ടുള്ളത്. സംഘപരിവാർ അനുകൂല നിലപാടുള്ള 32 അധ്യാപകർ ലീഗ്-കോൺഗ്രസ് ഭൂരിപക്ഷമുള്ള സിൻഡിക്കേറ്റിനു കീഴിലെ പഠനബോർഡുകൾ ഇടംപിടിച്ചതും രാഷ്ട്രീയവിവാദമായിട്ടുണ്ട്. ചില ജില്ലകൾക്ക് അമിത പ്രാധാന്യമുണ്ടായപ്പോൾ പല ബോർഡുകളിലും മറ്റു ജില്ലകളിൽനിന്നുള്ള അധ്യാപകർ ഉൾപ്പെട്ടുമില്ല.
Content Highlights: A deceased assistant professor's name was included in the newly constituted Calicut University Environmental Science Board of Studies., Autonomous colleges received disproportionate representation on the boards, sparking anger among affiliated college teachers., The VC allegedly prepared the list directly, bypassing the usual Syndicate selection process., Political controversy arose as teachers with Sangh Parivar affiliations were included under a opposition-backed syndicate, and regional bias was reported.