ക്രിസ്ത്യൻ ഔട്ട്റീച്ച് ഏശിയില്ല; ഇനി പട്ടികജാതി, OBCക്ക് പ്രാമുഖ്യം; കാണേണ്ടവരുടെ പട്ടികയുമായി BJP

കൊല്ലം: ക്രിസ്ത്യൻ ഔട്ട്‌റീച്ച് നടത്തിയിട്ടും തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രയോജനമുണ്ടാകാത്ത പശ്ചാത്തലത്തിൽ പട്ടികജാതി, ഒബിസി ഔട്ട്റീച്ചിന് പ്രാമുഖ്യം നൽകാൻ ബിജെപി. മൂന്നിന് നടക്കുന്ന സംസ്ഥാന കോർ കമ്മിറ്റിയിൽ ഈ വിഷയം ചർച്ചയ്ക്കുവരും. കണ്ണൂരിൽ നടന്ന സംസ്ഥാന ഭാരവാഹി യോഗത്തിൽ പട്ടികജാതി, ഒബിസി ഔട്ട്റീച്ചിന് പ്രാധാന്യം നൽകണമെന്ന ആവശ്യമുയർന്നു. പട്ടികജാതി സംഘടനകൾക്കു പുറമേ ഹിന്ദു വിഭാഗങ്ങളിലെ ചെറു സമുദായ സംഘടനകളെയടക്കം സമീപിക്കാനാണ് നീക്കം.
നേരിട്ടു കാണേണ്ട പട്ടികജാതി, ഒബിസി നേതാക്കളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ പട്ടികജാതി വോട്ടുകൾ തങ്ങൾക്ക് വൻതോതിൽ കിട്ടിയെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. തെക്കൻ കേരളത്തിൽ സിപിഎം, സിപിഐ ശക്തികേന്ദ്രങ്ങളായിരുന്ന പല പട്ടികജാതി മേഖലകളിലും ബിജെപി നേട്ടമുണ്ടാക്കി. ബിജെപിയിലെത്തുന്ന പട്ടികജാതി, ഒബിസി വിഭാഗക്കാർ വിട്ടുപോകില്ലെന്നും ക്രൈസ്തവ വോട്ടുകളിലുണ്ടാകുന്നപോലെ ചാഞ്ചാട്ടമുണ്ടാകില്ലെന്നുമാണ് ഒരുവിഭാഗം നേതാക്കളുടെ വാദം.
പട്ടികജാതി ഔട്ട്റീച്ചിനായി കുമ്മനം രാജശേഖരൻ, പി. സുധീർ എന്നിവരുടെയും ഒബിസി ഔട്ട്‌റീച്ചിനായി കെ.കെ. അനീഷ് കുമാറിന്റെയും നേതൃത്വത്തിലുള്ള സമിതിയെ ബിജെപി, നേരത്തേ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ ക്രിസ്ത്യൻ ഔട്ട്റീച്ചിന് കിട്ടിയ പ്രാമുഖ്യം പട്ടികജാതി, ഒബിസി ഔട്ട്റീച്ചുകൾക്ക് ഉണ്ടായില്ല. കാര്യമായ പ്രവർത്തനങ്ങളൊന്നും നടന്നതുമില്ല.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നല്ലനിലയിൽ ക്രിസ്ത്യൻ വോട്ട് ബിജെപിക്ക് ലഭിച്ചിരുന്നു. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ പാടേ നഷ്ടമായി. പി.സി. ജോർജിന്റെ സ്വാധീനമേഖലകളിലെ ചില പഞ്ചായത്തുകളൊഴിച്ചാൽ മറ്റെങ്ങും ക്രിസ്ത്യൻ ഔട്ട്റീച്ച് ഫലം ചെയ്തില്ല. നിയമസഭാ തിരഞ്ഞെടുപ്പിലും ഈ വോട്ടിൽ വലിയ പ്രതീക്ഷ വേണ്ടെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റുചെയ്ത സംഭവത്തിൽ ബിജെപി സംസ്ഥാന നേതൃത്വം സ്വീകരിച്ച നിലപാടുമൂലം ക്രൈസ്തവവോട്ടുകൾ കിട്ടിയതുമില്ല, ഹിന്ദു വോട്ട് കുറയുകയും ചെയ്തെന്നാണ് അവരുടെ വാദം. എന്നാൽ നഷ്ടപ്പെട്ട ക്രൈസ്തവ വോട്ട്, ഭാവിയിൽ തിരികെവരുമെന്ന പ്രതീക്ഷയിലാണ് ഒരുവിഭാഗം നേതാക്കൾ.
Content Highlights: BJP's Strategic Shift: Prioritizing SC/OBC Outreach After Local Election Review