കുട്ടി അബദ്ധത്തിൽ പല്ല് വിഴുങ്ങി, ചുമയും പനിയും വന്നതോടെ വിദഗ്ധ പരിശോധന; പല്ല് പുറത്തെടുത്തു

#ന്യൂസ് ഡെസ്ക്
എ.ഐ. നിർമിത ചിത്രം
എ.ഐ. നിർമിത ചിത്രം

മുണ്ടക്കയം: പല്ല് തേക്കുന്നതിനിടെ പത്തുവയസ്സുകാരൻ ഇളകിയ പല്ല് വിഴുങ്ങിയത്‌ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ശ്വാസകോശത്തിൽ കുടുങ്ങിയ പല്ല് ചേർപ്പുങ്കൽ മാർ സ്ലീവാ ആശുപത്രിയിലെ ബ്രോങ്കോസ്കോപ്പി വിദഗ്ധരാണ് പുറത്തെടുത്തത്.
മുണ്ടക്കയം സ്വദേശിയായ സ്കൂൾ വിദ്യാർഥിയുടെ പല്ലാണ് ബ്രഷ്ചെയ്യുമ്പോൾ അടർന്ന് ഉള്ളിൽപ്പോയത്. വിവരം കുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നു. ഒരാഴ്ച മുൻപായിരുന്നു സംഭവം. വയറ്റിൽ പോയെന്നാണ്‌ കരുതിയിരുന്നത്‌. രണ്ട് ദിവസത്തിനുശേഷം ചുമയും പനിയും അനുഭവപ്പെട്ടതിനെ തുടർന്നു വിദഗ്ധ പരിശോധന നടത്തിയപ്പോൾ പല്ല് ശ്വാസകോശത്തിൽ കുടുങ്ങിയതായി കണ്ടു.
മാർ സ്ലീവാ ആശുപത്രി പൾമനറി വിഭാഗം മേധാവി ഡോ.ജെയ്സി തോമസ്, അസോ. കൺസൾട്ടന്റ് ഡോ. ജെ.മിഥുൻ, അനസ്തേഷ്യോളജി വിഭാഗം കൺസൾട്ടന്റ് ഡോ.ജെയിംസ് സിറിയക് എന്നിവർ നടത്തിയ എൻഡോസ്കോപ്പി പരിശോധനയിൽ വലതു ശ്വാസകോശക്കുഴലിന്റെ ഉള്ളിലായി പല്ല് കണ്ടെത്തി. തുടർന്നാണ് ഫൈബ്രോപ്റ്റിക് ബ്രോങ്കോസ്കോപ്പി നടത്തി പല്ല് പുറത്തെടുത്ത്. അനസ്തേഷ്യോളജി വിഭാഗം കൺസൾട്ടന്റ് ഡോ.ജെയിംസ് സിറിയക്കും ചികിത്സയുടെ ഭാഗമായി. കുട്ടി വീട്ടിലേക്ക് മടങ്ങി.

Content Highlights: Child Swallows Loose Tooth While Brushing: Bronchoscopy Safely Retrieves Obstruction