ഉദ്ഘാടനം ചെയ്തത് കാപ്പിക്കടയല്ല, 400 കോടിയുടെ 'ബൈ മീ എ കോഫി’യെക്കുറിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനം മഴക്കെടുതികൾ നേരിടുന്നതിനിടെ മുഖ്യമന്ത്രി കോഴിക്കോട് കോഫി ഷോപ്പ് ഉദ്ഘാടനം ചെയ്യാൻ പോയി എന്ന ആരോപണം സജീവമായിരുന്നു. എന്നാൽ താൻ ഉദ്ഘാടനം ചെയ്തത് വെറുമൊരു കാപ്പിക്കടയല്ലെന്നും എന്താണ് ആ സ്ഥാപനമെന്നും മുഖ്യമന്ത്രി തലസ്ഥാനത്ത് ഒരു പരിപാടിയിൽ വിശദീകരിച്ചു. രണ്ട് ചെറുപ്പക്കാരുടെ 400 കോടി രൂപയുടെ 'ബൈ മീ എ കോഫി' എന്ന സംരംഭത്തിന്റെ ഉദ്ഘാടനത്തിനായാണ് താൻ പോയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ വാക്കുകൾ
ചെറുപ്പക്കാർ നിരവധി ആശയങ്ങളുമായാണ് മുന്നോട്ടുവരുന്നത്. കഴിഞ്ഞദിവസം കോഴിക്കോട് ഒരു പരിപാടി ഉദ്ഘാടനം ചെയ്യാൻ പോയി. കരുവാരക്കുണ്ട് ഗ്രാമത്തിൽ ജനിച്ച രണ്ട് സഹോദരങ്ങളാണ്. അതിലൊരാൾ 13 വയസ്സിൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്‌ലോഗർ ആയിരുന്നു. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾക്ക് ലഭിക്കുന്ന പണം ക്ലെയിം ചെയ്യാനുള്ള ഒരു ആപ്പ് അവർ ഡെവലപ്പ് ചെയ്‌തെടുത്തു. 400 കോടി രൂപയുടെ പ്രോജക്ടാണത്. 20 രാജ്യങ്ങളിലെ പ്രോജക്ട് ആണത്. അതിന്റെ മനോഹരമായ പേര് 'ബൈ മീ എ കോഫി' എന്നാണ്. ചില വാർത്തകൾ വന്നത് ഞാൻ കോഫി ഷോപ്പ് ഉദ്ഘാടനം ചെയ്യാൻ പോയി എന്നാണ്. മലയാളികളായ രണ്ട് ചെറുപ്പക്കാരുടെ സംരംഭത്തിന്റെ കേരളത്തിലെ ഓഫീസ് ഉദ്ഘാടനം ചെയ്യാനാണ് ഞാൻ പോയത്. അവരോട് സംസാരിക്കുമ്പോൾ നമ്മൾക്ക് ഊർജം ലഭിക്കും. അത്തരം പുത്തൻ ആശയങ്ങളെ പ്രോജക്ടുകളാക്കണം. അതിനെ കേരളം പിന്തുണയ്ക്കണം.
എന്താണ് ക്രിയേറ്റർമാരുടെ സ്വന്തം ബൈ മീ എ കോഫി?
ദശലക്ഷക്കണക്കിന് കണ്ടന്റ് ക്രിയേറ്റർമാരെ അവരുടെ ആരാധകരിൽ നിന്നും വായനക്കാരിൽ നിന്നും നേരിട്ട് പണം സ്വീകരിക്കാൻ സഹായിക്കുന്ന ആഗോള പ്ലാറ്റ്‌ഫോമാണിത്. അമേരിക്കയിലാണ് ഇതിന് തുടക്കം കുറിച്ചത്. കോഴിക്കോട് സ്വദേശികളായ ജിജോ സണ്ണി, ജോസഫ് സണ്ണി, അലീഷ ജോൺ എന്നിവരാണ് ഇതിന് പിന്നിൽ. ആഗോളതലത്തിൽ ശ്രദ്ധേയമായ സ്റ്റാർട്ടപ്പ് ആക്‌സിലറേറ്ററായ Y കോമ്പിനേറ്ററിൽ ഇടംനേടിയ ആദ്യ കേരള സ്റ്റാർട്ടപ്പുകളിൽ ഒന്നു കൂടിയാണതെന്നാണ് റിപ്പോർട്ടുകൾ. ലോകപ്രശസ്ത ഫിൻടെക് കമ്പനിയായ സ്‌ട്രൈപ് ഉൾപ്പെടെ നിരവധി നിക്ഷേപകരുടെ പിന്തുണയും കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. കോഫി എന്നതിനെ ഉദ്ദേശിക്കുന്നത് ഡിജിറ്റൽ സംഭാവനയാണ്. 3 ഡോളർ മുതൽ ഗിഫ്റ്റ് ചെയ്യാനാകും.
Content Highlights: CM clarifies that the event was for a 400-crore global startup office, not a coffee shop., Buy Me a Coffee is a platform for content creators to receive direct donations., Founded by Jijo Sunny, Joseph Sunny, and Aleesha John from Kozhikode., The startup is backed by Y Combinator and global investors like Stripe., The platform operates in over 20 countries, supporting creator monetization.