കരാര്‍ ലംഘനം, വിവാദം: ഞെളിയന്‍പറമ്പിലെ പദ്ധതിയില്‍നിന്ന് സോണ്ടയെ വെട്ടി കോഴിക്കോട് കോര്‍പ്പറേഷന്‍

ഞെളിയന്‍ പറമ്പ് |ഫോട്ടോ:മാതൃഭൂമി
ഞെളിയന്‍ പറമ്പ് |ഫോട്ടോ:മാതൃഭൂമി

ഫറോക്ക്: കോഴിക്കോട് ഞെളിയന്‍പറമ്പിലെ വേസ്റ്റ് ടു എനര്‍ജി പദ്ധതിയുടെ കരാറില്‍ നിന്ന് സോണ്ട ഇന്‍ഫ്രാടെകിനെ ഒഴിവാക്കാന്‍ തീരുമാനം. 2019-ലാണ്   പദ്ധതി നടത്തിപ്പിനായി സോണ്ട കരാര്‍ ഏറ്റെടുത്തത്. എന്നാല്‍ ബയോ മൈനിങ്ങിന്റെ 60 ശതമാനം മാത്രമാണ് സോണ്ട പൂര്‍ത്തിയാക്കിയത്. കരാര്‍ കഴിഞ്ഞ നവംബറില്‍ അവസാനിച്ചതോടെ കരാര്‍ പുതുക്കി നല്‍കാന്‍ കമ്പനി വീണ്ടും കോര്‍പ്പറേഷന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ പദ്ധതി ഇത്രയും വൈകിയ സാഹചര്യത്തില്‍ കരാര്‍ ഇനി പുതുക്കി നല്‍കേണ്ട എന്നാണ് കോഴിക്കോട് കോര്‍പ്പറേഷന്റെ തീരുമാനം.

ബ്രഹ്‌മപുരത്ത് വിവാദത്തിലായ കമ്പനിയാണ് സോണ്ട. ഏഴരക്കോടിയുടെ കരാറില്‍ ഇതുവരെ ഒന്നരക്കോടി രൂപ കമ്പനിയ്ക്ക് നല്‍കിയിട്ടുണ്ട്. പദ്ധതി പാതി വഴിയില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ബാക്കി തുക നല്‍കില്ലെന്നും കോര്‍പ്പറേഷന്‍ അറിയിച്ചു. ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കുമെന്നും മേയര്‍ പറഞ്ഞു.

ഞെളിയന്‍ പറമ്പിലെ സംസ്‌കരണ യൂണിറ്റില്‍ നിന്ന് അരിച്ചെടുക്കുന്ന പ്ലാസ്റ്റിക് തരികള്‍ ഒരു ഭാഗത്ത് കൂട്ടിയിട്ടിരുന്നു. ഇത് കാറ്റില്‍ പറന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്നും മൂടി വെക്കണമെന്ന് നേരത്തെ തന്നെ കോര്‍പ്പറേഷന്‍ അറിയിക്കുകയും ചെയ്തിരുന്നു എന്നാല്‍ അത് പാലിച്ചില്ലെന്നും കോര്‍പ്പറേഷന്‍ പറഞ്ഞു. 

പ്ലാസ്റ്റിക് കുന്നുകൂടുകയും കഴിഞ്ഞ ദിവസം അവിടെ തീപിടിത്തം ഉണ്ടായത് ആളുകളില്‍ ആശങ്ക ഉണ്ടാവുകയും ചെയ്തു. നിലവില്‍ കോര്‍പ്പറേഷന്‍ നേരിട്ടാണ് ഞെളിയന്‍പറമ്പില്‍ മാലിന്യ സംസ്‌കരണം  നടത്തുന്നത്. ഈ സാഹചര്യത്തില്‍ സോണ്ടയുമായി മുന്നോട്ട് പോവാന്‍ ആവില്ലെന്നാണ് കോഴിക്കോട് കോര്‍പ്പറേഷന്റെ നിലപാട്.

2019-ലാണ് കോഴിക്കോട് ഞെളിയന്‍ പറമ്പില്‍ മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന വ്യവസായ കോര്‍പ്പറേഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സോണ്ട ഇന്‍ഫ്രാടെകുമായി കരാര്‍ ഒപ്പുവെച്ചത്. മലബാര്‍ വേസ്റ്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചായിരുന്നു സോണ്ടയുടെ കരാര്‍. കമ്പനിയ്ക്ക് അനുമതി രേഖകള്‍ കിട്ടാന്‍ വൈകി, മഴ, കോവിഡ് തുടങ്ങിയ പ്രശ്‌നങ്ങള്‍ കാരണം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനായില്ല തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് നാല് തവണ പുതുക്കി വാങ്ങിയിരുന്നു. 80 ശതമാനം പണി പൂര്‍ത്തിയായെന്നും വീണ്ടും കരാര്‍ പുതുക്കണമെന്നും ആവശ്യപ്പെട്ട് കോര്‍പ്പറേഷനെ സമീച്ചതോടെയാണ് ഇനി കരാര്‍ പുതുക്കേണ്ടെന്ന് കോര്‍പ്പറേഷന്‍ തീരുമാനം എടുത്തത്.

Content Highlights: BREACH OF CONTRACT-Kozhikode Corporation waived Sonda in Njeliyanparamba project